Rohit Deo | നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ബോംബെ ഹൈകോടതി; തുറന്ന കോടതിയില്‍ രാജി പ്രഖ്യാപിച്ച് ഞെട്ടിച്ച് ജസ്റ്റിസ് രോഹിത് ദിയോ; 'ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാന്‍ കഴിയില്ല'
Aug 5, 2023, 09:30 IST
മുംബൈ: (www.kvartha.com) കോടതിക്കുള്ളില്‍ രാജി പ്രഖ്യാപനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ജസ്റ്റിസ് രോഹിത് ദിയോ. ബോംബെ ഹൈകോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. തുറന്ന കോടതിയില്‍വെച്ചാണ് ജസ്റ്റിസ് രോഹിത് ദിയോ രാജി പ്രഖ്യാപനം നടത്തിയത്. ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ സിറ്റിങ്ങിനിടെയായിരുന്നു സംഭവം.
ആത്മാഭിമാനമാണ് പ്രധാനമെന്നും ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ടാണ് ജഡ്ജ് രാജി പ്രഖ്യാപനം നടത്തിയത്. ബെഞ്ച് ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ നിന്നും ദിയോ പിന്‍വാങ്ങിയിട്ടുണ്ട്. രാജിക്കാര്യം അറിയിച്ച ശേഷം ആരോടും വിരോധം പുലര്‍ത്തുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുതരണമെന്നും ദിയോ പറഞ്ഞു.
അഭിഭാഷകര്‍ എല്ലാവരും നന്നായി ജോലി ചെയ്യണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളതെന്നും ഏതെങ്കിലും അവസരത്തില്‍ ആരോടെങ്കിലും കര്‍ക്കശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജിക്കത്ത് നേരത്തേ ഓഫീസില്‍ സമര്‍പിച്ചിരുന്നു. അടുത്തിടെ അദ്ദേഹം പുറപ്പെടുവിച്ച രണ്ട് സുപ്രധാന വിധികളുടെ പേരില്‍ രൂക്ഷവിമര്‍ശനവും അധികാര കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദവും നേരിട്ടതാണ് രാജിക്ക് കാരണമെന്ന് അഭിഭാഷകരും കോടതി ജീവനക്കാരും പറഞ്ഞു
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് യു എ പി എ ചുമത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡെല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി 2022 ഒക്ടോബര്‍ 14നാണ് ജസ്റ്റിസ് രോഹിത് ബി ദിയോ വിധിച്ചത്. വീല്‍ചെയറില്‍ കഴിയുന്ന, 90 ശതമാനം അംഗവൈകല്യമുള്ള പ്രൊഫസര്‍ സായിബാബ ഒന്‍പത് വര്‍ഷമായി ജയിലിലായിരുന്നു. 2017ല്‍ അദ്ദേഹത്തിന് ജീവപര്യന്തം വിധിച്ച സെഷന്‍സ് കോടതി വിധി യു എ പി എ പ്രകാരം മതിയായ തെളിവില്ലെന്ന് കാട്ടിയാണ് ജസ്റ്റിസ് ദിയോയുടെ ബെഞ്ച് അസാധുവാക്കിയത്. ആ വിധി കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എം ആര്‍ ഷായുടെ ബെഞ്ച് സ്റ്റേ ചെയ്തു. മറ്റൊരു ബെഞ്ച് കേസ് തീര്‍പ്പാക്കാന്‍ ഹൈകോടതിയോട് ഉത്തരവിടുകയും ചെയ്തിരുന്നു.
നാഗ്പൂര്‍ - മുംബയ് സമൃദ്ധി എക്‌സ്പ്രസ് വേയുടെ കരാറുകാരെ അനധികൃത ഖനനത്തിന് ശിക്ഷിക്കുന്ന റവന്യൂ വകുപ്പിന്റെ നടപടികള്‍ റദ്ദാക്കാന്‍ മഹാരാഷ്ട്ര സര്‍കാരിന് അധികാരം നല്‍കുന്ന പ്രമേയം കഴിഞ്ഞ മാസം 26ന് ജസ്റ്റിസ് ദിയോ സ്റ്റേ ചെയ്തിരുന്നു. ഈ രണ്ട് വിധികളാണ് അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കിയത്.
രണ്ടുവര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് അദ്ദേഹം രാജിവെച്ചത്. മഹാരാഷ്ട്ര സര്‍കാരിന്റെ അഡ്വകേറ്റ് ജെനറല്‍ ആയിരുന്ന രോഹിത് ദിയോയെ 2017 ജൂണ്‍ അഞ്ചിനാണ് ബോംബെ ഹൈകോടതിയിലെ അഡീഷണല്‍ ജഡ്ജായി നിയമിച്ചത്. 2019 ഏപ്രിലില്‍ സ്ഥിരം ജഡ്ജായി. നാഗ്പൂര്‍ ബെഞ്ചില്‍ കേന്ദ്ര സര്‍കാരിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് സോളിസിറ്റര്‍ ജെനറല്‍ പദവിയും വഹിച്ചിരുന്നു. 2025 ഡിസംബര്‍ നാലിനാണ് അദ്ദേഹം വിരമിക്കേണ്ടത്.
Keywords: News, National, National-News, Nagpur, Justice Rohit Deo, Judge, Bombay High Court, Resigned, 'I Am Sorry': Bombay High Court Judge Announces Resignation In Open Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.