Stunt | തിരക്കേറിയ റോഡില്‍ പണം വാരിയെറിഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍; പിന്നാലെ അറസ്റ്റ് 

 
A young man throwing money on a busy road in Hyderabad.
A young man throwing money on a busy road in Hyderabad.

Photo Credit: X/ Sudhakar Udumula

ഹൈദരാബാദിലെ കുക്കട്പള്ളിയിലാണ് സംഭവം
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി

ഹൈദരാബാദ്: (KVARTHA) സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനും ആരാധകരെ സമ്പാദിക്കാനും എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ഇന്‍ഫ്‌ളുവന്‍സര്‍മാരുണ്ട്. ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന കണ്ടന്റുമായിട്ടാണ് ഇവര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത്. ചിലതൊക്കെ ആളുകളെ രസിപ്പിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു തെരുവില്‍ ഒരു ഇന്‍ഫളുവന്‍സര്‍ നടത്തിയ പ്രകടനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരക്കേറിയ റോഡിന് നടുക്കുനിന്ന് മുകളിലേക്ക് പണം വാരി വിതറിയ ഇന്‍ഫ്‌ളുവന്‍സറാണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈലായിക്കഴിഞ്ഞു.


വെള്ളിയാഴ്ച ഹൈദരാബാദിലെ കുക്കട്പള്ളിയിലാണ് സംഭവം. ഹര്‍ഷ എന്ന് ഇന്‍സ്റ്റഗ്രാമിൽ അറിയപ്പെടുന്ന കൊരപതി വംശി എന്ന 23 കാരനെതിരെയാണ്  സൈബരാബാദിലെ കെപിഎച്ച്ബി, കുക്കട്ട്പള്ളി, സനത്നഗര്‍ പൊലീസ് കേസെടുത്തത്. റോഡില്‍ ശല്യം സൃഷ്ടിക്കുക, അലക്ഷ്യമായി പെരുമാറുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കുക്കട്ട്പള്ളി ഡിവിഷന്‍ എസിപി ശിവ ഭാസ്‌കര്‍ പറഞ്ഞു. യുവാവിനെ അറസ്റ്റ് ചെയ്തു. അല്ലാപ്പൂരില്‍ നടത്തുന്ന റെഡിമെയ്ഡ് വസ്ത്രക്കടയാണ് ഹര്‍ഷയുടെ വരുമാന സ്രോതസെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പ്രശസ്തിയും ലൈക്കുകളും നേടുന്നതിനായി അദ്ദേഹം തിരക്കേറിയ സ്ഥലങ്ങളില്‍ പണം വാരിയെറിയുകായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

3.7 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാമില്‍ 'ഇറ്റ്സ്_മീ_പവര്‍' എന്ന പേരില്‍ പ്രശസ്തനായ ഹര്‍ഷയാണ് കെട്ടുകണക്കിന് നോട്ടുകള്‍ വായുവിലേക്ക് എറിഞ്ഞ് റോഡില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. വീഡിയോ ഇതിനോടം 27 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. വീഡിയോയില്‍ ചുറ്റിനും വാഹനങ്ങള്‍ പോകുന്ന ഒരു റോഡില്‍ നിന്ന് ഹര്‍ഷ വായുവിലേക്ക് പണം എറിയുന്നതാണ് കാണുന്നത്.  ഇത് കണ്ട് ആളുകള്‍ ഓടിക്കൂടുന്നതും പണം വാരിയെടുക്കുന്നതുമാണ് കാണുന്നത്. വീഡിയോ വൈറലായതോടെ ഹര്‍ഷയുടെ പ്രവൃത്തിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. പലരും വീഡിയോയുടെ താഴെ ഹൈദരാബാദ് സിറ്റി പൊലീസിനെ ടാഗ് ചെയ്തു.  മറ്റുള്ളവര്‍ പൊതു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിനുപകരം യോഗ്യമായ ഒരു കാര്യത്തിനായി പണം സംഭാവന ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഹര്‍ഷയോട്  നിര്‍ദേശിച്ചു.

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. പണം വാരിവിതറുന്നതിനിടയില്‍ തന്റെ ടെലിഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാന്‍  കൂടുതല്‍ അനുയായികളെ ഹര്‍ഷ ക്ഷണിച്ചു, അവിടെ താന്‍ അടുത്തതായി ടോസ് ചെയ്യുന്ന പണത്തിന്റെ അളവ് ഊഹിക്കാന്‍ കഴിയുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും ഹര്‍ഷ വാഗ്ദാനം നല്‍കി. മാത്രമല്ല തന്റെ പുതിയ പ്രശസ്തിയും സമ്പത്തും കൊണ്ട് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഹര്‍ഷ പറഞ്ഞു. മുന്‍പും ഇതുപോലെ ഹര്‍ഷ ഓരോ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മറ്റ് ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ നിന്ന് വ്യക്തമാണ്.  ഒരു വീഡിയോയില്‍ ഇയാള്‍ വന്‍തോതില്‍ മദ്യം വാങ്ങി തെരുവില്‍ വിതരണം ചെയ്യുന്നതും, 30 പേര്‍ക്ക് 1000 രൂപയുടെ ഇന്ധനം വാഗ്ദാനം ചെയ്യുന്നതുമാണ് കാണുന്നത്.

#HyderabadNews #ViralVideo #SocialMedia #Influencer #Arrest #PublicNuisance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia