

● യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ഫെബ്രുവരി 21ന് ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കുന്നു.
● മാതൃഭാഷ ദിനാചരണത്തിന്റെ തുടക്കം വരുന്നത് ബംഗ്ലാദേശിൽ നിന്നാണ്.
● ലോകമെമ്പാടും ഏകദേശം 7000 വ്യത്യസ്ത ഭാഷകൾ മാതൃഭാഷയായി സംസാരിക്കുന്നുണ്ട് എന്ന് കണക്കക്കുന്നു.
(KVARTHA) ലോകത്തെല്ലാവർക്കും ഓരോ സംസാരഭാഷയുണ്ട്. ഈ ലോകത്തേക്ക് കടന്നുവരുന്ന ഓരോ മനുഷ്യജീവനും ഒരു ഭാഷയുടെ നടുവിലേക്കാണ് പിറന്നുവീഴുന്നത്. അവയ്ക്ക് അവയുടെതായ സവിശേഷതയുമുണ്ട്. സംസ്കാര പാരമ്പര്യമുണ്ട്. ഈ സവിശേഷതകളെ ആഘോഷിക്കുകയെന്നതും പാരമ്പര്യത്തെ സംരക്ഷിക്കുക യെന്നതുമായ ലക്ഷ്യത്തോടെയാണ് യുഎൻ വർഷത്തിൽ ഒരു ദിവസം മാതൃഭാഷാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ഭാഷാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ഫെബ്രുവരി 21ന് ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കുന്നു. മാതൃഭാഷ ദിനാചരണത്തിന്റെ തുടക്കം വരുന്നത് ബംഗ്ലാദേശിൽ നിന്നാണ്. ഇന്ത്യ വിഭജിക്കപ്പെട്ട് മുസ്ലീങ്ങൾക്കായി പാകിസ്ഥാൻ എന്നൊരു രാജ്യം ഉണ്ടായപ്പോൾ അവിടെ ദേശീയ ഭാഷയായി ഉറുദുവിനെ അംഗീകരിച്ചിരുന്നു. ഉറുദു സംസാരിക്കാത്ത കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കണ്ട് അവഹേളിക്കുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു.
ഈ അവഹേളനയിൽ മനംനൊന്ത് വലിയൊരു വിഭാഗം ജനങ്ങൾ അവരുടെ ഭാഷയായ ബംഗാളിയെ കൂടി ദേശീയ ഭാഷയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഇറങ്ങുകയും പാക്ക് ഭരണകൂടം ഈ പ്രക്ഷോഭത്തെ ചോരയിൽ മുക്കി കൊല്ലുകയും ചെയ്തു. ബംഗാളിയെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിന്റെ വാർഷികമാണ് ഫെബ്രുവരി 21.
ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉത്ഭവം. 1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്.
ലോകമെമ്പാടും ഏകദേശം 7000 വ്യത്യസ്ത ഭാഷകൾ മാതൃഭാഷയായി സംസാരിക്കുന്നുണ്ട് എന്ന് കണക്കക്കുന്നു. ഓരോ 14 ദിവസത്തിലും ഇതിൽ ഓരോ ഭാഷ അപ്രത്യക്ഷമാകുന്നു എന്നാണ് നിലവിലെ കണക്ക്. മേൽപ്പറഞ്ഞതിൽ 90% ഭാഷകളിലും ഒരു ലക്ഷത്തി താഴെ ആൾക്കാർ മാത്രമേ സംസാരത്തിന് ഉപയോഗിക്കുന്നുള്ളൂ. രണ്ടായിരത്തോളം ഭാഷകളിൽ കേവലം 1000 ൽ താഴെ മാത്രമാണ് ആൾക്കാർ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ 40% ഭാഷകളും അടുത്ത 100 വർഷം കൊണ്ട് അപ്രത്യക്ഷമാകും എന്നാണ് കണക്കാക്കുന്നത്.
ലോക ജനസംഖ്യയിൽ 65 ശതമാനം ജനങ്ങളും ഉപയോഗിക്കുന്നത് ഈ 7000 ഭാഷകളിൽ പെടുന്ന 10 ഭാഷകൾ മാത്രമാണ് എന്ന് പറയുമ്പോഴാണ് മാതൃഭാഷകൾ അപ്രത്യക്ഷമാകുന്ന പ്രവണതയെ പറ്റി കൂടുതൽ ബോധവാനാകുന്നത്. കുടിയേറ്റം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഭാഷകൾ അന്യം നിന്നു പോകുക എന്നത് സർവ്വസാധാരണമാവുകയാണ്.
നമ്മെ നാമാക്കിയ സംസ്കാരത്തെ നാം സ്നേഹിക്കുന്നുണ്ടെങ്കിൽ എന്ത് വിലകൊടുത്തും നമുക്ക് നമ്മുടെ മാതൃഭാഷയെ സംരക്ഷിക്കുക എന്നത് മൗലികമായ കടമയാണ്. മാതൃഭാഷ എന്ന നാലക്ഷരം കാണുമ്പോൾ മാതൃഭാഷയെ പറ്റിയുള്ള ഏറ്റവും നല്ല വരികൾ ആരുടേതാണ് എന്ന് സ്വയം ചോദിച്ചു കഴിഞ്ഞാൽ ഒട്ടും സംശയമില്ലാതെ ഓരോ മലയാളിയുടെ മനസ്സിലും കടന്നുവരുന്ന പേര് കേരള വാത്മീകി എന്ന പേരിൽ അറിയപ്പെടുന്ന മഹാകവി വള്ളത്തോൾ നാരായണമേനോന്റേത് ആയിരിക്കുമെന്ന കാര്യത്തിൽയാതൊരു സംശയവുമില്ല..
‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ’, മാതൃഭാഷ പെറ്റമ്മയാണ്.. മറ്റു ഭാഷകൾ പോറ്റമ്മയാണ് എന്ന കവി വാക്യം ഉൾക്കൊണ്ടുകൊണ്ട് നമുക്ക് നമ്മുടെ മാതൃഭാഷയെ സംരക്ഷിക്കണം എന്ന് ഇന്നത്തെ മാതൃഭാഷ ദിനത്തിൽ പ്രതിജ്ഞ എടുക്കാം.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
International Mother Language Day on February 21 celebrates linguistic diversity and calls for the preservation of native languages and cultural heritage globally.
#MotherLanguageDay, #LanguageDiversity, #PreserveLanguages, #CulturalHeritage, #UNESCO