NEET | 'ചോദ്യപേപര്‍ പരീക്ഷയുടെ തലേദിവസം തന്നെ ചോര്‍ന്ന് കിട്ടി'; നീറ്റ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി
കേന്ദ്ര വിദ്യാഭ്യാസമന്ത്രി റിപോര്‍ട് തേടിയിട്ടുണ്ട്.
പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം.
10 ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും.
പട്‌ന: (KVARTHA) മെഡികല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപര്‍ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ചോദ്യപേപര്‍ പരീക്ഷക്ക് മുന്‍പ് തന്നെ ചോര്‍ന്ന് കിട്ടിയെന്ന് വിദ്യാര്‍ഥിയുടെ മൊഴി. അറസ്റ്റിലായ ബിഹാര്‍ സ്വദേശിയായ അനുരാഗ് യാദവാണ് (22) പൊലീസിന് മൊഴി നല്‍കിയത്. സമസ്തിപുര്‍ പൊലീസിന് നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്തായി. നീറ്റ് പരീക്ഷക്ക് നല്‍കിയ ചോദ്യപേപറുമായി പൂര്‍ണമായും സാമ്യമുള്ളതാണ് തനിക്ക് ചോര്‍ന്നുകിട്ടിയ ചോദ്യപേപറെന്ന് വിദ്യാര്‍ഥി പറഞ്ഞതായി ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു.
മേയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപര്‍ തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാര്‍ഥി നല്‍കിയിരിക്കുന്ന മൊഴി. തന്റെ ബന്ധു വഴിയാണ് മേയ് നാലിനു ചോദ്യപേപര്‍ കിട്ടിയതെന്നും വിദ്യാര്‍ഥി മൊഴിയില്‍ പറയുന്നു. ബിഹാറിലെ ധാന്‍പൂര്‍ ടൗണ്‍ കൗണ്‍സിലിലെ എന്‍ജിനീയറിന്റെ ബന്ധുവായ വിദ്യാര്‍ഥിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംഭവത്തില്‍ നാല് വിദ്യാര്‍ഥികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ ഇക്കാര്യത്തില്‍ ബിഹാര്‍ പൊലീസില്‍ നിന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി റിപോര്‍ട് തേടിയിട്ടുണ്ട്.
അതേസമയം, നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരീക്ഷാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. യുജിസി നെറ്റ് പരീക്ഷ വിവാദത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തി. ചോദ്യപേപര്‍ ചോര്‍ച്ച തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നും നീറ്റ് പരീക്ഷയില്‍ സിബിഐ അന്വേഷണം വേണമെന്നും എബിവിപി ആവശ്യപ്പെടുന്നു.
അതിനിടെ, വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വ്യാഴാഴ്ച (20.06.2024) സുപ്രീംകോടതി പരിഗണിക്കും. എസ്എഫ്‌ഐ അടക്കം നല്‍കിയ 10 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. നെറ്റ് പരീക്ഷ സാഹചര്യവും കോടതിയെ ധരിപ്പിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, എസ് വി എന്‍ ഭാട്ടി എന്നിവരങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.