Job Market | ഇന്ത്യയിൽ തൊഴിലില്ലായ്മയും സാമ്പത്തിക വളർച്ചയും തമ്മിലുള്ള വിടവ് വലുതാകുന്നു; രാജ്യത്തെ വ്യവസായ നയം മാറ്റേണ്ടത് പരിഹാരമാണോ?
ഉൽപ്പാദന മേഖലയിലെ തൊഴിലവസരങ്ങൾ കുറഞ്ഞുവരുകയും അസംഘടിത സേവന മേഖലയിലേക്ക് ആളുകൾ മാറുകയും ചെയ്യുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ദക്ഷ മനു
(KVARTHA) നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചിന് വേണ്ടി ഡാനി റോഡ്രിക്, രോഹന്‍ സന്ധു എന്നീ സാമ്പത്തിക വിദഗ്ധര്‍ തയ്യാറാക്കിയ പ്രബന്ധം വികസ്വര രാജ്യങ്ങളിലെ തൊഴില്‍ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഉല്‍പ്പാദന മേഖല പൊതുവെ കുറഞ്ഞ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നെന്നും നഗരങ്ങളിലെ പുതിയ തൊഴിലവസരങ്ങള്‍ അസംഘടിതവും ഉല്‍പ്പാദനക്ഷമമല്ലാത്തതും കൂടുതലും സേവനമേഖലയില്‍ ഉള്ളതാണെന്നും ഇവര്‍ പറയുന്നു.
തൊഴില്‍ സേനയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് ഉല്‍പ്പാദന മേഖലയിലോ, നിലവില്‍ കുറഞ്ഞ വേതനത്തില്‍ സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ ഉല്‍പ്പാദനക്ഷമമായ ജോലികള്‍ കിട്ടാനോ സാധ്യതയില്ല എന്നാണ് ഇരുവരുടെയും കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. 2017 സാമ്പത്തിക വര്‍ഷം മുതല്‍ 2023 സാമ്പത്തിക വര്‍ഷം വരെ ഉല്‍പ്പാദന മേഖലയിലെ തൊഴില്‍ ഡാറ്റ പരിശോധിച്ചാല്‍, കോവിഡ് കാലത്ത് ഈ മേഖലയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തുന്നു, തൊഴിലവസരങ്ങള്‍ 2017ലെ 51.31 ദശലക്ഷത്തില്‍ നിന്ന് 2021 ല്‍ 29.83 ദശലക്ഷമായി കുറഞ്ഞു.
2023ല്‍ ഇത് 35.65 ദശലക്ഷമായി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കോവിഡിന് മുമ്പുള്ള അവസ്ഥയില്‍ എത്തിയിട്ടില്ല. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദനത്തില്‍ ഉല്‍പ്പാദനമേഖലയുടെ സംഭാവന രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് 17% ആയിരുന്നത് 2022-ല്‍ 13% ആയി കുറഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് അഞ്ച് ദശലക്ഷം നിര്‍മ്മാണ ജോലികളാണ് പുതുതായി ഉണ്ടായത്. ഈ മേഖലയിലെ മൊത്തം തൊഴില്‍ 65 ദശലക്ഷമായി.
2020 ലെ പെട്ടെന്നുള്ള ലോക്ക്ഡൗണ്‍ കാരണം നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തൊഴിലാളികള്‍ കൂട്ടത്തോടെ കുടിയേറി. ഇത് വ്യവസായവല്‍ക്കരണത്തിലേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് താല്‍ക്കാലിക തിരിച്ചടിയായതായി വിദഗ്ധര്‍ നിരീക്ഷിച്ചു. എന്നാല്‍ ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്ന ഭക്ഷ്യ-ക്ഷേമ പദ്ധതി കാരണം, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ കര്‍ഷകത്തൊഴിലാളികളുടെ എണ്ണം ഏകദേശം 60 ദശലക്ഷം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം, കോവിഡിന്റെ ആഘാതം കുറഞ്ഞപ്പോള്‍ പോലും, കാര്‍ഷിക മേഖല 13 ദശലക്ഷം തൊഴിലാളികള്‍ക്ക് പുതുതായി തൊഴില്‍ നല്‍കി.
സാമ്പത്തിക വിദഗ്ധന്‍ സന്തോഷ് മെഹ്റോത്ര പറയുന്നത്, 2005 മുതല്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2019-ന്റെ തുടക്കത്തില്‍ ഇത് 200 ദശലക്ഷത്തില്‍ താഴെയായി. അതിനുശേഷം, ഇത് 260 ദശലക്ഷത്തിലധികമായി ഉയര്‍ന്നു, രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന കാര്‍ഷിക തൊഴിലിന് അടുത്തെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സമ്പദ് വ്യവസ്ഥ ഏഴ് ശതമാനം വേഗത്തില്‍ വളര്‍ന്നാലും അടുത്ത ദശകത്തില്‍ ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ പാടുപെടുമെന്ന് സിറ്റിഗ്രൂപ്പ് ഇന്‍കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു, തൊഴിലും വൈദഗ്ധ്യവും വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യത്തിന് കൂടുതല്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ടുകളും പഠനങ്ങളും ബദല്‍ സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും അതിനാവശ്യമായ പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല.
ഉല്‍പ്പാദന മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും, ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഏതുതരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് എന്നതാണ്. രാജ്യത്തെ തൊഴില്‍ മേഖല ശക്തമല്ല. താല്‍ക്കാലിക റിക്രൂട്ട്മെന്റ് കൂടിയിട്ടുണ്ടെങ്കിലും ഇവയുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നു. അസംഘടിത ജോലിയിലും സ്വയം തൊഴിലിലും ശ്രദ്ധേയമായ ഉയര്‍ച്ചയുണ്ട്, ഇത് 'പുതിയ തൊഴിലവസരങ്ങള്‍' എന്ന് ഗവണ്‍മെന്റ് അവകാശപ്പെടുന്നു, അതേസമയം സ്ഥിര ശമ്പളമുള്ള തസ്തികകളിലെ യഥാര്‍ത്ഥ വളര്‍ച്ച നിശ്ചലമായി തുടരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ തൊഴില്‍ പ്രവണതകളെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. ആദ്യ ഘട്ടത്തില്‍ (1993-94 മുതല്‍ 2004-05 വരെ) ശമ്പളം വാങ്ങുന്നവരുടെയും സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും അനുപാതത്തില്‍ വര്‍ദ്ധനവുണ്ടായി, കാഷ്വല്‍ തൊഴിലാളികള്‍ കുറവായിരുന്നു. 2004-05 മുതല്‍ 2017-18 വരെയുള്ള രണ്ടാംഘട്ടം ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ അനുപാതം 2004-05ലെ 18.5% ത്തില്‍ നിന്ന് 2017-18ല്‍ 23.5% ആയി ഉയര്‍ന്നു. ഈ കാലയളവില്‍, കാഷ്വല്‍ തൊഴിലാളികളും സ്വയം തൊഴില്‍ ചെയ്യുന്നവരും ഒരുപോലെ കുറഞ്ഞു.
തൊഴിലിന്റെ ഗുണമേന്മയുടെ കാര്യത്തില്‍, ഇന്ത്യയിലെ സ്വയംതൊഴില്‍, കാഷ്വല്‍ ജോലി എന്നിവ പലപ്പോഴും അപകടകരവും തൊഴില്‍ സുരക്ഷിതത്വമില്ലാത്തതും കുറഞ്ഞ ശരാശരി വരുമാനം ഉള്ളതുമാണ്. ഉല്‍പ്പാദന മേഖലയിലൂടെ തൊഴില്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഈ സമീപനത്തിന്റെ സുസ്ഥിരതയും ഫലപ്രാപ്തിയും സംബന്ധിച്ച ചോദ്യങ്ങള്‍ വിദഗ്ധര്‍ ഉന്നയിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഒരു ഹൈബ്രിഡ് മാതൃക ഉള്‍ക്കൊള്ളുന്ന ശക്തമായ ഒരു വ്യവസായ നയം ഇന്ത്യക്ക് ആവശ്യമാണ്. ഈ മാതൃക ടെക്‌സ്‌റ്റൈല്‍സ്, ഗാര്‍മെന്റ്‌സ് തുടങ്ങിയ പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായങ്ങളെ സംയോജിപ്പിക്കുന്നു.
വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു, നവീകരണവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ആധുനിക ഹൈടെക് മേഖലകള്‍ കൂടാതെ, ഗവേഷണ-വികസന, ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ തുടങ്ങിയ സേവനങ്ങള്‍ ഉല്‍പ്പാദനവുമായി സംയോജിപ്പിക്കുന്നത് മൂല്യ ശൃംഖല വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഹരിത സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കുകയും സമഗ്ര സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വലിയ, ഉല്‍പ്പാദനക്ഷമതയുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ തൊഴില്‍ വിപുലീകരിക്കുന്നതിന് പ്രോത്സാഹനം നല്‍കുക, പൊതു നിക്ഷേപം ഉപയോഗിച്ച് ചെറുകിട സ്ഥാപനങ്ങളുടെ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുക, അവിദഗ്ധ തൊഴിലാളികള്‍ക്ക് സമഗ്ര സാങ്കേതികവിദ്യകള്‍ നല്‍കുക; തൊഴിലന്വേഷകര്‍ക്ക് തൊഴില്‍, ജോലി സ്ഥിരത, സ്ഥാനക്കയറ്റം എന്നിവ മെച്ചപ്പെടുത്തുന്നതിന് റാപ് എറൗണ്ട് സേവനങ്ങളോടുകൂടിയ തൊഴില്‍ പരിശീലനം വാഗ്ദാനം ചെയ്യുക.
സങ്കര മാതൃകയ്ക്ക് വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണം മെച്ചപ്പെടുത്താനും നവീകരണവും സുസ്ഥിര വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാനും നിലവില്‍ തൊഴില്‍ മേഖലയിലുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും കഴിയും.