Ashok Gehlot Visits | ഉദയ്പൂരില്‍ കൊലചെയ്യപ്പെട്ട തയ്യല്ക്കാരന് കനയ്യ ലാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്; 51 ലക്ഷത്തിന്റെ ചെക് കൈമാറി; പ്രതികളെ തൂക്കിലേറ്റണമെന്ന് മകന്
Jun 30, 2022, 18:22 IST
ജയ്പൂര്‍: (www.kvartha.com) സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസ്താനിലെ ഉദയ്പൂരില്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊലചെയ്യപ്പെട്ട തയ്യല്ക്കാരന് കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോടും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. നഷ്ടപരിഹാരത്തുകയായി 51 ലക്ഷം രൂപയുടെ ചെക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി.
കോണ്‍ഗ്രസ് എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒരു മാസത്തിനുള്ളില്‍ എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് അഭ്യര്‍ഥിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി 'രാജസ്താനെ മാത്രമല്ല, രാജ്യത്തെയാകെ പിടിച്ചുകുലുക്കിയൊരു ഹീനമായ കൊലപാതകമാണിതെന്നും പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കനയ്യ ലാലിന്റെ മകന് കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 'പ്രതികളെ തൂക്കിലേറ്റണം. ജോലിയില്‍ വീഴ്ച വരുത്തിയതിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. പ്രതികള്‍ 45 ദിവസം പാകിസ്താനിലെ കറാച്ചിയില്‍ താമസിച്ചിട്ടുണ്ട്. അവിടെ അവര്‍ക്കു ബന്ധങ്ങളുണ്ട് എന്നും' കനയ്യ ലാലിന്റെ മകന് പറഞ്ഞു.
വസ്ത്രം തയ്ക്കാനെത്തിയവരെന്ന വ്യാജേന കടയില്‍ കയറിയ അക്രമികള്‍ കനയ്യയുടെ കഴുത്തറുക്കുകയായിരുന്നു. കനയ്യയുടെ ശരീരത്തില്‍ 26 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ടത്തില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഉദയ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
Keywords: 'Hang Accused': Udaipur Tailor's Family After Meeting Ashok Gehlot, Jaipur, Rajasthan, News, Trending, Politics, Chief Minister, Family, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.