Bijoe Emmanuel case | ഹിജാബ് വിധിക്കിടെ 1986 ലെ കേരളത്തിലെ കേസ് ഉദ്ധരിച്ച് ജസ്റ്റിസ് ധൂലിയ; ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ മക്കളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ഒരു പിതാവ് ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തിയ ആ കേസിങ്ങനെ

 


ന്യൂഡെല്‍ഹി: (www.kvartha.com) കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ സുപ്രീം കോടതിയുടെ ഭിന്ന വിധിക്കിടെ, ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ മൂന്ന് മക്കളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ഒരു പിതാവ് ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തിയ 1985 ലെ കേരളത്തിലെ ബിജോയ് ഇമ്മാനുവല്‍ കേസ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പരാമര്‍ശിച്ചു.
                 
Bijoe Emmanuel case | ഹിജാബ് വിധിക്കിടെ 1986 ലെ കേരളത്തിലെ കേസ് ഉദ്ധരിച്ച് ജസ്റ്റിസ് ധൂലിയ; ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ മക്കളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ഒരു പിതാവ് ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തിയ ആ കേസിങ്ങനെ

'ബിജോയ് ഇമ്മാനുവലിന്റെ കാര്യത്തില്‍ സുപ്രീം കോടതി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ ഈ പ്രശ്നത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും കൂടുതല്‍ മനസിലുണ്ടായിരുന്നത്. പ്രാഥമികമായി ഗ്രാമീണ, അര്‍ധ ഗ്രാമീണ മേഖലകളിലെ ഒരു പെണ്‍കുട്ടിക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പൊതുവായ അറിവായിരുന്നു, അവര്‍ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് ദൈനംദിന ജോലികള്‍ ചെയ്യണം. വേറെയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. നമ്മള്‍ അവളുടെ ജീവിതം മെച്ചപ്പെടുത്തുകയാണോ? അതും എന്റെ മനസില്‍ ഒരു ചോദ്യമായിരുന്നു', വിധി പറയുമ്പോള്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പറഞ്ഞു,.

എന്താണ് 1985-ലെ ബിജോ ഇമ്മാനുവല്‍ കേസ്?

കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് മൂന്ന് മക്കളെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോട്ടയം കൂടല്ലൂര്‍ സ്വദേശിയായ ബിജോയ് ഇമ്മാനുവലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇമ്മാനുവലും ഭാര്യയും ഏഴു മക്കളും ക്രിസ്ത്യന്‍ മതത്തിലെ അന്തര്‍ദേശീയ വിഭാഗമായ 'യഹോവ സാക്ഷികള്‍' ആയിരുന്നു. കോട്ടയത്തെ കെഇ കോളജില്‍ ഇന്‍ഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം 1967-ല്‍ ലില്ലിക്കുട്ടിയെ വിവാഹം കഴിച്ച ശേഷം കൂടല്ലൂരിലേക്ക് താമസം മാറ്റി. 1974-ലാണ് അദ്ദേഹത്തിന്റെ കുടുംബം മുഴുവനും 'യഹോവയുടെ സാക്ഷികളെ' പിന്തുടരാന്‍ തുടങ്ങിയത്.

ഇവര്‍ നിയമം അനുസരിക്കുന്നവരാണെങ്കിലും ചില നിയമങ്ങള്‍ പാലിക്കാന്‍ ഇവരുടെ വിശ്വാസം അനുവദിക്കുന്നില്ല. അവര്‍ ഒരു രാജ്യത്തിന്റെയും പതാകയെ വന്ദിക്കുന്നില്ല, സൈനിക സേവനം ചെയ്യാന്‍ വിസമ്മതിക്കുന്നു, മാത്രമല്ല തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുമില്ല. 1985 ജുലൈ 26-ന് കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം ചൊല്ലിയപ്പോള്‍ കൂടെ ചൊല്ലിയില്ല എന്നതിന്റെ പേരില്‍ ബിജോയ്, സഹോദരിമാരായ ബിനു, ബിന്ദു എന്നീ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇതായിരുന്നു കേസിന്റെ തുടക്കം. അന്നത്തെ കോണ്‍ഗ്രസ് (എസ്) എംഎല്‍എയായിരുന്ന വിസി കബീര്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചതോടെ വിഷയം വിവാദമായി.

മുഖ്യമന്ത്രി കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍കാര്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ അവരുടെ ഭാഗത്ത് നിന്ന് അനാദരവ് ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും സ്‌കൂളില്‍ പഠനം തുടരാന്‍ കുട്ടികള്‍ ദേശീയ ഗാനം ആലപിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഊന്നിപ്പറഞ്ഞു. മതവിശ്വാസ പ്രകാരം ദൈവത്തെയല്ലാതെ മറ്റാരെയും ആരാധിക്കരുത്, ദേശീയ ഗാനം ഒരു പ്രാര്‍ത്ഥനയാണെന്നും ആയതിനാല്‍ അത് കൂടെ ചൊല്ലുന്നതില്‍ നിന്നും ഒഴിവാക്കണം എന്നുമായിരുന്നു വിശ്വാസികളുടെ ആവശ്യം. എഴുന്നേറ്റ് നിന്ന് ആദരവ് കാണിച്ചു കൊള്ളാമെന്നും കുട്ടികളുടെ അച്ഛനായ പ്രൊഫ. ഇമ്മാനുവല്‍ പറഞ്ഞെങ്കിലും സസ്‌പെന്‍ഷന്‍ തുടരുകയായിരുന്നു.

തുടര്‍ന്ന് ഇമ്മാനുവല്‍ കേരള ഹൈകോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അവരുടെ നടപടിയില്‍ അനാദരവ് കണ്ടെത്തി. പിന്നീട് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ശരിവച്ചു. എന്നാല്‍ 1985ല്‍ ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 1986 ഓഗസ്റ്റ് 11 ന് ജസ്റ്റിസ് ഒ ചിന്നപ്പ റെഡ്ഡി, യഹോവയുടെ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയഗാനം പാടാതെ സ്‌കൂളില്‍ പഠിക്കാനുള്ള സജ്ജീകരണങ്ങള്‍ സര്‍കാര്‍ നടത്തണമെന്ന് അന്തിമ വിധി പുറപ്പെടുവിച്ചു.

'യഹോവ സാക്ഷികളുടെ മത വിശ്വാസ രീതികള്‍ ആശ്ചര്യം തോന്നുന്നവയാകാം. എന്നാല്‍ അവര്‍ അവരുടെ മതവിശ്വാസത്തോട് കാണിക്കുന്ന വിശ്വസ്യതയെ ചോദ്യം ചെയ്യാനാകാത്തതാണ്. എല്ലാ ഇന്‍ഡ്യന്‍ പൗരനും ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ബഹുമാനിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. ദേശീയ ഗാനത്തിനൊപ്പം എഴുന്നേറ്റ് നില്‍ക്കാതിരുന്നാല്‍ അത് മനപൂര്‍വം ചെയ്യുന്ന പ്രവര്‍ത്തിയായതിനാല്‍ കുറ്റകരമാണ്. ആദരവ് കാണിക്കാനായി എഴുന്നേറ്റ് നിന്നാല്‍ മതി. ദേശീയഗാനം കൂടെ ചൊല്ലണമെന്നില്ല. ദേശീയഗാനം ആലപിക്കണമെന്നുള്ളത് കേരള വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പ് തല നിര്‍ദേശം മാത്രമാണ്., ഒ ചിന്നപ്പ റെഡ്ഡി ഉത്തരവില്‍ പറഞ്ഞു.

ഹിജാബ് കേസില്‍:

ഈ കേസിന്റെ വിധിയില്‍ കോടതി പറഞ്ഞ മൂന്ന് മാനദണ്ഡങ്ങളും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിശ്വാസത്തിലും ബാധകമാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ പറഞ്ഞു. ഇത്തരമൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ടോ, അത് സ്ഥാപിതമാണോ, സത്യസന്ധമായി വിശ്വസിക്കപ്പെടുന്നതാണോ എന്നിവയാണ് മൂന്ന് മാനദണ്ഡങ്ങള്‍. ഇവ മൂന്നും ഹിജാബിന്റെ കാര്യത്തില്‍ പാലിക്കപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു.

Keywords:  Latest-News, National, Top-Headlines, Karnataka, New Delhi, Hijab, Verdict, Court, Controversy, Religion, Supreme Court of India, Hijab Verdict, Bijoe Emmanuel, Bijoe Emmanuel Case, Hijab verdict: What is the Bijoe Emmanuel case the SC referred to.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia