Shirur Landslide | വാഹനത്തിനുള്ളിൽ ജീവനോടെ അർജുൻ ഉണ്ടാകാം, എത്രയും വേഗം രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ അപകടമാണ്; ഡ്രൈവറുടെ കുറിപ്പ് ശ്രദ്ധേയമായി
കെ ആർ ജോസഫ്
(KVARTHA) നമ്മുടെ നീതിപീഠം മൂകസാക്ഷി. ഇന്ത്യയിൽ ആണോ കേരളം. അതോ, കേരളത്തിൽ ആണോ ഇന്ത്യ. കഷ്ടം തന്നെ, കേരളത്തെ സഹായിക്കാൻ ആരും ഇല്ല. ഇനി ആരുടെയും സഹായം വേണ്ട മലയാളികളെ അവിടേക്കു വിട്ടാൽ മതി. ഇപ്പോൾ ഈ വിഷയത്തിൽ കോടതിയ്ക്കും ഇടപെടേണ്ടി വന്നിരിക്കുന്നു. ഷിരൂരിലെ മണ്ണിടിച്ചിലില്‍ മലയാളിയായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായിട്ട് എട്ട് ദിവസത്തോളം ആയി. ഈ വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവരുടെ നിസംഗത കാണുമ്പോൾ ആരും മൂക്കത്ത് വിരൽ വെച്ചു പോകും. സ്വന്തം പൗരന്മാരുടെ ജീവന് ഒരു വിലയും നൽകാത്ത സിസ്റ്റമാണ് നമ്മുടേത് എന്ന് പൊതുജനത്തിന് ബോധ്യമായി വരുന്നു.
ഇന്ത്യയുടെ സ്വയം പ്രഖ്യാപിത ആൾദൈവങ്ങൾ എന്തേ അവരുടെ ശക്തി ഉപയോഗിച്ച് ലോറി കണ്ടു പിടിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ നിന്ന് ചോദ്യം ഉയരുന്നു. ശാസ്ത്രം തോറ്റിടത്ത് എന്തുകൊണ്ട് ദൈവം ജയിക്കുന്നില്ലെന്നും പലരും ചോദിച്ചെന്നിരിക്കാം. അത്രയ്ക്ക് കഷ്ടമാണ് നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥ എന്നാണ് ഈ വിഷയത്തിൽ നമ്മൾ മനസിലാക്കേണ്ടത്. ഈ അപകടം ഗൗരവമേറിയതെന്ന് കർണാടക ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടകത്തോടും റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്. ബുധനാഴ്ച രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി. ഇതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. കാണാതായ അർജുൻ ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ച് ദൈവത്തോട് പ്രാർത്ഥിച്ച് അർജുൻ്റെ കുടുംബവും ഇരിക്കുന്നു. അവരും ഇപ്പോൾ സഹികെട്ട അവസ്ഥയിലായിരിക്കുന്നു. ദൃക്സാക്ഷിയായ ഒരാൾ ചാനലിൽ പറഞ്ഞത് അർജുന്റെ ലോറി മലയോട് ചേർത്ത് ആയിരുന്നു പാർക്ക് ചെയ്തിരുന്നത് എന്നാണ്. അങ്ങനെയെങ്കിൽ ആദ്യ സ്റ്റെപ്പ് മണ്ണിടിഞ്ഞു വീണത് അർജുന്റെ ലോറിയുടെ സൈഡിലേക്ക് ആയിരിക്കും.
എങ്കിൽ രണ്ടാമത് ശക്തിയായി മണ്ണിടിയുമ്പോൾ സ്വാഭാവികമായിട്ടും വാഹനം മലയോട് വീണ്ടും ചേർന്ന് പോകും. ജിപിഎസ് സിഗ്നലും മലയോട് ചേർന്ന് ആണ് കാണിക്കുന്നത്. അർജുന്റെ വണ്ടി മലയോട് ചേർന്ന് തന്നെ ഉണ്ട് എന്ന് അതുകൊണ്ട് തന്നെ വിശ്വസിക്കുന്നവരും ഏറെയാണ്. ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് അർജുനനെപ്പോലെ വാഹനം ഓടിക്കുന്ന ഒരു ഡ്രൈവർ എഴുതിയ ഒരു കുറിപ്പ് ശ്രദ്ധ നേടിയിട്ടുണ്ട്.
കുറിപ്പിൽ പറയുന്നത്:
'മെർസിഡസ് ട്രക്ക്, വർങ്ങളോളം എന്റെ വാഹനം. ഒറ്റയ്ക്കുളള ഡ്രൈവിംഗ്. ഒരു ട്രിപ്പ് പോയി തിരിച്ചെത്തുമ്പോൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ കഴിഞ്ഞിരിക്കും. റോഡ് മാർഗ്ഗം യാത്ര ചെയ്യാത്ത ജിസിസി രാജൃങ്ങൾ വിരളം. ഇപ്പോൾ കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ. ഇത് എഴുതുന്നതെന്താണന്നല്ലേ. പറയാം. എൻെറ ഈ വാഹനം മെഴ്സിഡസ് ബെൻസ് ഓടിക്കാനും യാത്ര ചെയ്യാനും ഉറങ്ങാനും ഒക്കെ സുഖമാണ്.
എയർ ടൈറ്റ് കാബിനാണ്. അത് കാരണം തന്നെ ഗ്ലാസുകൾ അടച്ച് യാത്ര ചെയ്യുമ്പോൾ തീർച്ചയായും എയർകണ്ടീഷണർ ഉപയോഗിച്ചിരിക്കണം. കാരണം തണുപ്പല്ലാത്ത കാലാവസ്ഥയിൽ ഒരു മണിക്കൂറിലധികം പൂർണമായി അടച്ച വാഹനത്തിൽ കഴിയുകയെന്നത് അതി കഠിനമാണ്. കടുത്ത ഉഷ്ണവും ശ്വാസംമുട്ടലും അനുഭവപ്പെടാം. ബോധക്ഷയം വരെ ഉണ്ടാകാം. ഉഷ്ണമുളള അവസ്ഥയിൽ വാഹനത്തിൽ എയർകണ്ടീഷനോ ഫാനോ പ്രവർത്തിക്കാതെ ഇങ്ങനെയുളള വാഹനങ്ങളിൽ കുടുങ്ങിയാൽ ജീവനോടെ ശവപ്പെട്ടിക്കുളളിൽ കുടുങ്ങിയ അവസ്ഥയിലാണ് അനുഭവപ്പെടുക.
ഏത് വാഹനമായാലും ഇത് തന്നെയാകും അവസ്ഥ. കർണാടകയിലെ മനുഷ്വത്വമില്ലാത്ത ജനതയുടെ മണ്ണിനടിയിൽ വാഹനവുമായി കുടുങ്ങിയ ആ പാവം യുവാവും ഇത് തന്നെയാകും അനുഭവിക്കുക. തിരച്ചിലുകാർ ഡൃൂട്ടിടൈം കഴിഞ്ഞു ഇനി നാളെ എന്ന് പറഞ്ഞ് പണി നിർത്തി പോയത്രേ. ചലർ ബെൻസ് ട്രക്കിനെ എന്തക്കയോ പ്രത്യേകതയുള്ളതായ് ചൂണ്ടിക്കാട്ടുന്നത് കണ്ടു'.
പ്രതീക്ഷയ്ക്ക് വകയുണ്ട്
പ്രവർത്തിക്കാത്ത അവസ്ഥയിൽ എല്ലാ വാഹനവും വെറും പാട്ടയാണ്, തകരപ്പാട്ട, അത് എത്ര കോടിയുടേതായാലും. ശരിക്കും ഇത് സത്യമാകാൻ സാധ്യതയുണ്ട്. കാരണം അർജുൻ്റെ വീട്ടുകാർ അദ്ദേഹത്തെ വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടതാണ്. ഇപ്പോൾ ഒരുപക്ഷേ, അതിൻ്റെ ചാർജ് തീർന്നിരിക്കണം. ഇതുവായിക്കുമ്പോൾ ഒരു പ്രതീക്ഷയ്ക്ക് സ്കോപ്പ് ഉള്ളതായി തോന്നുന്നുണ്ട്. എത്രയും വേഗം സമയം എടുത്ത് ഇനി അർജുനെ രക്ഷിക്കാനുള്ള നടപടികളാണ് വേണ്ടത്. അദ്ദേഹത്തിൻ്റെ തിരിച്ചു വരവിനായ് കൈകോർക്കാം, പ്രാർത്ഥിക്കാം.