Protest | 'ഓരോ 2 മണിക്കൂറിലും റിപ്പോർട് നൽകണം', ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനങ്ങൾക്ക് അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ
ന്യൂഡൽഹി: (KVARTHA) കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു. പ്രതിഷേധം കണക്കിലെടുത്ത്, ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും സ്ഥിതിവിവരക്കണക്ക് നൽകാൻ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില നിരീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് സേനയ്ക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിലേക്ക് (ന്യൂഡൽഹി) ക്രമസമാധാന നിലയെക്കുറിച്ച് ഓരോ രണ്ട് മണിക്കൂറിലും റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് സേനകൾക്ക് ഫാക്‌സ്, വാട്ട്‌സ്ആപ്പ് നമ്പറുകളും ഇമെയിൽ ഐഡികളും നൽകിയിട്ടുണ്ട്. ഇതിന് പുറമെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഓഗസ്റ്റ് ഒമ്പതിനാണ് സർക്കാർ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡ്യൂട്ടിക്കിടെ 31കാരിയായ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് രാജ്യത്തുടനീളം ഡോക്ടർമാർ പ്രതിഷേധത്തിലാണ്.
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ഡോക്ടർമാർ ആവശ്യപ്പെടുന്നു. ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തുടനീളം ആരോഗ്യ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടിട്ടുണ്ട്.
#doctorprotest #india #crime #healthcare #safety #women #justice