ഹോളി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിനും മറ്റൊരു മകനും പരിക്ക്
Mar 20, 2022, 14:02 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.03.2022) ഹോളി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സൗത് ഡെല്‍ഹിയിലെ ബാരാപ്പുല ഫ്‌ളൈ ഓവറിലാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ചിരുന്ന ഓടോറിക്ഷയില്‍ കാര്‍ ഇടിച്ചാണ് അപകടം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അപകടത്തില്‍ 13 വയസ്സുള്ള ആണ്‍കുട്ടിയും അമ്മയുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കുടുംബാംഗങ്ങള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റതായും സംഭവത്തില്‍ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഓടോയിലുണ്ടായിരുന്ന ഡ്രൈവര്‍ വഖാർ ആലം (25), ജനക് ജനാര്‍ദന്‍ (45), ഭാര്യ ഗീത, ഇവരുടെ മക്കളായ കാര്‍ത്തിക് (18), കരണ്‍ (13) എന്നിവരെ തിരിച്ചറിഞ്ഞു. ഗീതയും കരണുമാണ് മരിച്ചത്.
ബാബാ ബന്ദ സിംഗ് ബഹാദൂര്‍ മേല്‍പാലത്തില്‍ ശനിയാഴ്ച രാത്രി 8.50 മണിയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹോളി ആഘോഷങ്ങള്‍ കഴിഞ്ഞ് കുടുംബം ഓടോയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ടാറ്റ നെക്‌സോണ്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
മറ്റൊരു വാഹനത്തിലും കാര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ജനാര്‍ദന്റെ കുടുംബത്തെയും ആലമിനെയും എയിംസ് ട്രോമ സെന്ററിലേക്കും സമീപത്തെ മറ്റ് ആശുപത്രികളിലേക്കും മാറ്റിയതായി തെക്കുകിഴക്കന്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കരണ്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍, നോയിഡ സെക്ടര്‍ 78ല്‍ താമസിക്കുന്ന മുകുള്‍ തോമര്‍ (21) എന്നയാളെ അറസ്റ്റ് ചെയ്തതായി ഡിസിപി സൗത് ഈസ്റ്റ് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. 'ഇയാള്‍ രണ്ട് സുഹൃത്തുക്കളുമായി ദ്വാരകയില്‍ നിന്ന് നോയിഡയിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ബാരാപുല്ല ഫ്‌ളൈ ഓവറിന് നടുവിലെത്തിയപ്പോള്‍ കാര്‍ ഒരു ഓടോയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു,' എന്നും ഡിസിപി പറഞ്ഞു.
കുടുംബം വെള്ളിയാഴ്ച രാവിലെ മാളവ്യ നഗറിലെ ബന്ധുവിന്റെ വീട്ടില്‍ ഹോളി ആഘോഷിക്കാന്‍ പോയതായിരുന്നുവെന്ന് ഗീതയുടെ സഹോദരന്‍ സുനില്‍ ഭട് പറഞ്ഞു. അപകടത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഗീത, ഹോളി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സാരമായ പരിക്കുകളൊന്നുമില്ലാതിരുന്ന ജനാര്‍ദനെ ശനിയാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയ്തു.
'ശനിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് അപകടവിവരം തങ്ങളെ
അറിയിച്ചത്. കരണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഞങ്ങളോട് പറഞ്ഞു, ആശുപത്രിയില്‍ എത്തിച്ചതിന് തൊട്ടുപിന്നാലെ ഗീതയും മരിച്ചു.
ഓടോറിക്ഷ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' എന്നും ഗീതയുടെ സഹോദരന്‍ സുനില്‍ പറഞ്ഞു. പരിക്കേറ്റ മറ്റൊരു മകന്‍ കാര്‍ത്തിക് എയിംസില്‍ ചികിത്സയിലാണ്. കഴുത്തിന് ഒടിവുണ്ട്, അപകടനില തരണം ചെയ്തെങ്കിലും രണ്ട് ദിവസം നിരീക്ഷണത്തില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും സുനില്‍ വ്യക്തമാക്കി.
മരിച്ച കരണ്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും, കാര്‍ത്തിക് പ്രീത് വിഹാറിലെ ഒരു സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ജനാര്‍ദന്‍ നോയിഡയില്‍ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു, ഗീത വീട്ടമ്മയായിരുന്നു. 20 വര്‍ഷത്തോളമായി ഡെല്‍ഹിയില്‍ താമസിച്ചു വരികയായിരുന്ന ജനാര്‍ദനും കുടുംബം ഉത്തരാഖണ്ഡിലെ പിതോരഗഡ് സ്വദേശികളാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.