Discovery | കല്ലുമ്മക്കായയിൽ നിന്ന് കാൻസർ മരുന്ന്? കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ

 
Genetic Secrets of the Oyster Revealed: A Breakthrough for Cancer Research
Genetic Secrets of the Oyster Revealed: A Breakthrough for Cancer Research

Image Credit: CMFRI

● കാൻസർ ഗവേഷണത്തിന് വഴിയൊരുക്കും.
● രോഗപ്രതിരോധ ശേഷിയുള്ള കല്ലുമ്മക്കായകൾ വികസിപ്പിക്കാം.
● ജലാശയ മലിനീകരണം നിരീക്ഷിക്കാൻ ഉപയോഗപ്രദമാണ്.

കൊച്ചി: (KVARTHA) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കല്ലുമ്മക്കായയുടെ ജനിതക ഘടന പൂർണമായും വിശദമാക്കുന്നതിൽ വലിയ നേട്ടം കൈവരിച്ചു. ഈ പുതിയ കണ്ടെത്തൽ കല്ലുമ്മക്കായ കൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, കാൻസർ ഗവേഷണത്തിനും ജലാശയ മലിനീകരണം നിരീക്ഷിക്കുന്നതിനും ഈ വിവരങ്ങൾ വളരെ ഉപകാരപ്രദമാകും.

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പഠനം നടത്തിയത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഈ ഗവേഷണം. കല്ലുമ്മക്കായയുടെ വളർച്ച, പ്രത്യുൽപാദനം, രോഗപ്രതിരോധം എന്നിവയെക്കുറിച്ചുള്ള വിശദമായ ജനിതക വിവരങ്ങളാണ് ഈ പഠനത്തിലൂടെ ലഭിച്ചത്.

ജലകൃഷി രംഗത്ത് കേരളത്തിലടക്കം ഏറെ വാണിജ്യ-പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. അവയുടെ വളർച്ച, പ്രത്യുൽപാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതകവിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. രോഗപ്രതിരോധ ശേഷിയുള്ളതും ഉൽപാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉൽപാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.

സാധാരണയായി വ്യാപകമായി കാണപ്പെടുന്ന പരാദ രോഗങ്ങളാണ് നിലവിൽ കല്ലുമ്മക്കായ കൃഷിക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്. എന്നാൽ, ജീനും ജനിതകഘടനയും വിശദമായി മനസ്സിലാക്കുന്നതിലൂടെ, ഇവയെ പ്രതിരോധിക്കാൻ കഴിയുന്നെ് ഗവേഷകർ കരുതുന്നു. കാൻസറുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഉപകരിക്കുന്ന ഒരു പുതിയ മാതൃക ജീവിവർഗമായി കല്ലുമ്മക്കായയെ പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ തുറന്നിടുന്നതാണ് ഈ പഠനമെന്ന് ഡോ സന്ധ്യ സുകുമാരൻ പറഞ്ഞു. 

കാൻസറുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് വെളിച്ചം നൽകാനും പുതിയ സങ്കേതകങ്ങൾ വികസിപ്പിക്കാനും കല്ലുമ്മക്കായയുടെ ജനിതകവിവരങ്ങൾ പ്രയോജനപ്പെടും. കാൻസർ പ്രതിരോധശേഷിയുള്ളത് ഉൾപ്പെടെ കല്ലുമ്മക്കായയിലെ മൊത്തം 49,654 പ്രോട്ടീൻ കോഡിംഗ് ജീനുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കായലുകളിലും കടലിലും ജൈവനിരീക്ഷണത്തിന് ശേഷിയുള്ളതാണ് കല്ലുമ്മക്കായ. വലിയ അളവിൽ ലോഹങ്ങളും മറ്റ് പാരിസ്ഥിതിക മലിനീകരണങ്ങളും തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിവുണ്ട്. 

ഇതുമായി ബന്ധപ്പെട്ട ജീനുകളെ തിരിച്ചറിയുന്നതിലൂടെ ജലാശയ പാരിസ്ഥിതിക നിരീക്ഷണം കൂടുതൽ കൃത്യവും ഫലപ്രദവുമാകും. ജനിതകവിവരങ്ങളുടെ സഹായത്തോടെ വികസിപ്പിക്കുന്ന ജനിതക മാർക്കറുകൾ കൊണ്ട് ഇത്തരത്തിൽ മലിനീകരണങ്ങൾ മനസ്സിലാക്കാനാകുമെന്ന് സിഎംഎഫ്ആര്ഐയിലെ ഗവേഷകർ പറഞ്ഞു. വെള്ളത്തിലെ പിഎച്ച്, താപനില, ലവണാംശം തുടങ്ങിയവയോട് വളരെവേഗം പൊരുത്തപ്പെടുന്ന ജീവിയാണ് കല്ലുമ്മക്കായ. ജീനോം ഡീകോഡിംഗ് വഴി ജലമലിനീകരണവും വെള്ളത്തിലെ മാറ്റവും പെട്ടെന്ന മനസ്സിലാക്കാനുള്ള അവസരം കൈവരും.

നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് ഡാറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ഡോ എ ഗോപാലകൃഷ്ണൻ, വി ജി വൈശാഖ്, ഡോ വിൽസൺ സെബാസ്റ്റ്യൻ, ഡോ ലളിത ഹരി ധരണി, ഡോ അഖിലേഷ് പാണ്ഡെ, ഡോ അഭിഷേക് കുമാർ, ഡോ ജെ കെ ജെന എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി. നേരത്തെ, മത്തിയുടെ ജനിതകഘടനയും സിഎംഎഫ്ആർഐ കണ്ടെത്തിയിരുന്നു.

#oystergenome #cancerresearch #aquaculture #marinebiology #CMFRI #geneticengineering #environmentalmonitoring #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia