Bhole Baba | ഹാഥ്‌റസ് ദുരന്തം; ആള്‍ദൈവം ഭോലെ ബാബയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
എഫ്‌ഐആറില്‍ ഭോലെ ബാബയുടെ പേര് ചേര്‍ക്കാത്തതിനെതിരെ പ്രതിഷേധം ശക്തം.
പരിപാടിയുടെ മുഖ്യസംഘാടകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്നൗ: (KVARTHA) തിക്കും തിരക്കും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 121 പേര്‍ക്ക് ജീവന്‍ നഷ്ടമായ ഹാഥ്‌റസ് ദുരന്തത്തില്‍ (Hathras Stampede) ആള്‍ദൈവം ഭോലെ ബാബ(Bhole Baba)യ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഉത്തര്‍പ്രദേശിന് പുറമേ രാജസ്താന്‍, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് വിശ്വാസികളാണ് സൂരജ് പാല്‍ എന്ന ഭോലെ ബാബയ്ക്കുള്ളത്. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ രാജ്യംവിടാനുള്ള സാധ്യതകളും പൊലീസ് മുന്നില്‍കാണുന്നുണ്ട്.
അപകടത്തിന് പിന്നാലെയാണ് ആള്‍ദൈവം ഭോലെ ബാബ ഒളിവില്‍ പോകുന്നത്. അംഗരക്ഷകരുടെ അകമ്പടിയോടെ വാഹനവ്യൂഹം നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ ഭോലെ ബാബ നേപാളില്‍ എത്തിയെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പരിപാടിയുടെ മുഖ്യസംഘാടകന്‍ ദേവപ്രകാശിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
എഫ് ഐ ആറില്‍ ഭോലെ ബാബയുടെ പേര് ചേര്‍ക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. അപകടത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ആത്മീയാചാര്യനെതിരെ കേസ് നടപടികള്‍ ഇല്ലാത്തതിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഭോലേ ബാബയുടെ രാഷ്ട്രീയ സ്വാധീനമാണ് എഫ്‌ഐആറില്‍ ലഘുവായ വകുപ്പുകള്‍ ചുമത്താന്‍ കാരണമെന്ന വിമര്‍ശനവും ശക്തമാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ടിയും യോഗി സര്‍കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പ്രാര്‍ഥനാസമ്മേളനത്തിനിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹാഥ്‌റസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഖിലേഷ് യാദവും അപകടത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് ദേശീയ സംഘടനാ ജെനറല്‍ സെക്രടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.