'അത്യാവശ്യത്തിന് മാത്രം പുറത്തുപോകുക': ഉന്നാവ് ബലാത്സംഗ കേസ് പെണ്‍കുട്ടിക്ക് നിര്‍ദേശവുമായി കോടതി

 



ന്യൂഡെല്‍ഹി: (www.kvartha.com 10.08.2021) പുറത്തുപോകുന്ന വിവരം സുരക്ഷ ഓഫിസര്‍മാരെ അറിയിക്കണമെന്ന് ഉന്നാവ് കേസിലെ പെണ്‍കുട്ടിയോട് ഡെല്‍ഹി കോടതി. ഉന്നാവ് ബലാത്സംഗ കേസില്‍ വിധി വരുന്നതുവരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമേ പുറത്തുപോകാവൂവെന്നും ഇരയായ പെണ്‍കുട്ടിയോട് കോടതി നിര്‍ദേശിച്ചു. ഉന്നാവ് പെണ്‍കുട്ടി സമര്‍പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജില്ല സെഷന്‍സ് ജഡ്ജ് ധര്‍മേശ് ശര്‍മയുടെ നിര്‍ദേശം. 

പെണ്‍കുട്ടിയോ കുടുംബമോ കേസുമായി ബന്ധപ്പെട്ട് ഡെല്‍ഹിക്ക് പുറത്തുപോകുന്നുണ്ടെങ്കില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയുടെ അസിസ്റ്റന്റ് കമാന്‍ഡന്റിനെ അറിയിക്കണമെന്നും അവര്‍ സുരക്ഷ ഒരുക്കുമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തുപോകുക, കേസ് തീരുന്നതുവരെ മുന്‍കരുതല്‍ സ്വീകരിക്കണം -കോടതി പറഞ്ഞു.   

'അത്യാവശ്യത്തിന് മാത്രം പുറത്തുപോകുക': ഉന്നാവ് ബലാത്സംഗ കേസ് പെണ്‍കുട്ടിക്ക് നിര്‍ദേശവുമായി കോടതി


സുരക്ഷക്കായി ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറുന്നുവെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പെണ്‍കുട്ടിയുടെ അപേക്ഷയിലാണ് കോടതിയുടെ പ്രതികരണം.    

2017ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സെംഗാര്‍ ബലാത്സംഗത്തിനിരയാക്കിയത്. എന്നാല്‍, കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മാഹുതി ശ്രമം നടത്തിയിരുന്നു.  

സെംഗാര്‍ ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടി 2017 ജൂണില്‍ ഉന്നാവില്‍ വെച്ച് മറ്റു മൂന്നുപേരാല്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു. ഈ കേസിന്റെ വിചാരണ തീര്‍ന്നിട്ടില്ല. ഈ വര്‍ഷം ജൂലൈയില്‍ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രകിടിച്ച് പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇവരുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നില്‍ സെംഗാറിന് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.

ഉന്നാവ് ബലാത്സംഗ കേസില്‍ ബി ജെ പി നേതാവും പുറത്താക്കപ്പെട്ട എം എല്‍ എയുമായ കുല്‍ദീപ് സിങ് സെംഗാറിന് ആജീവനാന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. സുരക്ഷ കാരണങ്ങളാല്‍ കേസിന്റെ ട്രയല്‍ ഉന്നാവ് കോടതിയില്‍നിന്ന് ഡെല്‍ഹിയിലേക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരം മാറ്റിയിരുന്നു. കേസിനു ശേഷം ബലാത്സംഗ ഇരയെ 53കാരനായ സെംഗാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Keywords:  News, National, India, New Delhi, Case, Molestation, Girl, Court, 'Go Out Only When Necessary': Delhi Court to Unnao molestation Survivor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia