ഝാര്‍ഖണ്ഡിലെ ജഡ്ജിയുടെ മരണം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടല്‍; കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു, അന്വേഷണം ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 29.07.2021) പ്രഭാത നടത്തത്തിനിടെ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓടോ റിക്ഷ ഇടിച്ച് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹൈകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം. 

സ്വതന്ത്ര അന്വേഷണം വേണമെന്ന് നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചിരുന്നു. വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടല്‍. 

സംഭവത്തില്‍ ഓടോറിക്ഷ ഡ്രൈവര്‍ ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റിലായെന്നാണ് സൂചന. ജഡ്ജിയെ ഇടിച്ച ഓടോയും കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മോഷണം പോയ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് റിപോര്‍ടുകള്‍. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്ത് നിന്ന് ഒരാള്‍ വിഡിയോയില്‍ പകര്‍ത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഝാര്‍ഖണ്ഡിലെ ജഡ്ജിയുടെ മരണം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടല്‍; കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു, അന്വേഷണം ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍


പുലര്‍ച്ചെ അഞ്ചുമണിയോടെ ധന്‍ബാദിലെ മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്തായിരുന്നു ഈ സംഭവം. പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലക്ക് പരിക്കേറ്റ് റോഡരുകില്‍ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷം മരിച്ചു. 

മരിച്ചയാളെ പൊലീസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതോടെയാണ് ജഡ്ജ് ആണ് മരിച്ചതെന്നറിഞ്ഞത്. ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധന്‍ബാദിലെത്തിയത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

ജാരിയ എം എല്‍ എ സഞ്ജീവ് സിങ്ങിന്റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസില്‍ ഉത്തര്‍പ്രദേശിലെ അമാന്‍ സിങ്ങിന്റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേര്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ആനന്ദ് പരിഗണിച്ചിരുന്ന കേസുകളെപ്പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അതേസമയം ജഡ്ജിയെ ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ജഡ്ജിയെ വാഹനം ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഝാര്‍ഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചു. ഹൈകോടതി സ്വമേധയ കേസെടുത്തിട്ടുണ്ടെന്നും പൊലീസിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് രമണ അറിയിച്ചു. ധന്‍ബാദ് പൊലീസ് സുപ്രണ്ടിനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍ഹറ് വികാസ് സിങ് വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. 'ഒരു ഗുണ്ടാസംഘത്തിന് ജാമ്യം നിരസിച്ചതിന് ശേഷം ആരെങ്കിലും ഇതുപോലെ കൊല്ലപ്പെടുകയാണെങ്കില്‍, ഇത് നിയമവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അപകടകരമായ അവസ്ഥയാണ്. കേസില്‍ സി ബി ഐ അന്വേഷണം വേണം' -സിങ് ചീഫ് ജസ്റ്റിസ് മുമ്പാകെ പറഞ്ഞു.  

രാജ്യത്ത് ഏറ്റവും അധികം കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശമാണ് ഝാര്‍ഖണ്ഡിലെ ധന്‍ബാദ്. കല്‍ക്കരി മാഫിയകളുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ധന്‍ബാദിലെ ഈ സംഭവം ഒരു അപകടമെന്ന് എഴുതിതള്ളാനാകില്ല. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ അടുത്തകാലത്ത് ഒരു കേസില്‍ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. 

Keywords:  News, National, India, New Delhi, Accident, Death, Judge, Case, High Court, CCTV, Social Media, Jharkhand judge's death: Supreme Court Bar seeks CBI probe, CJI Ramana speaks to HC judge
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia