Law | 'പട്ടം' പറത്തുന്നത് ഇന്ത്യയില്‍ നിയമ വിരുദ്ധമാണോ? അറിയാമോ ഇക്കാര്യങ്ങള്‍!
● 1934ലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്ട് പ്രകാരം നിരോധനം.
● 2008ല്‍ ഈ നിയമത്തിന് ഒരു ഭേദഗതി വരികയും ചെയ്തു.
● 2 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റം.
റോക്കി എറണാകുളം
(KVARTHA) പട്ടം പറത്തുകയെന്നത് കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആനന്ദിപ്പിക്കുന്ന ഒരു വിനോദമാണ്. കൊച്ചു കുട്ടികളെ സന്തോഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മാനത്ത് പാറിക്കളിക്കുന്ന പല വര്‍ണങ്ങളിലുള്ള പട്ടങ്ങളെ കാണിച്ചു കൊടുക്കുകയെന്നതാണ്. പൊതുനിരത്തുകളിലും ബീച്ചുകളിലും മറ്റും കുട്ടികള്‍ പട്ടം പറത്തി കളിക്കുന്നത് പതിവ് കാഴ്ചയാണ്. പട്ടത്തെ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ലെന്നതാണ് സത്യം. എന്നാല്‍, പട്ടം പറത്തുന്നത് ഇന്ത്യയില്‍ കുറ്റകരമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള മറുപടി അതെ എന്ന് തന്നെയാണ്. അതിന്റെ കാരണങ്ങള്‍ വിവരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
കുറിപ്പില്‍ പറയുന്നത്: 'പട്ടം പറത്തുന്നത് നല്ല ആനന്ദം പകരുന്ന ഒരു വിനോദമാണ്. മനോഹരമായ ആകാശത്തില്‍ അതിലും മനോഹരമായ പട്ടങ്ങള്‍ കാറ്റത്തു പാറി പറക്കുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. എന്നാല്‍ പട്ടം പറത്തുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ് എന്ന് പറഞ്ഞാലോ? എന്ത് മണ്ടത്തരമാണിത് എന്നാവും പറയുന്നത്. എന്നാല്‍ പറഞ്ഞത് സത്യമാണ്. പട്ടം പറത്തുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. 1934ലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്ട് പ്രകാരം ആകാശത്തു പട്ടം പറത്തുന്നത് നിരോധിച്ചിരിക്കുന്നു.
പിന്നീട് 2008ല്‍ ഈ നിയമത്തിനു ഒരു ഭേദഗതി വരികയും ചെയ്തു. വെറുമൊരു നിരോധനം മാത്രമല്ല അത്, സെക്ഷന്‍ 11 പ്രകാരം നിയമം പാലിക്കാത്തവര്‍ക്ക് 2 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ഈ നിയമ പ്രകാരം ആകാശത്തു പട്ടം പറത്തണമെങ്കില്‍ ഒരു ലൈസന്‍സ് തന്നെ എടുക്കേണ്ടി വരും. ഒരു ചെറിയ വിനോദം ഇത്രയും വലിയ കുറ്റമാണോ? ജയില്‍ വാസം ലഭിക്കാന്‍ തക്ക വ്യാപ്തിയുള്ള കുറ്റം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിയമം?
1934 ലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം 'വായു, ജല, കര ഗതാഗത്തിനും ജീവികള്‍ക്കും വസ്തുക്കള്‍ക്കും ഹാനി വരുത്തുന്ന രീതിയില്‍ മനപ്പൂര്‍വം ആര് ഒരു എയര്‍ക്രാഫ്റ്റ് പറത്തുന്നുവോ, ആ വ്യക്തിക്ക് 2 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്നതാണ്.' (ദി എയര്‍ക്രാഫ്റ്റ് ആക്ട്, സെക്ഷന്‍ 11, ഇന്ത്യന്‍ ലജിസ്ലേറ്റീവ് ഗവണ്മെന്റ്). ഈ വിധിക്ക് പിന്നീട് 2008ല്‍ ഒരു ഭേദഗതി കൊണ്ടുവന്നു. ജയില്‍ ശിക്ഷാ കാലാവധിയും പിഴയുടെ സംഖ്യയും കൂട്ടുകയുണ്ടായി.
എയര്‍ക്രാഫ്റ്റ് നിയമപ്രകാരം അന്തരീക്ഷമര്‍ദ്ദത്തെ പിന്തുണയ്ക്കുന്ന ഏതൊരു യന്ത്രത്തേയും ഉപകരണത്തേയും എയര്‍ ക്രാഫ്റ്റ് ആയി പരിഗണിക്കുന്നു. ഈ നിയമം അനുശാസിക്കുന്നതനുസരിച്ച് ഗ്ലൈഡര്‍, പട്ടം, പറക്കുന്ന യന്ത്രങ്ങള്‍ എന്തിനു ഒരു ബലൂണ്‍ പോലും ഈ നിയമത്തില്‍ പെടും. നമുക്ക് നിര്‍ബന്ധമായും പട്ടം പറത്തുന്നതിനു ഒരു ലൈസന്‍സ് വേണ്ടി വരും. ഇത്തരത്തിലുള്ള ലൈസന്‍സ് ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ലഭിക്കുന്നത്. ഈ ലൈസന്‍സ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും ലഭ്യമാണ്.
ഈയൊരു നിയമം നിലനില്‍ക്കെ തന്നെ ആരും തന്നെ പട്ടം പറത്താന്‍ ഇത്തരത്തിലുള്ള ഒരു ലൈസന്‍സും എടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ ജനതയ്ക്ക് ഈ നിയമത്തെ പറ്റി കാര്യമായ അവബോധമില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിലും അശ്ചര്യകരമായ കാര്യമെന്തെന്നാല്‍ പലരോടും നമ്മള്‍ ഇതിനെപ്പറ്റി ചോദിച്ചാല്‍ ഇങ്ങനെയൊരു നിയമം നിലവിലുള്ളതുപോലും അവര്‍ക്ക് നിശ്ചയമില്ല എന്നാണ്. അവര്‍ക്കാര്‍ക്കും തന്നെ പട്ടം പറത്തുന്ന ലൈസന്‍സിനെപ്പറ്റി അറിയുകയുമില്ല. ഈ നിയമത്തെപ്പറ്റി കാര്യമായിട്ടുള്ള അറിവില്ലാതെ ഇന്നും അനവധി പേര്‍ പട്ടം പറത്തല്‍ ഒരു വിനോദമായി കൊണ്ടു നടക്കുന്നു'.
ഇതാണ് ആ കുറിപ്പ്. പട്ടം പറത്തുന്ന എല്ലാവരും ശ്രദ്ധിക്കുക. നിങ്ങളെ ഒരു അപകടം മണക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ ഇതുപോലെയുള്ള പല നിയമങ്ങളെപ്പറ്റിയും അറിയാത്തതിനാല്‍, ഇത്തരം അപകടങ്ങള്‍ സംഭവിക്കാം. അതുകൊണ്ട്, പട്ടം പറത്തുമ്പോള്‍ ജാഗ്രത പാലിക്കുക. ഇതുപോലെയുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയട്ടെ. ഈ ലേഖനം പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്യുക.
#kiteflying #illegal #India #aircraftact #law #kite #flying #regulation #safety