Sabotage | ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ അവസരോചിതമായ നീക്കം ഒഴിവാക്കിയത് വന്‍ദുരന്തം; അട്ടിമറി നീക്കമെന്ന് സംശയം
● അടുത്തിടെ വാരാണസി അഹമ്മദാബാദ് സബര്‍മതി എക്‌സ്പ്രസ് അജ്ഞാത വസ്തുവില്‍ തട്ടി പാളംതെറ്റിയിരുന്നു
● സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്ക
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ പ്രേംപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ സിലിണ്ടര്‍. ലോക്കോ പൈലറ്റിന്റെ അവസരോചിതമായ നീക്കം ഒഴിവാക്കിയത് വന്‍ദുരന്തം. ട്രാക്കില്‍ സിലിണ്ടര്‍ കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 5.50നായിരുന്നു സംഭവം.
പ്രയാഗ് രാജില്‍നിന്ന് കാന്‍പുരിലേക്കു പോകുകയായിരുന്ന ചരക്കു ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി സിലിണ്ടര്‍ മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അഞ്ചു കിലോയുടെ കാലി സിലിണ്ടറായിരുന്നുവെന്നും പരിശോധന തുടരുന്നുവെന്നും നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ വക്താവ് അറിയിച്ചു. അട്ടിമറി നീക്കം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഈ മാസം ആദ്യവും ട്രാക്കില്‍ വച്ചിരുന്ന എല്‍പിജി സിലിണ്ടറുമായി പ്രയാഗ് രാജ് ഭിവാനി കാളിന്ദി എക്‌സ്പ്രസ് കൂട്ടിയിടിച്ചിരുന്നു. സിലിണ്ടര്‍ കണ്ട് ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ചെങ്കിലും സിലിണ്ടറില്‍ തട്ടിയശേഷമാണ് ട്രെയിന്‍ നിന്നത്.
ഓഗസ്റ്റ് 17നും 22 കോച്ചുകളുള്ള വാരാണസി അഹമ്മദാബാദ് സബര്‍മതി എക്‌സ്പ്രസ് കാന്‍പുരിനു സമീപം അജ്ഞാത വസ്തുവില്‍ തട്ടി പാളംതെറ്റിയിരുന്നു. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് റെയില്‍വെ അറിയിച്ചു.
#railwayaccident #gassafety #indiarailways #railwaysafety #uttarpradesh