Vande Bharat | വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ട്രയൽ റൺ ഓഗസ്റ്റ് 15 ന് ആരംഭിക്കും - നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകൾ ഇതാ!
ദീര്‍ഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപര്‍ ട്രെയിനുകള്‍ ഉപയോഗിക്കുക
11 എ.സി ത്രീ ടയര്‍, നാല് എ.സി. ടു ടയര്‍, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോചുകളുണ്ടാകും
നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്‌സ് പ്രസുകളേക്കാള്‍ മെച്ചപ്പെട്ട സൗകര്യം വന്ദേഭാരത് സ്ലീപറിലുണ്ടാകുമെന്നാണ് കരുതുന്നത്
മുംബൈ: (KVARTHA) വന്ദേഭാരത് സ്ലീപര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളില്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണയോട്ടം ആറു മാസമെങ്കിലും തുടരും. തുടര്‍ന്ന്, റേകുകളുടെ നിര്‍മാണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപര്‍ ട്രെയിനുകള്‍ ട്രാകിലിറക്കാനുള്ള ശ്രമം മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്ദേഭാരത് സ്ലീപര്‍ കൂടുതല്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ അദ്ദേഹം വേഗതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട വന്ദേ ഭാരത് ബ്രാന്‍ഡിന്റെ സ്ലീപര്‍ പതിപ്പ് സുഖകരമായ ഉറക്കത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഉറപ്പുനല്‍കുന്നുവെന്നും വ്യക്തമാക്കി.
ദീര്‍ഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപര്‍ ട്രെയിനുകള്‍ ഉപയോഗിക്കുക. 11 എ.സി ത്രീ ടയര്‍, നാല് എ.സി. ടു ടയര്‍, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോചുകളുണ്ടാകും. നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്‌സ് പ്രസുകളേക്കാള്‍ മെച്ചപ്പെട്ട സൗകര്യം വന്ദേഭാരത് സ്ലീപറിലുണ്ടാകുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍വരെ പരീക്ഷണയോട്ടം നടത്തുമെങ്കിലും പരമാവധി 160 കിലോമീറ്ററിലായിരിക്കും സര്‍വീസുകളെന്നും മന്ത്രി വ്യക്തമാക്കി.