ലാന്‍ഡിങ്ങിനിടെ വിമാനം തകർന്ന സംഭവം; നഷ്ടപരിഹാരമായി പൈലറ്റ് 85 കോടി നല്‍കണമെന്ന് മധ്യപ്രദേശ് സര്‍കാര്‍
Feb 8, 2022, 12:12 IST
ഭോപാല്‍: (www.kvartha.com 08.02.2022) ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നതിന് പൈലറ്റിന് 85 കോടി രൂപ പിഴ ചുമത്തി മധ്യപ്രദേശ് സര്‍കാര്‍. വിമാനത്തിന്റെ വിലയും പകരം വാടകക്കെടുത്ത വിമാനത്തിന്റെ ചിലവുമടക്കമാണ് 85 കോടിയുടെ ബില്‍ മധ്യപ്രദേശ് സര്‍കാര്‍ പൈലറ്റിന് നല്‍കിയത്.
2021 മെയ് മാസത്തില്‍ ഗോളിയോര്‍ വിമാനതാവളത്തിലാണ് അപകടമുണ്ടായത്. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുമായി അഹമ്മദാബാദില്‍നിന്ന് എത്തിയതായിരുന്നു മധ്യപ്രദേശ് സര്‍കാറിന്റെ ചെറുവിമാനം.
65 കോടിയോളം രൂപ മുടക്കി മധ്യപ്രദേശ് സര്‍കാര്‍ വാങ്ങിയ വിമാനമാണ് തകര്‍ന്നത്. വിമാനത്തിന് 60 കോടിയും പകരം മറ്റ് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത വകയില്‍ 25 കോടിയും ചേര്‍ത്ത് 85 കോടി പൈലറ്റ് നല്‍കണമെന്നാണ് സര്‍കാര്‍ ആവശ്യപ്പെടുന്നത്.
റംഡിസിവിര്‍ മരുന്നുകളുമായി പൈലറ്റ് മാജിദ് അക്തറും കോ പൈലറ്റ് ശിവ് ജയ്‌സാലും ഒരു സര്‍കാര്‍ ജീവനക്കാരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിനിടെ സന്നദ്ധതയോടെ ജോലി എടുത്തതിന് പ്രശംസ കിട്ടിയവരായിരുന്നു മൂന്ന് പേരും.
ലാന്‍ഡിങ്ങിനിടെ 'അറസ്റ്റര്‍ ബാരിയറില്‍' കുരുങ്ങിയ വിമാനത്തിന് കാര്യമായ കേടുപാടുകള്‍ പറ്റിയിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, അവിടെ അറസ്റ്റ് ബാരിയര്‍ ഉണ്ടായിരുന്ന വിവരം നല്‍കിയിരുന്നില്ലെന്നാണ് പൈലറ്റ് മാജിദ് അക്തര്‍ പറയുന്നത്.
അപകടം നടന്നയുടനെ പൈലറ്റിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപകടത്തിന് ശേഷം ലൈസന്‍സ് സാധുവായി നിലനിര്‍ത്തുന്നതില്‍ പൈലറ്റ് പരാജയപ്പെട്ടുവെന്നും മധ്യപ്രദേശ് സര്‍കാര്‍ മാജിദ് അക്തറിന് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താനുള്ള ഇന്‍ഷുറന്‍സും എടുത്തിരുന്നില്ലെന്നും ആവശ്യമായ ഇന്‍ഷുറന്‍സ് ഇല്ലാതെ വിമാനം പറത്താന്‍ അനുമതി നല്‍കിയത് എന്തിനായിരുന്നുവെന്നും മാജിദ് അക്തര്‍ ചോദിക്കുന്നു. സര്‍കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത് ഒരു സാധാരണ നടപടി മാത്രമാണെന്നും നിരവധി പേരുടെ ലൈസന്‍സ് ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടാറുണ്ടെന്നും പിന്നീട് സസ്‌പെന്‍ഷന്‍ ഒഴിവാക്കുമെന്നും മാജിദ് അക്തര്‍ പറയുന്നു.
മാത്രമല്ല, സംഭവത്തെ കുറിച്ച് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നടത്തുന്ന അന്വേഷണം അവസാനിച്ചിട്ടില്ല. ഡിജിസിഎ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്നെ തന്നെ കുറ്റക്കാരനാക്കരുതെന്നാണ് പൈലറ്റ് മാജിദ് ആവശ്യപ്പെടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.