പുതുച്ചേരി ഉള്‍പെടെയുള്ള 117 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു: കനത്ത പോളിംഗ്

 


ഡെല്‍ഹി:  (www.kvartha.com 24.04.2014)  ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഉള്‍പെടെയുള്ള 117 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വ്യാഴാഴ്ച ആരംഭിച്ചു.  തമിഴ്‌നാട്ടിലെ 39 സീറ്റിലും ഒറ്റ ഘട്ടമായാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ഡിഎംകെ നേതാവ് ടി.ആര്‍.ബാലു, മുന്‍മന്ത്രി ദയാനിധി മാരന്‍, 2ജി സ്‌പെക്ട്രം കേസില്‍ പ്രതിയായ മുന്‍മന്ത്രി എ.രാജ തുടങ്ങിയവര്‍ തമിഴ്‌നാട്ടില്‍ നിന്നും മത്സരിക്കുന്ന  പ്രമുഖരില്‍ പെടുന്നു.  ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, കൂടംകുളം സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.  കനത്ത പോളിംഗാണ് ഇവിടെ രാവിലെ മുതല്‍ രേഖപ്പെടുത്തിയത്.

30 ശതമാനം പേര്‍ ഇതിനോടകം തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കരുണാനിധിയുടെ ഡിഎംകെയും ജയലളിതയുടെ എ ഐ എ ഡി എം കെയും തമ്മിലാണ് തമിഴ്‌നാട്ടില്‍ പ്രധാനമായും മത്സരം. ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടാതെയാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ഇത്തവണ പോരിനിറങ്ങുന്നത്. ബിജെപി ചെറുപാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്.

തമിഴ്‌നാടിനെ കൂടാതെ  അസം (ആറ്), ബീഹാര്‍ (ഏഴ്), ഛത്തിസ്ഗഢ് (ഏഴ്), ജമ്മുകശ്മീര്‍ (ഒന്ന്), ഝാര്‍ഖണ്ഡ് (നാല്), മധ്യപ്രദേശ് (10), മഹാരാഷ്ട്ര (19), രാജസ്ഥാന്‍ (അഞ്ച്), തമിഴ്‌നാട് (39), പോണ്ടിച്ചേരി (ഒന്ന്), ഉത്തര്‍പ്രദേശ് (12), ബംഗാള്‍ (ആറ്) എന്നിവിടങ്ങളിലും ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്.  ഇതുവരെ നടന്ന  അഞ്ചു ഘട്ടങ്ങളിലും മികച്ച പോളിങ്ങാണ് നടന്നത്.

പുതുച്ചേരിയില്‍  കേന്ദ്രമന്ത്രി നാരായണ സ്വാമി  മത്സരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ 12 സീറ്റിലും ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മണ്ഡലമായ പുതുച്ചേരി, അമര്‍സിങ് മത്സരിക്കുന്ന ഫത്തേപൂര്‍ സിക്രി, ഹേമമാലിനി മത്സരിക്കുന്ന മഥുര,വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, യു.പി മുഖ്യമന്ത്രി അഖിലേഷിന്റെ ഭാര്യ ഡിംപ്ള്‍ തുടങ്ങിയ പ്രമുഖരാണ് ആറാംഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജനവിധി തേടുന്നത്.

പത്തു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ പ്രമുഖ സ്ഥാനാര്‍ത്ഥി പ്രതിപക്ഷ നേതാവ് സുഷമ സ്വരാജാണ്. സിറ്റിങ് സീറ്റായ വിദിശയിലാണ് സുഷമ മത്സരിക്കുന്നത്.  പ്രിയാ ദത്ത്, സഞ്ജയ് നിരുപം, മിലിന്ദ് ദിയോറ, ഛഗന്‍ഭുജ്ബല്‍, പൂനം മഹാജന്‍, മേധ പട്കര്‍, മീര സന്യാല്‍ എന്നിവരും വ്യാഴാഴ്ച ജനവിധി തേടുന്നവരില്‍പെടുന്നു. 19 മണ്ഡലങ്ങളിലാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുന്നത്.  പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഭാര്യ ഗുരുചരണ്‍ കൗറും ഡിസ്പൂര്‍ സ്‌കൂളില്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി.

പശ്ചിമ ബംഗാളില്‍ ആറു സീറ്റില്‍ വോട്ടെടുപ്പ് നടക്കുന്നു. ബംഗാളിലെ റായ്ഗഞ്ചാണ് വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന പ്രധാന മണ്ഡലം. കേന്ദ്രമന്ത്രി ദീപാദാസ് മുന്‍ഷിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം മുഹമ്മദ് സലീമുമാണ് ഇവിടെ നിന്നും മത്സരിക്കുന്നത്.

പുതുച്ചേരി ഉള്‍പെടെയുള്ള  117 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു: കനത്ത പോളിംഗ്

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി  ജംഗിപ്പൂരില്‍ നിന്നും ജനവിധി
തേടുന്നു. രാജസ്ഥാനില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സവായ് മധോപ്പൂരും, കേന്ദ്ര കായികമന്ത്രി ജിതേന്ദ്ര സിങ് ആള്‍വാറിലും ജനവിധി തേടുന്നു. രാജസ്ഥാനിലെ അഞ്ച് മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  High stakes in Tamil Nadu, UP as round 6 of polling begins, New Delhi, Lok Sabha, Election-2014, P. Chithambaram, Congress, BJP, West Bengal, Jayalalitha, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia