മഹാരാഷ്ട്രയില്‍ എന്‍ സി പിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു; ഇന്ദിരാഗാന്ധിയാണ് ജനാധിപത്യത്തെ ആദ്യം കഴുത്തു ഞെരിച്ചതെന്ന് മന്ത്രി; ഉദ്ദവ് താക്കറെ മന്ത്രിസഭയില്‍ പ്രതിസന്ധി

 


മുംബൈ : (www.kvartha.com 30.01.2020) മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര അവ്ഹാഡ്. ഇന്ദിരാഗാന്ധിയാണ് ജനാധിപത്യത്തെ ആദ്യം കഴുത്തു ഞെരിച്ചതെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഒരു പൊതുറാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അവ്ഹാഡിന്റെ ഈ വിവാദ പ്രസ്താവന. ഇതോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മഹാ അഖാഡിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കയാണ്.

ഇന്ദിരാഗാന്ധി ജനാധിപത്യത്തെ കഴുത്തുഞെരിച്ചപ്പോള്‍ ആരും എതിര്‍ത്ത് സംസാരിക്കാന്‍ ധൈര്യപ്പെട്ടില്ല. പിന്നീട് അഹമ്മദാബാദിലെയും പാറ്റ്നയിലെയും വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ് ഇന്ദിരയുടെ തോല്‍വിയിലേക്ക് വഴി വെച്ചത്.

മഹാരാഷ്ട്രയില്‍ എന്‍ സി പിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു; ഇന്ദിരാഗാന്ധിയാണ് ജനാധിപത്യത്തെ ആദ്യം കഴുത്തു ഞെരിച്ചതെന്ന് മന്ത്രി; ഉദ്ദവ് താക്കറെ മന്ത്രിസഭയില്‍ പ്രതിസന്ധി

സമാനമായ സാഹചര്യമാണ് മഹാരാഷ്ട്രയും രാജ്യവും നേരിടുന്നതെന്നും മന്ത്രി ജിതേന്ദ്ര അവ്ഹാഡ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിറ്റ്‌ലര്‍ ഭരണമാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം എന്‍സിപി നേതാവായ ജിതേന്ദ്രയുടെ പ്രസ്താവനയ്ക്കെതിരെ മഹാരാഷ്ട്രയിലെ മന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള മോശം പരാമര്‍ശത്തെ അംഗീകരിക്കാനാകില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച നേതാവാണ് ഇന്ദിരാഗാന്ധി. ഇക്കാലത്തും ഇത് സ്മരിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും ഒരാള്‍ ഇത്തരം മോശം പരാമര്‍ശം നടത്തിയാല്‍ സഹിഷ്ണുതയോടെ കേട്ടിരിക്കില്ലെന്നും, ഉചിതമായ തിരിച്ചടി നല്‍കുമെന്നും അശോക് ചവാന്‍ ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ, ജിതേന്ദ്ര അവ്ഹാഡ് തന്റെ പ്രസ്താവന മയപ്പെടുത്തി രംഗത്തുവന്നു. മുംബൈയെ മഹാരാഷ്ട്രയുടെ തലസ്ഥാനമാക്കിയത്, ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്, പാകിസ്ഥാനെ തോല്‍പ്പിച്ചത് അടക്കമുള്ള ഇന്ദിരാഗാന്ധിയുടെ കാലത്തെ നേട്ടങ്ങളെ ഉദ്ധരിച്ചാണ് ജിതേന്ദ്ര അവ്ഹാഡ് രംഗത്തെത്തിയത്. അവ്ഹാഡിന്റെ മലക്കം മറിച്ചിലിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കിരിത് സോമയ്യ രംഗത്തെത്തിയിട്ടുണ്ട്.

കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് ശിവസേന കോണ്‍ഗ്രസിന്റേയും എന്‍ സി പിയുടേയും പിന്തുണയോടെ അധികാരത്തിലെത്തിയത്. മഹാ അഗാഡി എന്ന സഖ്യത്തിലാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയപ്പെടുന്നത്.

Keywords:  Indira Gandhi tried to throttle democracy through Emergency: Jitendra Awhad, Mumbai, News, Politics, Controversy, Protesters, Students, Minister, Maharashtra, BJP, NCP, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia