Guide | ട്രെയിനിൽ എങ്ങനെ നായയുമൊത്ത് യാത്ര ചെയ്യാം? നടപടിക്രമങ്ങൾ അറിയാം
● യാത്രയ്ക്ക് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് രേഖ നിർബന്ധമാണ്.
● ലഗേജ് കം ബ്രേക് വാനുകളിലും കൊണ്ടുപോകാം
● യാത്രയ്ക്കിടയിലുണ്ടാകുന്ന നഷ്ടങ്ങൾക്ക് റെയിൽവേ ഉത്തരവാദിയല്ല
റോക്കി എറണാകുളം
(KVARTHA) ഇന്ന് നമ്മുടെ സമൂഹത്തിൽ നായ സ്നേഹികൾ ഒരുപാട് വർദ്ധിച്ചു വന്നിരിക്കുന്ന കാലമാണ്. സ്വന്തം കുട്ടികളെപ്പോലെ തന്നെ നായകളെ സംരക്ഷിക്കുന്നവരും കുറവല്ല. സ്വന്തം വീട്ടിൽ നിന്ന് മറ്റു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുമ്പോൾ കാറിലും മറ്റുമൊക്കെ തൻ്റെ സ്വന്തം നായകളെ കുട്ടത്തിൽ കുട്ടുന്നവരും കുറവല്ല. ചില വീടുകളിലൊക്കെ നായകൾക്ക് ഇന്ന് രാജകീയ സംരക്ഷണമാണ് ലഭിക്കുന്നത്.
അടുത്തുള്ള സ്ഥലങ്ങളിലൊക്കെ നായയെയും കൊണ്ടുപോകാൻ കാറുകളും മറ്റും മതിയാവുമെങ്കിലും മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ഇവയെയും കൊണ്ടുപോകാൻ ട്രെയിൻ തന്നെയാകും ഉത്തമം. നായയുമൊത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ പറ്റുമോ? അതിൻ്റെ നടപടി ക്രമങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കുന്ന കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇപ്പോൾ ധാരാളം ആൾക്കാർ സ്വന്തം അരുമമൃഗങ്ങളെയും കൊണ്ട് പൊതു വാഹനങ്ങളിൽ യാത്ര ചെയ്യാറുണ്ട്. തീവണ്ടിയിൽ നായയെയും കൂട്ടി എങ്ങനെ യാത്ര ചെയ്യാമെന്ന് പലർക്കും അറിയില്ല. നായക്കുട്ടികളുമായിട്ടാണെങ്കിൽ കുട്ടകളിലും, ചെറിയ കൂടുകളിലുമായി എല്ലാ ബോഗികളിലും യാത്ര ചെയ്യാവുന്നതാണ്. എന്നാൽ, മുതിർന്ന നായയാണെങ്കിൽ എസി ഫസ്‌റ്റ് ക്ലാസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് കൂപ്പെ എന്നിവയിൽ മാത്രമേ കൊണ്ടുപോകാൻ പറ്റുകയുള്ളൂ. മറ്റു കംപാർട്ട്മെന്റുകളിലൊന്നും തന്നെ മുതിർന്ന നായകൾക്ക് യാത്ര അനുവദനീയമല്ല.
എന്നാൽ, നായക്കുട്ടികളായാലും മുതിർന്ന നായയായാലും ലഗേജ് കം ബ്രേക് വാനിൽ കൊണ്ടുപോകാം. ട്രെയിനിലെ ഗാർഡിന്റെ മേൽനോട്ടത്തിലാവും ഇത്തരം യാത്ര. ട്രെയിനിൽ യാത്ര ചെയ്യുന്ന ഉടമയ്ക്ക് റിസർവേഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയും ഉണ്ടായിരിക്കേണ്ടതാണ്. ട്രെയിൻ പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും നായയെ ലഗേജ് ഓഫിസിൽ എത്തിക്കുകയും വേണം. നിശ്ചിത ചാർജ് ഈടാക്കിയ രസീത് യാത്ര തുടങ്ങുന്നതിനു മുൻപായി ഗാർഡിനെ കാണിക്കണം. ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഉടമയുടെ കയ്യിലുള്ള റസീറ്റിന്റെ കൗണ്ടർ ഫോയിൽ കാണിച്ച് നായയെ തിരിച്ചു വാങ്ങാം.
യാത്രയ്ക്കിടയിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ, നാശങ്ങൾ, യാത്രയുടെ അവസാനം നായയെ ലഭിക്കാതിരിക്കുക തുടങ്ങിയവ ഉണ്ടായാൽ റെയിൽവേയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയില്ല. നായയുടെ വർഗം, നിറം, ലിംഗം, പ്രായം ഇവയെ സംബന്ധിച്ചുള്ള വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റും ട്രെയിൻ യാത്ര ബുക്ക് ചെയ്യുന്നതിനു നിർബന്ധമാണ്. പ്രതിരോധ കുത്തിവയ്‌പിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഷെഡ്യൂൾ കെ 87 - 3 പ്രകാരമുള്ള ഫിറ്റ്നെസ് സർട്ടിഫിക്കറ്റും ഉടമ കയ്യിൽ കരുതണം. ഈ സർട്ടിഫക്കറ്റിന് 12മണിക്കൂർ വരെയാണ് സമയപരിധിയുള്ളത്.
മുൻകൂർ ബുക്കിങ് ഇല്ലാതെ നായയുമായി യാത്ര ചെയ്യുന്നയാൾക്ക് ലഗേജ് ചാർജിന്റെ ആറിരട്ടി തുക പിഴയായി റെയിൽവേ ഈടാക്കും. യാത്രയിലൂടനീളം ഉടമ തന്റെ നായയ്ക്ക് ആവശ്യമായ വെള്ളവും , ആഹാരവും ഉറപ്പു വരുത്തുകയും വേണം. നായകളെ സംബന്ധിച്ച് ഏറ്റവും സുഖകരമാകുന്നത് ട്രെയിൻ യാത്ര തന്നെയാണ്.അതേസമയം ദീർഘദൂരയാത്രയ്ക്ക് കൊണ്ടു പോകുമ്പോൾ നായയുടെ ഉത്കണ്ഠ കുറയ്ക്കാൻ ആവശ്യമായ മരുന്നുകൾ ഒരു വെറ്ററിനറി ഡോക്ടറെ കണ്ട് വാങ്ങുവാൻ മറക്കരുത്'.
നായ സ്നേഹികൾക്ക് ഉപകാരപ്പെടുന്ന വിവരങ്ങളാണിത്. ഇതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നായയെയും കൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് തടസ്സമില്ല. നായയെയും കൂട്ടി അടിപൊളി യാത്ര ചെയ്യുന്നത് ഇപ്പോൾ പുതിയ ട്രെൻ്റ് ആയി മാറിയിരിക്കുകയാണല്ലോ. അതിനാൽ തന്നെ ഈ ലേഖനം എല്ലാ നായ സ്നേഹികൾക്കും പങ്കിടാൻ മടിക്കേണ്ടതില്ല.
#dogtravel #traintravel #petfriendly #indiantrains #doglovers #pettraveltips