Elected | കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ഭോപ്പാല്‍: (KVARTHA) കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞദിവസം ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക് സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു.
നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു തിങ്കളാഴ്ച. മറ്റാരും പത്രികസമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
ഒമ്പത് ബിജെപി അംഗങ്ങളും എന്‍ഡിഎ ഘടകകക്ഷികളായ എന്‍സിപി, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയില്‍നിന്ന് ഒരോരുത്തരും ഒരു കോണ്‍ഗ്രസ് അംഗവുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്. ഇതോടെ രാജ്യസഭയില്‍ ബിജെപി അംഗസംഖ്യ 96 ആയി. എന്‍ഡിഎയുടെ അംഗനില 112-ലേക്ക് ഉയര്‍ന്നു. ഇതോടെ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 85 ആവും.
അസമില്‍നിന്ന് മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തേലി, ബിഹാറില്‍ നിന്ന് മനന്‍ കുമാര്‍ മിശ്ര, ഹരിയാനയില്‍ നിന്ന് കിരണ്‍ ചൗധരി, മധ്യപ്രദേശില്‍ നിന്ന് ജോര്‍ജ് കുര്യന്‍, മഹാരാഷ്ട്രയില്‍നിന്ന് ധിര്‍യ ശീല്‍ പാട്ടീല്‍, ഒഡിഷയില്‍ നിന്ന് മമത മൊഹന്ത, രാജസ്ഥാനില്‍ നിന്ന് രവ് നീത് സിങ് ബിട്ടു, ത്രിപുരയില്‍ നിന്ന് രാജീവ് ഭട്ടാചാര്യ എന്നിവരാണ് രാജ്യസഭയിലെത്തിയ മറ്റ് ബിജെപി അംഗങ്ങള്‍.
തെലങ്കാനയില്‍ നിന്ന് അഭിഷേക് മനു സിങ് വിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്‍സിപിയുടെ നിതിന്‍ പാട്ടീല്‍ മഹാരാഷ്ട്രയില്‍നിന്നും ആര്‍എല്‍എമ്മിന്റെ ഉപേന്ദ്ര കുശ് വാഹ ബിഹാറില്‍ നിന്നും രാജ്യസഭയിലെത്തും.
245 അംഗ രാജ്യസഭയില്‍ നിലവില്‍ എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജമ്മുവില്‍ നിന്നുള്ള നാല് അംഗങ്ങളുടേയും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യേണ്ട നാല് അംഗങ്ങളുടെയും ഒഴിവാണ് നിലവിലുള്ളത്.
#GeorgeKurian #RajyaSabha #MadhyaPradesh #BJP #IndianPolitics #UnopposedElection