SC Verdict | ജീവനക്കാരനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി

 
Supreme Court Of India
Supreme Court Of India

Photo Credit: Website/ Supreme Court Of India

ബീഹാർ വൈദ്യുതി ബോർഡ് ജീവനക്കാരനായ ധർമ്മദേവ് ദാസിന് പ്രമോഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

 

ന്യൂഡൽഹി: (KVARTHA) ഒരു ജീവനക്കാരന് സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടാനുള്ള അവകാശമുണ്ടെന്നും ഇത് നിഷേധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സുപ്രീം കോടതിയുടെ സുപ്രധാന വിധി. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ജീവനക്കാരനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി നിർദേശിച്ചു.

സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടാനുള്ള അവകാശം ഒരു നിയമപരമായ അവകാശം മാത്രമല്ല, അത് മൗലികാവകാശമായി കോടതികൾ കണക്കാക്കിയിട്ടുണ്ടെന്ന്  ജസ്റ്റിസുമാരായ ഹിമാ കൊഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എന്നിരുന്നാലും, സ്ഥാനക്കയറ്റം എന്നത് ഒരു മൗലികാവകാശമല്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടാനുള്ള അവകാശം മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

പട്ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ധർമ്മദേവ് ദാസ് എന്ന അണ്ടർ സെക്രട്ടറിയെ 1997 ജൂലൈ 29 മുതൽ ജോയിന്റ് സെക്രട്ടറിയായി പ്രമോഷൻ നൽകാൻ ബീഹാർ വൈദ്യുതി ബോർഡിനോട് നിർദേശിച്ച ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. നിശ്ചിത കാലയളവ് പൂർത്തിയാക്കിയതിനാൽ 2003 മാർച്ച് 5ന് പകരം 1997 ജൂലൈ 29 മുതൽ പ്രമോഷൻ നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. 

എന്നാൽ ബോർഡ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് അപ്പീൽ സമർപ്പിക്കുകയായിരുന്നു ബീഹാർ വിഭജനത്തിന് ശേഷം ജോയിന്റ് സെക്രട്ടറി സ്ഥാനം ആറിൽ നിന്ന് മൂന്നായി കുറച്ചു എന്നായിരുന്നു  ബോർഡിന്റെ വാദം. സമയപരിധി നിബന്ധന നിർദേശപരമായ ഒന്നാണെന്നും പ്രമോഷൻ അവകാശപ്പെടാനുള്ള നിയമപരമായ അടിസ്ഥാനമായി കണക്കാക്കാൻ കഴിയില്ലെന്നും ബോർഡ് വാദിച്ചു.

ബോർഡിന്റെ വാദത്തോട് യോജിച്ച കോടതി, ഒരു ഉയർന്ന പദവിയിൽ നിയമനം ലഭിക്കാനുള്ള അവകാശം ഒരു സ്ഥിരമായ അവകാശമായി കണക്കാക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചു. ഒരു ജീവനക്കാരന് നിശ്ചിത യോഗ്യതാ സേവനം പൂർത്തിയാക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം അടുത്ത ഉയർന്ന പദവിയിലേക്കുള്ള പ്രമോഷൻ അവകാശപ്പെടാൻ കഴിയില്ല. വിധിയെ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.

പ്രമോഷനിൽ പരിഗണിക്കപ്പെടാനുള്ള അവകാശത്തെ ഒരു മൗലികാവകാശമായി ഉയർത്തിയതിനു പിന്നിലെ ആശയം തൊഴിൽ സംബന്ധമായ കാര്യങ്ങളിലും സംസ്ഥാനത്തിൻ കീഴിലുള്ള സ്ഥാനങ്ങളിലേക്കുള്ള നിയമനത്തിലും 'തുല്യ അവസരം' എന്ന തത്വത്തിൽ അധിഷ്ഠിതം ആണെന്നും  കോടതി ഊന്നിപ്പറഞ്ഞു.

പ്രമോഷനിൽ പരിഗണിക്കപ്പെടാനുള്ള അവകാശം തൊഴിലിലും നിയമനത്തിലും തുല്യ അവസരത്തിന്റെ ഭാഗമാണ്. എന്നാൽ, ഇത് നിർബന്ധിത പ്രമോഷൻ അവകാശമായി മാറില്ല. യോഗ്യതയുള്ളവരെ പരിഗണിക്കണമെന്നത് മാത്രമാണ് മൗലികാവകാശമെന്നും ബെഞ്ച് കൂട്ടിച്ചർത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia