May Day | സര്‍വരാജ്യ തൊഴിലാളികള്‍ക്കായി ഒരു ദിനം; മെയ് ദിനത്തിന്റെ ചരിത്രമറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാ വര്‍ഷവും മെയ് ഒന്നിന് ലോകമെമ്പാടും തൊഴിലാളി ദിനം ആചരിക്കുന്നു. ഈ ദിനം തൊഴിലാളികളെ ആദരിക്കുന്നതിനുള്ളത് മാത്രമല്ല, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനുള്ള ദിവസം കൂടിയാണ്. 1885-86 കാലത്ത് തൊഴിലാളി ചൂഷണത്തിനെതിരായ സംഘടനകളും സമരങ്ങളെ കുറിച്ചുള്ള ആലോചനകളും ശക്തമായി. വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലേബര്‍ യൂണിയനും സാമൂഹ്യപ്രവര്‍ത്തകരും 1886 മെയ് ഒന്നിന്ന് ചിക്കാഗോയില്‍ പ്രക്ഷോഭം നടത്തുന്നതിന് തീരുമാനിച്ചു.
   
May Day | സര്‍വരാജ്യ തൊഴിലാളികള്‍ക്കായി ഒരു ദിനം; മെയ് ദിനത്തിന്റെ ചരിത്രമറിയാം

തൊഴിലാളികള്‍ തെരുവിലിറങ്ങി തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ദിവസം 15 മണിക്കൂര്‍ ജോലി സമയമാണ് ഇത്തരം നീക്കങ്ങള്‍ക്ക് കാരണമായത്. പ്രക്ഷോഭത്തിനിടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. നൂറിലധികം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മൂന്ന് വര്‍ഷത്തിന് ശേഷം, 1889 ല്‍, അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിന്റെ യോഗം നടന്നു. ഇതില്‍ ഒരു ദിവസം എല്ലാ തൊഴിലാളികളും എട്ട് മണിക്കൂര്‍ മാത്രമേ ജോലി എടുക്കൂ എന്ന് തീരുമാനിച്ചു.

ഈ സമ്മേളനത്തില്‍ തന്നെ മേയ് ഒന്നിന് തൊഴിലാളി ദിനം ആചരിക്കാന്‍ നിര്‍ദേശിച്ചു. ഇതോടൊപ്പം എല്ലാ വര്‍ഷവും മേയ് ഒന്നിന് അവധി നല്‍കാനും തീരുമാനിച്ചു. യൂറോപ്പിലും, അമേരിക്കയിലും ഉള്ള തൊഴിലാളി വര്‍ഗം ഒരൊറ്റ ശക്തിയായി എട്ട് മണിക്കൂര്‍ ജോലി സമയം എന്ന അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപടയാളികളായി. ഐതിഹാസികമായ ഈ സംഭവത്തിന്റെ ഓര്‍മയ്ക്കായാണ് മെയ് ഒന്ന് ലോക തൊഴിലാളിദിനമായി ആചരിക്കുന്നത്.

1890 മുതലാണ് മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങിയത്. 1889 ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനമെടുത്തത്. എന്നാല്‍ ഏകദേശം 34 വര്‍ഷങ്ങള്‍ക്ക് ശേഷം, 1923 മെയ് ഒന്നിന് ചെന്നൈയില്‍ നിന്നാണ് ഇന്ത്യയില്‍ തൊഴിലാളി ദിനാചരണം ആരംഭിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്റെ നേതൃത്വത്തിലായിരുന്നു ഈ തീരുമാനം. ഈ യോഗത്തിന് നിരവധി സംഘടനകളുടെയും സാമൂഹിക പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചു. തൃശൂരിലാണ് കേരളത്തില്‍ ആദ്യമായി മെയ് ദിനാചരണം നടന്നതെന്നാണ് ചരിത്രം.

Keywords: May-Day-News, Labour-Day, World-History, World News, National News, History of May Day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia