Gandhi Jayanti | മഹാത്മാവിന്റെ സ്മൃതിയില്‍ നാട്; രാജ്യമെങ്ങും വൈവിധ്യമായി ഗാന്ധി ജയന്തി ആഘോഷിച്ചു

 


ന്യൂഡെല്‍ഹി / തിരുവനന്തപുരം: (KVARTHA) രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാമത് ജന്മദിനം നാടെങ്ങും ആഘോഷിച്ചു. മഹാത്മാവിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തിയും പുഷ്പാര്‍ച്ചന നടത്തിയും സര്‍വമത പ്രാര്‍ഥന നടത്തിയും ശുചീകരണ - സേവന പ്രവര്‍ത്തനങ്ങളുമൊക്കെയായി വിവിധ പരിപാടികളോടെയാണ് രാജ്യം ഗാന്ധിജിയെ ആദരിച്ചത്.
      
Gandhi Jayanti | മഹാത്മാവിന്റെ സ്മൃതിയില്‍ നാട്; രാജ്യമെങ്ങും വൈവിധ്യമായി ഗാന്ധി ജയന്തി ആഘോഷിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ലോക്‌സഭാ സ്പീകര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്താനെത്തി.

ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭ സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പുഷ്പാര്‍ച്ചന നടത്തി. നിയമസഭ സ്പെഷ്യല്‍ സെക്രട്ടറി ഷാജി സി. ബേബി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രി ജി ആര്‍ അനില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി, അഡീഷണല്‍ ഡയറക്ടര്‍ കെ.ജി സന്തോഷ്, എന്‍.സി.സി വൊളന്റിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധിജിയെ പിന്തുടരുന്നതിലൂടെ നല്ല മനുഷ്യരാവുക: തൃശൂര്‍ കലക്ടര്‍

തൃശൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ക്ക് തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു.

മികച്ച ജോലികള്‍ നേടി ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുന്നതിനേക്കാള്‍ പ്രധാനം നല്ല മനുഷ്യനാവുക എന്നതാണെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. അതിന് ഏറ്റവും മികച്ച വഴി ഗാന്ധിജിയുടെ പാത പിന്തുടരുകയെന്നതാണ്. ഗാന്ധിജിയുടെ അധ്യാപനങ്ങള്‍ അനുസ്മരിക്കാതെ ജീവിതത്തില്‍ ഒരു ദിവസം പോലും കടന്നുപോവരുതെന്നും ജില്ലാ കലക്ടര്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സ്‌കൂള്‍ മാനേജറും മുന്‍ നിയമസഭാ സ്പീക്കറുമായ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥലകാല ദേശങ്ങള്‍ക്ക് അതീതമായ മാര്‍ഗദര്‍ശനമാണ് മഹാത്മാഗാന്ധിയുടേതെന്നും സ്നേഹവും കാരുണ്യവും മാനുഷിക ബോധവുമുള്ള ഒരു തലമുറയെയാണ് നാടിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ വാക്കുകള്‍ ഇന്നത്തെ തലമുറയ്ക്ക് ഊര്‍ജവും വഴിക്കാട്ടിയുമാണ്. കാലുഷ്യം നിറഞ്ഞ വര്‍ത്തമാന കാലത്ത് അദ്ദേഹത്തിന്റെ അഹിംസാ ദര്‍ശനത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജി സന്ദര്‍ശിച്ചതിന്റെ സ്മരണയ്ക്കായി സ്‌കൂളില്‍ സ്ഥാപിച്ച ഗാന്ധി സ്മൃതി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് ജില്ലാതല വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ഉദ്ഘാടനച്ചടങ്ങനോട് അനുബന്ധിച്ച് ഗാന്ധി സന്ദേശങ്ങള്‍ പങ്കുവെക്കുന്ന ഭക്തിഗാനം, പ്രസംഗം, കവിതാ പാരായണം തുടങ്ങിയ പരിപാടികള്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ഹൈസ്‌കൂള്‍ അധ്യാപകരുടെ ദേശഭക്തി ഗാനാലാപനവും പരിപാടിയുടെ ഭാഗമായി നടന്നു. ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി എസ് പത്മജ, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം ജി സജീവ്, പി ടി എ പ്രസിഡന്റ് സുനില്‍ കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വച്ഛതാ റണ്‍ സംഘടിപ്പിച്ചു

മീനങ്ങാടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ സ്വച്ഛതാ റണ്‍ സംഘടിപ്പിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയര്‍ത്തി സ്വച്ഛതാ കി സേവാ പ്രചരണ പരിപാടികളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബേബി വര്‍ഗീസ്, ഉഷാ രാജേന്ദ്രന്‍, പി.വാസുദേവന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.അഫ്‌സത്ത്, എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ആശ മനോജ്, സി.പി ബിനോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂട്ടയോട്ടത്തില്‍ ജനപ്രതിനിധികള്‍, ജീവനക്കാര്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോളിടെക്‌നിക് എന്നിവടങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, ഫുട്‌ബോള്‍ അക്കാദമിയിലെ കായികതാരങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധി ജയന്തി ദിനത്തില്‍ തീവ്ര ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ തുടക്കം കുറിച്ചു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മഞ്ചേരി ബോയ്സ് ആന്‍ഡ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 100 എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെയും മഞ്ചേരി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജും പരിസരവും വൃത്തിയാക്കിയത്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിനെ പറ്റി വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസും ആശുപത്രി അധികൃതര്‍ നല്‍കി. പൊതുജന ബോധവത്കരണാര്‍ഥം ബോര്‍ഡുകളും മറ്റും ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കും. സന്നദ്ധ സംഘടനകള്‍ ഭക്ഷണങ്ങളും മറ്റു അവശ്യ വസ്തുക്കളും വിതരണം ചെയ്തു രോഗികളെ സഹായിക്കുന്നത് പോലെ ജില്ലയിലെ വിവിധ എന്‍.എസ്.എസ് യൂണിറ്റുകളുടെ സഹകരണത്തോടെ സ്ഥിരമായി മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ശുചിത്വ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ലക്ഷ്യമിടുന്നുണ്ട്.

യു.എ. ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സുബൈദ, വൈസ് ചെയര്‍മാന്‍ ഫിറോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബൈജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗീത, ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാല്‍, എ.ഡി.എം എന്‍.എം മെഹറലി, നഗരസഭാ സെക്രട്ടറി സിമി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ്, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിനീഷ്, കെ.എസ്.ഡബ്ല്യു.എം.പി കണ്‍സള്‍ട്ടന്റ് ഫിലിപ്, കില ഫസിലിറ്റേറ്റര്‍ ശ്രീധരന്‍ മാലിന്യമുക്ത നവകേരളം നോഡല്‍ ഓഫീസര്‍ ഷാജു എന്നിവര്‍ സംസാരിച്ചു.

ആശുപത്രി സെക്യൂരിറ്റി ഓഫീസര്‍ അയ്യപ്പ കുമാര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നിജും, നഴ്സിങ് സൂപ്രണ്ടുമാരായ പ്രജിത, ജയബിന്ദു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഷജീന, രജീനത്ത് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Gandhi Jayanti, Mahatma Gandhi, Kerala News, Malayalam News, Cleaning, Celebration, Gandhi Jayanti 2023, India celebrates 154th Gandhi Jayanti.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia