Accident | ഗുജറാത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്ന് 3 മരണം
● കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിൽ ലാൻഡിംഗിനിടെയാണ് ഹെലികോപ്റ്ററിന് തീപിടിച്ചത്.
● ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
● ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗാന്ധിനഗർ: (KVARTHA) ഗുജറാത്തിലെ പോർബന്തറിൽ പരിശീലന പറക്കലിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് പേർ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിൽ ലാൻഡിംഗിനിടെയാണ് ഹെലികോപ്റ്ററിന് തീപിടിച്ചത്. രണ്ട് പൈലറ്റുമാരും ഒരു ക്രൂ അംഗവുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) എഎൽഎച്ച് ഹെലികോപ്റ്ററിന്റെ സുരക്ഷാ അപ്‌ഗ്രേഡ് പൂർത്തിയാക്കിയതിന് ശേഷമാണ് ഈ അപകടം സംഭവിച്ചത് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ സെപ്റ്റംബറിൽ പോർബന്തറിന് സമീപം അറബിക്കടലിൽ ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH Mk-III) തകർന്നു വീണിരുന്നു. ഈ സംഭവത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഫ്ലൈയിംഗ് കൺട്രോളുകളും ട്രാൻസ്മിഷൻ സിസ്റ്റവുമാണ് പ്രധാനമായും പരിശോധിച്ചത്. കോസ്റ്റ് ഗാർഡ് 16 എഎൽഎച്ചുകളാണ് പ്രവർത്തിപ്പിക്കുന്നത്. ഇത് ബംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്.
#GujaratNews, #HelicopterCrash, #CoastGuard, #TechnicalFault, #ALHMkIII, #IndianCoastGuard