കോണ്‍ഗ്രസിലെയും ബിജെപിയിലെയും കോടീശ്വരന്മാരായ നേതാക്കളെ മുട്ടുകുത്തിച്ച് ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി ഈ കര്‍ഷകപുത്രി; പഞ്ചാബ് തെരഞ്ഞെടുപ്പിലെ തന്റെ വിജയരഹസ്യം പങ്കുവയ്ക്കുന്നു
Mar 18, 2022, 09:08 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.03.2022) പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും കോടീശ്വരന്മാരായ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ നരീന്ദര്‍ കൗര്‍ ഭരജ് സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാണിപ്പോള്‍. കോണ്‍ഗ്രസ് മന്ത്രിയായിരുന്ന വിജയ് ഇന്ദര്‍ സിംഗ്ലയെ 36,430 വോടുകള്‍ക്കാണ് ഈ 27കാരി പരാജയപ്പെടുത്തിയത്. പഞ്ചാബ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ കൂടിയാണ് ആം ആദ്മി പാര്‍ടിക്കാരിയായ ഭരജ്.
സമ്പത്തും അനുഭവസമ്പത്തും വേണ്ടത്ര ഇല്ലാതിരുന്നിട്ടും കര്‍ഷകനായ ഗുര്‍നാം സിംഗിന്റെ മകള്‍ ജനമനസുകളില്‍ ഇടംനേടിയത് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 24,409 രൂപയുടെ ആസ്തിയുണ്ടെന്നാണ് നരീന്ദര്‍ കൗര്‍ ഭരജ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിലെ സിംഗ്ലയ്ക്ക് ഏഴ് കോടിയുടെയും ബി ജെ പിയുടെ അരവിന്ദ് ഖന്നയ്ക്ക് 27 കോടിയുടെയും ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി വിജയിത് സിംഗ് ഗോള്ഡിന് ആറ് കോടിയുടെയും ആസ്തി ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
'പ്രചാരണവേളയില്‍ എന്നെ വെല്ലുവിളിക്കുന്നവരുടെ ശക്തിയില്‍ ഭയം തോന്നിയിട്ടില്ലെന്ന് ഈ യുവ നേതാവ് പറയുന്നു. ഞാന്‍ നാമനിര്‍ദേശ പത്രിക സമര്പിക്കാന് എന്റെ അമ്മ ചരണ്‍ജിത് കൗറിനൊപ്പം സ്കൂടര്‍ ഓടിച്ചാണ് പോയത്. മാര്ച് 10 ന് ഫലം പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ ജ്യൂസ് കുടിക്കാനായി അമ്മയെ കൂട്ടി സ്കൂടറില്‍ മാര്‍കറ്റിലേക്ക് പോയി. പ്രചാരണ ദിവസങ്ങളിലെല്ലാം വിശ്വസ്ത കൂട്ടാളിയായിരുന്നു ഈ സ്കൂടര്‍. എം എല്‍ എ ആയെങ്കിലും ജീവിതത്തില്‍ ഒരു മാറ്റവും വരുത്താന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ വിഐപി സംസ്കാരം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു, അതിനാല്‍ ഞാന്‍ അതിനൊപ്പം നില്ക്കും' നരീന്ദര്‍ കൗര്‍ ഭരജ് പറഞ്ഞു.
പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും പ്രാദേശിക സംഗ്രൂര്‍ കോളജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട് ഭരജ്. 2014-ല്‍ തന്നെ ആം ആദ്മി പാര്‍ടിയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ആ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍, ഭരജ് പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ചു. അന്ന് പ്രായം 19 ആണ്. ഭഗവന്ത് മാനായിരുന്നു അന്ന് സംഗ്രൂരിലെ എഎപി സ്ഥാനാര്‍ഥി. 2018 നവംബറില്‍ എഎപിയുടെ യുവജന വിഭാഗത്തിന്റെ സംഗ്രൂര്‍ യൂനിറ്റ് പ്രസിഡന്റായി ഭരജിനെ നിയമിച്ചു.
പിതാവ് ഗുര്‍നാം സിംഗിന് സംഗ്രൂരിലെ ഭരജ് ഗ്രാമത്തില്‍ അഞ്ച് ഏകറുണ്ട്. ഭരജിന്റെ ജ്യേഷ്ഠന് 2002 ല്‍ മരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.