Heart attack | കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളിൽ വൻ വർധനവ്; ട്വിറ്ററിൽ ട്രെൻഡ്; ആരോഗ്യം കാക്കാൻ വിദഗ്ധർ പറയുന്നത് ഇങ്ങനെ
ന്യൂഡെൽഹി: (www.kvartha.com) കോവിഡ് മഹാമാരിക്ക് ശേഷം ഹൃദയാഘാത മരണങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എല്ലാ പ്രായക്കാർക്കിടയിലും പെട്ടെന്നുള്ള ഹൃദയാഘാതം, മറ്റ് ഹൃദയസംബന്ധമായ സങ്കീർണതകൾ എന്നിവയുടെ കേസുകൾ രാജ്യത്ത് പെട്ടെന്ന് വർധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യമുള്ളവരെന്ന് കരുതുന്നവർ പോലും തെരുവിലൂടെ നടക്കുമ്പോഴും നൃത്തവേദിയിലും ഇരിക്കുമ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ മരിക്കുന്നു. #heartattack എന്ന ഹാഷ്ടാഗ് കഴിഞ്ഞ മൂന്ന് ദിവസമായി ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നു. വലിയ ചർച്ചയാണ് ഇതുസംബന്ധിച്ച് നടക്കുന്നത്.
കേസുകളിൽ ഇത്രയും വലിയ കുതിച്ചുചാട്ടത്തിന് പിന്നിലെ കാരണം എന്താണ്? സാധ്യമായ കാരണങ്ങളിലൊന്ന് കോവിഡിന് ശേഷമുള്ള സങ്കീർണതകളോ നീണ്ട കോവിഡോ ആയിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ കോവിഡ് മൂലമാണോ എന്ന് തെളിയിക്കാൻ നിലവിൽ പ്രത്യേക വിവരങ്ങൾ ഒന്നുമില്ലെന്ന് വൈശാലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി ഡയറക്ടർ ഡോ. സമീർ കുബ്ബ പറഞ്ഞു. എന്നാൽ ഈ പ്രതിഭാസം കോവിഡിന് ശേഷം വർധിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ദീർഘകാല കോവിഡ് അനന്തരഫലങ്ങളും കാരണമായേക്കാമെന്നും ഡോ. കുബ്ബ കൂട്ടിച്ചേർത്തു.
പാശ്ചാത്യരെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഭക്ഷണ ശീലങ്ങൾ, പ്രമേഹം, ജനിതക ഘടകങ്ങൾ, വർധിച്ചുവരുന്ന അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയും, പുകവലി തുടങ്ങിയവയും ഇതിന് കാരണമാണ്. പെട്ടെന്നുള്ള മരണങ്ങളിൽ ഭൂരിഭാഗവും ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്. എന്നാൽ എല്ലാ മരണവും ഹൃദയാഘാതം മൂലമല്ല.
എന്താണ് ഹൃദായാഘാതം, എങ്ങനെ പ്രതിരോധിക്കാം?
ഹൃദയാഘാതത്തെ മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നും വിളിക്കുന്നു. ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതാണ് കാരണം. ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്.
ഹൃദയ രോഗങ്ങൾ ഉണ്ടാകുമ്പോൾ ചില ലക്ഷണങ്ങൾ കണ്ടുവരുന്നു, ഇത് നേരത്തെ മനസിലാക്കിയാൽ ഹൃദയത്തെ കൂടുതൽ തകരാറുകളിൽ നിന്ന് രക്ഷിക്കാനും രോഗിയുടെ ജീവൻ രക്ഷിക്കാനും കഴിയും. ഹൃദയാഘാതത്തിന്റെ മിക്ക കേസുകളിലും, നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ അസ്വസ്ഥത അനുഭവപ്പെടുന്നു. ഈ അസ്വാസ്ഥ്യം കുറച്ച് മിനിറ്റുകളോളം ഉണ്ടാകാം, കുറച്ച് സമയം നിന്നതിന് ശേഷം, പ്രശ്നം വീണ്ടും അനുഭവപ്പെടും.
ശ്വാസം മുട്ടൽ, ബലഹീനത, തലകറക്കം, ബോധക്ഷയം എന്നിവ സംഭവിക്കാം. വിയർപ്പും വരാം. താടിയെല്ലിലും കഴുത്തിലും പുറകിലും വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം. അസാധാരണവും വിശദീകരിക്കാനാകാത്തതുമായ ക്ഷീണം, ഓക്കാനം അല്ലെങ്കിൽ ഛർദി എന്നിവ ഹൃദയാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ സാധാരണയായി സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
അപകട ഘടകങ്ങൾ
ജീവിതശൈലി, പ്രായം, കുടുംബ ചരിത്രം എന്നിവയും ഹൃദയ രോഗങ്ങൾക്കും ഹൃദയാഘാതത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു. അമിത രക്തസമ്മർദം, അമിത കൊളസ്ട്രോൾ, പുകവലി എന്നിവയാണ് മൂന്ന് പ്രധാന അപകട ഘടകങ്ങൾ. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ അപകടസാധ്യത നിയന്ത്രിക്കാൻ കഴിയും, എന്നാൽ ചില അപകട ഘടകങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല. ഇതിൽ നിങ്ങളുടെ പ്രായവും കുടുംബ ചരിത്രവും ഉൾപെടുന്നു. പ്രായം കൂടുന്നതിനനുസരിച്ച്, ഹൃദയാഘാത സാധ്യതയും വർധിക്കുന്നു. കുടുംബത്തിൽ ആർക്കെങ്കിലും മുമ്പ് ഹൃദയാഘാതമോ ഏതെങ്കിലും ഹൃദ്രോഗമോ ഉണ്ടായിട്ടുണ്ടെങ്കിൽ അപകടസാധ്യതയുണ്ട്. എന്നിരുന്നാലും, സ്വയം നിയന്ത്രിച്ചും ജീവിതശൈലിയിൽ മാറ്റം വരുത്തിയും അപകടസാധ്യത ഒരു പരിധിവരെ കുറയ്ക്കാം.
Keywords: #Heartattack trends on Twitter: What's the reason for this sudden alarming rise?, Top-Headlines,Latest-News,News,National,New Delhi,COVID19,Twitter,Health,Alerts.