Jiah Khan case | നടി ജിയാഖാന്റെ ആത്മഹത്യ: പ്രതി സ്ഥാനത്തുണ്ടായിരുന്ന സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി, വിധി പറഞ്ഞത് 10 വര്‍ഷത്തിനുശേഷം

 


മുംബൈ: (www.kvartha.com) നടിയും മോഡലുമായ ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുണ്ടായിരുന്ന സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി മുംബൈ സ്‌പെഷല്‍ സിബിഐ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി സൂരജ് പാഞ്ചോളിയെ വെറുതെ വിട്ടത്. സ്പെഷല്‍ സിബിഐ ജഡ്ജി എ എസ് സയ്യാദിന്റേതാണ് വിധി പ്രസ്താവം. വിധി പറയുമ്പോള്‍ സൂരജ് പാഞ്ചോളിയും നടിയും മാതാവുമായ സെറീന വഹാബും കോടതിയിലുണ്ടായിരുന്നു.

കേസില്‍ 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിധിപറഞ്ഞത്. ബോളിവുഡ് ദമ്പതികളായ ആദിത്യ പാഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പാഞ്ചോളി. 'നിശ്ശബ്ദ്' എന്ന ചിത്രത്തില്‍ അമിതാഭ് ബചന്റെ നായികയായി ശ്രദ്ധ നേടിയ താരമാണ് ജിയാ ഖാന്‍. 2013 ജൂണ്‍ നാലിനാണ് ജിയാ ഖാനെ മുംബൈ ജുഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംവിധാന സഹായി കൂടിയായ സൂരജ് പാഞ്ചോളിക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

നടിയുമായി അടുപ്പത്തിലായിരുന്ന സൂരജിനെ ആറു പേജുള്ള ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൂരജ് അകന്നതിനെ തുടര്‍ന്ന് ജിയ നിരാശയിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പിന്നീട് ഹൈകോടതി സൂരജിന് ജാമ്യം അനുവദിച്ചു.

പൊലീസിനു ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ സൂരജുമായുള്ള അടുപ്പവും പിന്നീട് അകന്നതിനുശേഷമുള്ള ശാരീരിക മാനസിക പീഡനകഥകളും വിവരിക്കുന്നുണ്ട്. ജിയാ ഖാന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.

കേസ് ആദ്യം അന്വേഷിച്ച മുംബൈ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിയെങ്കിലും മകളുടെ മരണം കൊലപാതകമാണെന്ന് പരാതിപ്പെട്ട് ജിയയുടെ അമ്മ റാബിയ ബോംബൈ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, ആത്മഹത്യ തന്നെയെന്ന് സിബിഐയും സ്ഥിരീകരിക്കുകയായിരുന്നു.

ഇന്‍ഡ്യന്‍ വംശജനായ യുഎസ് പൗരന്‍ അലി റിസ്വി ഖാന്റെയും ഏതാനും ഹിന്ദി സിനിമകളില്‍ അഭിനയിച്ച റാബിയ അമീന്റെയും മകളാണ് ജിയ. നഫീസ എന്ന പേര് സിനിമയിലെത്തിയപ്പോള്‍ ജിയ എന്നു മാറ്റിയെങ്കിലും 2012ല്‍ വീണ്ടും പഴയ പേരിലേക്ക് തിരിച്ചുപോയിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ദില്‍സേ (1998) എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു. നായികയായി അരങ്ങേറിയ രാംഗോപാല്‍ വര്‍മ ചിത്രം 'നിശ്ശബ്ദിന്' (2007) സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്. മൂന്നാറിലാണ് ഇതു ചിത്രീകരിച്ചത്. ഗജിനി (ഹിന്ദി), ഹൗസ്ഫുള്‍ (2010) എന്നിവയില്‍ സഹനടിയായി അഭിനയിച്ചു.

Jiah Khan case | നടി ജിയാഖാന്റെ ആത്മഹത്യ: പ്രതി സ്ഥാനത്തുണ്ടായിരുന്ന സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി, വിധി പറഞ്ഞത് 10 വര്‍ഷത്തിനുശേഷം


Keywords: Jiah Khan case verdict: Sooraj Pancholi acquitted of suicide abetment charges, Mumbai, News, Trending,  Actress, Jiah Khan, Suicide, CBI Court, Parents, Complaint, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia