Protest | ജെ എൻ യുവിൽ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമം: കെ യു ഡബ്ല്യു ജെ പ്രതിഷേധിച്ചു

 
KUWJ members protesting against the attack on journalists at JNU
KUWJ members protesting against the attack on journalists at JNU

Image Credit: X/ Kuwj

* സുരക്ഷാ ജീവനക്കാരാണ് ആക്രമിച്ചത്
* മാധ്യമ പ്രവർത്തകരുടെ ക്യാമറകൾ പിടിച്ചുവാങ്ങി
* സംഭവത്തിൽ പൊലീസ് നടപടി ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു

ന്യൂഡൽഹി: (KVARTHA) ജെഎൻയുവിലെ വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അതിക്രമത്തിൽ കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ)   ഡൽഹി സംസ്ഥാന ഘടകം പ്രതിഷേധിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് മാധ്യമപ്രവർത്തകരെ തടഞ്ഞതും കയ്യേറ്റം ചെയ്‌തതുമെന്നും സെക്യൂരിറ്റിക്കാരൻ്റെ നടപടി അങ്ങേയറ്റം അപലപനീയവും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണെന്നും  കെ യു ഡബ്ല്യു ജെ ഡൽഹി ഘടകം ഭാരവാഹികൾ ആരോപിച്ചു.

വെള്ളിയാഴ്ച വൈകിട്ട് സർവകലാശാലയിലെ പ്രധാന ഗേറ്റിൽ വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മലയാള പത്ര, ദൃശ്യ മാധ്യമ പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ അന്യായമായി തടഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. 24 ന്യൂസ് റിപ്പോർട്ടർ ആർ അച്യുതൻ‍, 24 ക്യാമറാമാൻ മോഹൻ കുമാർ എന്നിവര്‍ക്കാണ് മർദനമേറ്റത്. ദേശാഭിമാനി ഫോട്ടോഗ്രഫറും കെയുഡബ്ല്യൂജെ ട്രഷററുമായ പി വി സുജിത്തിനെ മർദിക്കുകയും ക്യാമറ പിടിച്ചു വാങ്ങുകയും ചെയ്തു. 

മർദനം തടയാൻ ശ്രമിച്ച മലയാള മനോരമ ലേഖിക ശരണ്യ ഭുവനചന്ദ്രന് നേരെ സെക്യൂരിറ്റി ജീവനക്കാർ അസഭ്യവർഷം നടത്തി. അതിക്രമ ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറകൾ പിടിച്ചുവാങ്ങി തകർക്കാനും ശ്രമമുണ്ടായി. കാമ്പസിലെ വിദ്യാർത്ഥികൾ ഇടപെട്ടാണ് സെക്യൂരിറ്റി ജീവനക്കാർ പിടിച്ചുവച്ച ക്യാമറകൾ വിട്ടുനൽകിയത്. അക്രമ സ്വഭാവമുള്ളവരെ സെക്യൂരിറ്റി ജീവനക്കാരായി ജോലിക്കു നിർത്തുന്നത് ഉചിതമല്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. ഇവരെ പുറത്താക്കുകയും നിയമ നടപടി സ്വീകരിക്കുകയും വേണം. സംഭവത്തിൽ പൊലീസ് നടപടി ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു

#JNU #journalistsattack #KUWJ #mediafreedom #pressfreedom #India #Delhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia