QR Code | മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുണ്ടോ? പുറത്തിറങ്ങിയാൽ കാണാതാകുമെന്ന ആധി വേണ്ട; മുംബൈയിൽ നിന്ന് പുതിയൊരു ആശയം! ക്യൂആർ കോഡ് 12കാരനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ചത് ഇങ്ങനെ

 


മുംബൈ: (KVARTHA) ഞായറാഴ്ച മുംബൈയിലെ കൊളാബയിൽ വഴിതെറ്റി അലഞ്ഞുനടക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന 12 വയസുകാരൻ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. കുട്ടിയിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ പ്രയാസമായിരുന്നു. എന്നാൽ, അവന്റെ കഴുത്തിൽ കണ്ടെത്തിയ ക്യൂആർ കോഡ് പതിപ്പിച്ച ലോക്കറ്റ് വഴിത്തിരിവായി.

QR Code | മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുണ്ടോ? പുറത്തിറങ്ങിയാൽ കാണാതാകുമെന്ന ആധി വേണ്ട; മുംബൈയിൽ നിന്ന് പുതിയൊരു ആശയം! ക്യൂആർ കോഡ് 12കാരനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ചത് ഇങ്ങനെ

പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ കഴുത്തിലെ താലിയിൽ ഉണ്ടായിരുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്തതോടെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമ പ്രവർത്തനം നടത്തുന്ന ഒരു എൻജിഒയുടെ (NGO) വിവരങ്ങൾ ലഭിച്ചു. ഈ എൻജിഒയുമായി ബന്ധപ്പെട്ടപ്പോൾ, കൗമാരക്കാരൻ വർളി മേഖലയിലാണ് താമസിക്കുന്നതെന്നും രാവിലെ മുതൽ കുടുംബം അവനെ തിരക്കുകയാണെന്നും അവർ പൊലീസിനെ അറിയിച്ചു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കളിക്കാൻ പോയതായിരുന്നു 12കാരൻ. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. എൻജിഒയുടെ സഹായത്തോടെ കുട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. മകനെ കാണാതായത് മുതൽ വലിയ ദുഖത്തിലായിരുന്ന രക്ഷിതാക്കൾക്ക് അവനെ തിരിച്ചുകിട്ടിയപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു.

മുൻകരുതലിന്റെ പ്രാധാന്യം

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ സംഭവം ഒരു പാഠമാണെന്ന് വിദഗ്ധർ പറയുന്നു. അത്തരം കുട്ടികളുടെ വസ്ത്രങ്ങളിലോ മറ്റോ അവരുടെ വിവരങ്ങൾ ചേർത്ത ഐഡന്റിറ്റി കാർഡ് ഘടിപ്പിക്കുന്നതും പുറത്തുപോകുമ്പോൾ അവരെ കുറിച്ച് മറ്റുള്ളവർക്ക് അറിയുന്നതിന് മുൻകരുതലുകൾ എടുക്കുന്നതും പ്രധാനമാണ്. എന്നാൽ, ഈ സംഭവം ടെക്‌നോളജി എങ്ങനെ സഹായകമാകുമെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ്.

ക്യൂആർ കോഡ് താലിയുടെ സാധ്യത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുള്ളവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. പൊലീസിനും മറ്റുള്ളവർക്കും കുട്ടികളെ തിരിച്ചറിയാനും അവരുടെ വീടും രക്ഷിതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ലഭിക്കാനും ഇത് സഹായിക്കും. ക്യൂആർ കോഡുകൾ സൃഷ്ടിക്കുന്നതും അച്ചടിക്കുന്നതും ഇന്ന് വളരെ എളുപ്പമാണ്. ഓൺലൈൻ സേവനങ്ങളും സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകളും ഇതിനായി ഉപയോഗിക്കാം.

രക്ഷിതാക്കൾക്ക് കുട്ടിയുടെ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ പ്രധാന വിവരങ്ങൾ അടങ്ങിയ ക്യൂആർ കോഡ് സൃഷ്ടിച്ച് കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിക്കാം. മുംബൈയിലെ സംഭവം ടെക്‌നോളജിയുടെ ശക്തിയും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സുരക്ഷയ്ക്കുള്ള പ്രാധാന്യവും ഒരിക്കൽ കൂടി ഓർമ്മിപ്പെടുത്തുന്നു.

Keywords: News, National, Mumbi, QR Code, Child, Family, Technology, Parents, Smart Phone, Safety,   How a pendant with a QR code helped an intellectually challenged boy reunite with his parents?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia