ഹിന്ദുത്വ സംഘടനയുടെ ആക്രമണത്തിന് പിന്നാലെ പഴക്കച്ചവടക്കാരന് 10,000 രൂപ നഷ്ടപരിഹാര വാഗ്ദാനവുമായി കർണാടക മുൻ മുഖ്യമന്ത്രി

 


ബെംഗ്ളുറു: (www.kvartha.com 10.04.2022) കർണാടകയിലെ ധാർവാർഡ് ജില്ലയിൽ പഴക്കച്ചവടക്കാരനായ നബീസാബ് കില്ലേദാറിന്റെ ഉന്തുവണ്ടി ആക്രമിക്കുകയും തണ്ണിമത്തനുകൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിന് പിന്നാലെ, ജനതാദൾ (സെകുലർ) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി അദ്ദേഹത്തിന് നഷ്ടപരിഹാരമായി 10,000 രൂപ വാഗ്ദാനം ചെയ്തു. തുടർന്ന് പാർടി അനുഭാവികൾ പണം നബീസാബിന് കൈമാറി. ആദ്യം പണം കൈപ്പറ്റാൻ മടിച്ചെങ്കിലും പ്രവർത്തകർ നിർബന്ധിക്കുകയിരുന്നു.
  
ഹിന്ദുത്വ സംഘടനയുടെ ആക്രമണത്തിന് പിന്നാലെ പഴക്കച്ചവടക്കാരന് 10,000 രൂപ നഷ്ടപരിഹാര വാഗ്ദാനവുമായി കർണാടക മുൻ മുഖ്യമന്ത്രി

ശനിയാഴ്ച നടന്ന ആക്രമണത്തിൽ മുസ്ലീം കച്ചവടക്കാർ നടത്തുന്ന ഉന്തുവണ്ടികൾ ശ്രീരാം സേന പ്രവർത്തകർ തകർത്തതായാണ് പരാതി. കാവി ഷാളുകൾ ധരിച്ച ശ്രീരാം സേനാംഗങ്ങൾ ശ്രീ നുഗ്ഗിക്കേരി ഹനുമന്ത ക്ഷേത്രത്തിന് സമീപം മുസ്ലീങ്ങളുടെ നാല് ഉന്തുവണ്ടികളെങ്കിലും നശിപ്പിച്ചതായും നൂറുകണക്കിന് തണ്ണിമത്തനും തേങ്ങകളും ഇവർ റോഡിലേക്ക് വലിച്ചെറിഞ്ഞതായും വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. ക്ഷേത്രങ്ങൾക്ക് സമീപം മുസ്ലീം കച്ചവടക്കാരെ അനുവദിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ വലിയ തോതിൽ പ്രചാരണം നടത്തുന്നതിനിടെയാണ് പുതിയ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

'ഏകദേശം 8-10 പേർ വന്നു, ഞാൻ ഒറ്റയ്ക്കായിരുന്നു. അവർ ശരിയായി സംസാരിക്കുക പോലും ചെയ്തില്ല, അവർ കട മുഴുവൻ നശിപ്പിച്ചു. ഞാൻ ആറ് ക്വിന്റൽ തണ്ണിമത്തൻ വാങ്ങിയിരുന്നു, ഒരു ക്വിന്റൽ മാത്രമാണ് വിറ്റത്. കഴിഞ്ഞ 15 വർഷമായി ഈ ക്ഷേത്രത്തിന് മുന്നിൽ കച്ചവടം ചെയ്യുന്നു, ഒരിക്കലും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല', നബീസാബ് മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്രത്തിന് മുന്നിലെ മുസ്ലീം വ്യാപാരികളെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വലതുപക്ഷ പ്രവർത്തകർ കഴിഞ്ഞയാഴ്ച പ്രതിഷേധിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സമീപത്ത് പൊലീസ് ഉണ്ടായിരുന്നെങ്കിലും പ്രവർത്തകർ ബഹളം വെച്ചതിനാൽ ഇടപെടില്ലെന്ന് ഒരു നാട്ടുകാരൻ ആരോപിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ധാർവാർഡ് പൊലീസ് സൂപ്രണ്ട് കൃഷ്ണകാന്ത് അറിയിച്ചു.

പഴങ്ങളും പച്ചക്കറികളും പൂക്കളും പൂജാസാധനങ്ങളും വിൽക്കാൻ പാവപ്പെട്ട കച്ചവടക്കാരെ അനുവദിച്ചിരുന്നതായി ക്ഷേത്രം ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. 'ഇവിടെയുള്ളവരിൽ 99 ശതമാനവും ഹിന്ദുക്കളാണ്. ഞങ്ങൾ ശ്രീരാംസേന സമർപിച്ച നിവേദനം പരിശോധിച്ച് ഒരു തീരുമാനമെടുക്കാൻ പോകുകയായിരുന്നു, പക്ഷേ അതിനുമുമ്പ് അവർ കടന്നുകയറി കുഴപ്പമുണ്ടാക്കി', കമിറ്റി ഭാരവാഹികളിലൊരാൾ പറഞ്ഞു.

എച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം സംഭവത്തെ അപലപിക്കുകയും പ്രവർത്തകർക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 'ജമ്മു കശ്മീരിലെ ജനങ്ങളെ കൊല്ലുന്ന തീവ്രവാദികളും നശീകരണ പ്രവർത്തനങ്ങൾ നടത്തി പാവപ്പെട്ടവരുടെ ഉപജീവനമാർഗം കവർന്നെടുക്കുന്ന ഇവരും തമ്മിൽ എന്താണ് വ്യത്യാസം. അത് ചെയ്തവർ മനുഷ്യരോ ഹിന്ദുക്കളോ അല്ല', അദ്ദേഹം പറഞ്ഞു.

Keywords:   H D Kumaraswamy offered Rs 10,000 to fruit vendor, Karnataka, National, Bangalore, News, Top-Headlines, Ex-minister, Fruits, Temple, Case, Jammu Kashmir.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia