'നിങ്ങള്‍ പ്രിയപ്പെട്ടവരോട് ഇങ്ങനെ ചെയ്യില്ലല്ലോ, എന്നോടും നിങ്ങളിത് ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു': തട്ടിപ്പ് കേസില്‍ പിടിയിലായ സുകേഷുമൊത്തുള്ള തന്റെ ചിത്രം പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി
Jan 9, 2022, 19:29 IST
മുംബൈ: (www.kvartha.com 09.01.2022) സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള തന്റെ ചിത്രം പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാന്‍ഡെസ്. സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിത്. അതിനാല്‍ മാധ്യമങ്ങളും സുഹൃത്തുക്കളും ആ ചിത്രം പ്രചരിപ്പിക്കരുതെന്ന് ജാക്വിലിന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
'ഈ രാജ്യവും ഇവിടുത്തെ ആളുകളും എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവും തന്നിട്ടുണ്ട്. ഇതില്‍ എന്റെ മാധ്യമ സുഹൃത്തുക്കളും ഉള്‍പെടും. ഞാനിപ്പോള്‍ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ എന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്നെ മനസിലാകുമെന്ന് ഉറപ്പുണ്ട്. ആ വിശ്വാസത്തോടെ ഞാന്‍ എന്റെ മാധ്യമ സുഹൃത്തുക്കളോട് എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങള്‍ ഇത് ചെയ്യില്ലല്ലോ, എന്നോടും നിങ്ങളിത് ചെയ്യില്ലെന്ന് ഉറപ്പുണ്ട്. നീതി നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് ജാക്വിലിന് കുറിച്ചത്.
വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണ് ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ടിസ് ഹെല്‍ത് കെയറിന്റെ മുന്‍ പ്രമോടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്ന് 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്.
ഇതിനിടെയാണ് ജ്വാക്വിലിനുമായി സുകേഷ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയത്. സുകേഷും ജാക്വിലിന് ഫെര്ണാന്ഡെസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനെ തുടര്‍ന്ന് ജാക്വിലിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.