Speaker Post | സ്പീകര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കുറുക്ക് വഴികള്‍ തേടി പ്രതിപക്ഷം; ടിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കാന്‍ ഇന്‍ഡ്യാസഖ്യം
സ്പീകര്‍ വിഷയത്തില്‍ എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും വ്യത്യസ്ത നിലപാടുകള്‍
ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു നേതാവ് കെസി ത്യാഗി
എന്നാല്‍, സ്ഥാനാര്‍ഥിയെ എന്‍ഡിഎ ഘടകകക്ഷികള്‍ ഒരുമിച്ച് തീരുമാനിക്കണമെന്ന് ടിഡിപി
ന്യൂഡെല്‍ഹി: (KVARTHA) സ്പീകര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കുറുക്ക് വഴികള്‍ തേടി പ്രതിപക്ഷം. ഇതിന്റെ ഭാഗമായി എന്‍ഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യാസഖ്യം പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി. ഈമാസം 26ന് ആണ് സ്പീകര്‍ തിരഞ്ഞെടുപ്പ്.
പിന്തുണയ്ക്കുന്നവരെ ബിജെപി വഞ്ചിക്കുന്ന അനുഭവം തങ്ങള്‍ക്കുണ്ടെന്നും ചട്ടമനുസരിച്ച് പ്രതിപക്ഷത്തിന്റെ ഡപ്യൂടി സ്പീകര്‍ സ്ഥാനം ലഭിക്കണമെന്നും റാവുത്ത് പറഞ്ഞു. എന്‍ഡിഎ സര്‍കാര്‍ സ്ഥിരതയുള്ള സര്‍കാരല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുന്‍കാല തെറ്റുകള്‍ തിരുത്താന്‍ ആര്‍ എസ് എസ് ആഗ്രഹിക്കുന്നെങ്കില്‍ അത് നല്ലതാണെന്ന് ലോക് സഭാ തിരഞ്ഞെടുപ്പിനുശേഷം ബിജെപിയെക്കുറിച്ച് ചില ആര്‍ എസ് എസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ പരാമര്‍ശിച്ച് റാവുത്ത് പറഞ്ഞു.
സ്പീകര്‍ വിഷയത്തില്‍ എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും വ്യത്യസ്ത നിലപാടുകള്‍ ഉള്ളതായാണ് അറിയുന്നത്. ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നാണ് ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞത്. എന്നാല്‍, സ്ഥാനാര്‍ഥിയെ എന്‍ഡിഎ ഘടകകക്ഷികള്‍ ഒരുമിച്ച് തീരുമാനിക്കണമെന്നാണ് ടിഡിപിയുടെ പക്ഷം.
ബിജെപിയുടെ ഏകപക്ഷീയ തീരുമാനത്തെ അതേപടി പിന്തുണയ്ക്കില്ലെന്ന് ചുരുക്കം. ടിഡിപിയുടെ ഈ നിലപാടിനെ ബിജെപിക്കെതിരെ ഉപയോഗിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. സ്പീകര്‍ പദവി ബിജെപിക്ക് ലഭിച്ചാല്‍ സര്‍കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി എന്നീ പാര്‍ടികളെ പിളര്‍ത്താനിടയുണ്ടെന്ന് സഞ്ജയ് റൗത്ത് പറഞ്ഞു.
സ്പീകര്‍ പദവിയില്‍നിന്ന് ബിജെപിയെ അകറ്റി നിര്‍ത്തുകയും എന്‍ഡിഎയില്‍ അസ്വാരസ്യം സൃഷ്ടിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിലും സ്പീകര്‍ വിഷയം ചര്‍ചയായെന്ന വിവരം പുറത്തുവരുന്നുണ്ട്. അമിത് ഷാ, ജെപി നഡ്ഡ, ചിരാഗ് പാസ്വാന്‍, രാജീവ് രഞ്ജന്‍ സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വാജ് പേയി സര്‍കാരിന്റെ കാലത്ത് ടിഡിപി സ്പീകര്‍ പദവി എടുത്തശേഷം സര്‍കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കുകയായിരുന്നു. ഡപ്യൂടി സ്പീകര്‍ പദവി പ്രതിപക്ഷത്തിന് നല്‍കിയില്ലെങ്കില്‍ ഇന്‍ഡ്യാസഖ്യം സ്പീകര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തില്‍ സഖ്യം നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ലോക്‌സഭാ സ്പീകര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാനൊരുങ്ങിയിരിക്കുകയാണ് ബിജെപി. എന്‍ഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യാസഖ്യം പിന്തുണയ്ക്കുമെന്ന സൂചനകള്‍ക്കിടെയാണു മറുതന്ത്രം പയറ്റുന്നത്. കേന്ദ്രമന്ത്രിമാരെ നിശ്ചയിച്ചതിലും സുപ്രധാന വകുപ്പുകള്‍ കൈവശം വച്ചതിലും കാണിച്ച ജാഗ്രത സ്പീകറുടെ കാര്യത്തിലും ബിജെപി തുടര്‍ന്നേക്കും.
അതേസമയം, ടിഡിപിക്ക് സ്പീകര്‍ സ്ഥാനം നല്‍കുമെന്ന് ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ടിഡിപിക്ക് സ്പീകര്‍ പദവിയില്‍ ആഗ്രഹമുണ്ട്, ഉടനെ ആവശ്യമുന്നയിക്കും എന്ന് സൂചനകള്‍ മാത്രമേ പുറത്തുവരുന്നുള്ളൂ. സഭ തുടങ്ങിയ ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാകും. ഇതിനു ശേഷമാണു സ്പീകര്‍ തിരഞ്ഞെടുപ്പ്.
അതിനാല്‍ ബിജെപിക്ക് ആലോചിക്കാനും തീരുമാനമെടുക്കാനും സമയമുണ്ട്. കഴിഞ്ഞ രണ്ടുതവണയും നരേന്ദ്ര മോദി സര്‍കാരിനു മുന്നണികളെ ആശ്രയിക്കാതെ ഭരിക്കാമായിരുന്നു. ഇത്തവണ സ്ഥിതി അങ്ങനെയല്ല. സഭാ നടപടികളില്‍ പാര്‍ടിക്ക് നിയന്ത്രണം അനിവാര്യമായതിനാല്‍ സ്പീകര്‍ പദവി മറ്റാര്‍ക്കും നല്‍കാന്‍ ബിജെപി തുനിഞ്ഞേക്കില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വരുംനാളുകളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യാസഖ്യം അവിശ്വാസപ്രമേയം കൂടുതല്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്.
അത്തരം സാഹചര്യങ്ങളില്‍ 'സ്വന്തമായൊരാള്‍' സ്പീകര്‍ സ്ഥാനത്തില്ലെങ്കില്‍ ബിജെപി വെള്ളം കുടിക്കും. അവിശ്വാസ പ്രമേയത്തില്‍ വോടെടുപ്പ് വേണോ വേണ്ടയോ എന്നതടക്കമുള്ള സുപ്രധാന കാര്യങ്ങളില്‍ സ്പീകറാണ് തീരുമാനമെടുക്കുക. ബിജെപിക്ക് 'റിസ്‌ക്' എടുക്കാന്‍ പറ്റാത്ത അഞ്ച് വര്‍ഷമാണ് വരാനുള്ളതെന്നു ചുരുക്കം.