മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസ് രാജി വെച്ചു
Oct 28, 2020, 10:51 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.10.2020) ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി ഡയറക്ടര്‍ അങ്കി ദാസ് കമ്പനിയില്‍ നിന്നും രാജിവെച്ചതായി റിപോര്‍ട്ട്. ഫേസ്ബുക്കിന്റെ ബി ജെ പി അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ അങ്കി ദാസിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അങ്കി ദാസിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ചുമതലയിലിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂലമായി അങ്കി ദാസ് നിലപാടെടുത്തെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് അങ്കി ദാസിന്റെ രാജിയിലേക്ക് നയിച്ചതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഫേസ്ബുക്ക് പറഞ്ഞു.
പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങാന്‍ അവര്‍ സ്വമേധയാ രാജിവെയ്ക്കുകയായിരുന്നുവെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
'പൊതുസേവനത്തിനായി ഫേസ്ബുക്കില്‍ നിന്നും അങ്കി ദാസ് രാജിവെച്ചു. ഇന്ത്യയിലെ ഞങ്ങളുടെ ആദ്യകാല ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അങ്കി. കഴിഞ്ഞ 9 വര്‍ഷമായി കമ്പനിയുടെയും സേവനങ്ങളുടെയും വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അവര്‍ എന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ഭാഗമാണ്. കമ്പനിയ്ക്കായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരുടെ ഭാവിക്ക് ഏറ്റവും മികച്ചത് നേരുന്നു'- ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.