I-Day Celebration | ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം 'വികസിത ഭാരതം @2047'; ചടങ്ങില്‍ പ്രത്യേക അതിഥികളായെത്തുന്നത് 6000 പേര്‍; ഡെല്‍ഹിയില്‍ കനത്ത സുരക്ഷ
രാജ്യത്തുടനീളമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 2,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ കേഡറ്റുമാര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.
500 നാഷനല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും പങ്കെടുക്കും.
കേരളത്തില്‍നിന്ന് 30 ലധികം പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബങ്ങളും ഡെല്‍ഹിയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കും.
ന്യൂഡെല്‍ഹി: (KVARTHA) രാജ്യം 78ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിലാണ്. വികസിത ഭാരതം @2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡെല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് സ്വീകരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധനചെയ്യും. ഇത്തവണത്തെ ചടങ്ങില്‍ 6000 പേര്‍ പ്രത്യേക അതിഥികളായി പങ്കെടുക്കും. യുവാക്കളും, വിദ്യാര്‍ഥികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവരും, കര്‍ഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്.
പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. വിഐപികള്‍ക്കും, പ്രധാനമന്ദിരങ്ങള്‍, ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. പഞ്ചാബിലും ജമ്മുവിലും ദാഇശ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡെല്‍ഹി ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേനാ വിഭാഗവും ഡെല്‍ഹി പൊലീസ് ഗാര്‍ഡും ചേര്‍ന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നല്‍കും. തുടര്‍ന്ന് പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡെല്‍ഹി പൊലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നത്.
ഇന്ത്യന്‍ നാവിക സേനയാണ് ഈ വര്‍ഷത്തെ ഏകോപനം നിര്‍വഹിക്കുന്നത്. കമാന്‍ഡര്‍ അരുണ്‍ കുമാര്‍ മേത്തയുടെ നേതൃത്വത്തിലാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുക. കരസേനാ സംഘത്തെ മേജര്‍ അര്‍ജുന്‍ സിങ്, നാവിക സേനാ സംഘത്തെ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഗുലിയ ഭാവേഷ് എന്‍.കെ, വ്യോമസേനാ സംഘത്തെ സ്‌ക്വാഡ്രണ്‍ ലീഡര്‍ അക്ഷര ഉനിയാല്‍ എന്നിവര്‍ നയിക്കും.
ഡൈല്‍ഹി പൊലീസ് സംഘത്തെ അഡിഷനല്‍ ഡിസിപി അനുരാഗ് ദ്വിവേദി നയിക്കും. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ള ഓരോ ഓഫിസര്‍മാരും 32 മറ്റ് റാങ്കുകാരും, ഡെല്‍ഹി പൊലീസിലെ 128 ഉദ്യോഗസ്ഥരും അടങ്ങുന്ന ദേശീയ പതാക ഗാര്‍ഡ് രാഷ്ട്രീയ സല്യൂട്ട് സമര്‍പ്പിക്കും.
പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയാലുടന്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ വേദിയില്‍ പുഷ്പ വര്‍ഷം നടത്തും. വിങ് കമാന്‍ഡര്‍ അംബര്‍ അഗര്‍വാളും വിങ് കമാന്‍ഡര്‍ രാഹുല്‍ നൈന്‍വാളുമാണ് ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റന്‍മാര്‍. പുഷ്പ വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
രാജ്യത്തുടനീളമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 2,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ (കര, നാവിക, വ്യോമസേന) കേഡറ്റുമാര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. 500 നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരും പങ്കെടുക്കും. കേരളത്തില്‍നിന്ന് 30 ലധികം പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബങ്ങളും ഡെല്‍ഹിയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കും.
#IndiaIndependenceDay #RedFort #PMModi #DevelopedIndia #JaiHind