മഅ്ദനിയുടെ ആരോഗ്യ സ്ഥിതി ദയനീയം, ജയില്‍ വാസം രാജ്യത്തിന് അപമാനം-കാന്തപുരം
Dec 19, 2012, 23:44 IST
ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണ തടവിനെ മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തത് ഇന്ത്യന്‍ പൗരസമൂഹത്തിന്റെ വളര്‍ച്ചയില്ലായ്മയാണ് കാണിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മഅ്ദനിക്ക് ജാമ്യം ലഭിക്കാനാവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്നും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ആഭ്യന്തര മന്ത്രി ആര്‍ അശോക് എന്നിവരെ സന്ദര്‍ശിച്ച ശേഷം ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയേയും കാന്തപുരം സന്ദര്‍ശിച്ചു.
മഅ്ദനിയുടെ നീണ്ട വിചാരണത്തടവ് നീതി നിര്‍വഹണ രംഗത്തെ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജുഡീഷ്യറിയെ കുറിച്ച് നാം അവകാശപ്പെടാറുള്ള സുതാര്യതക്ക് കോട്ടം സംഭവിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നത് നിയമവ്യവസ്ഥയെ തന്നെ ദുര്‍ബലമാക്കും. ഒരാളുടെ മതവിശ്വാസമോ രാഷ്ട്രീയ നിലപാടുകളോ അയാളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കാനുള്ള കാരണമാകുന്നുണ്ടെങ്കില്‍ അതിനര്‍ഥം നമ്മുടെ സ്വാതന്ത്ര്യം അപൂര്‍ണമാണെന്നാണ്. മഅ്ദനിയുടെത് പോലുള്ള പൗരപ്രശ്‌നങ്ങളെ മതപ്രശ്‌നമാക്കി ചിത്രീകരിക്കാനുളള ശ്രമം അപലപനീയമാണ്. പ്രശ്‌നങ്ങളെ യഥാവിധി അഭിമുഖീകരിച്ചുകൊണ്ടുള്ള പരിഹാര നടപടികളാണ് വേണ്ടത്.
മഅ്ദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് എന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവര്‍ ഖേദിക്കേണ്ടിവരും. നിയമം നേര്‍വഴിക്ക് നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ട്. നിയമം നിയമത്തിന്റെ വഴിക്കല്ല, നീതിയുടെ വഴിക്ക് സഞ്ചരിക്കുമ്പോഴേ സ്വാതന്ത്ര്യം പൂര്‍ണാര്‍ഥത്തില്‍ എത്തുകയുള്ളൂ. മഅ്ദനിയുടെ കാര്യത്തില്‍ നിയമ വ്യവസ്ഥയെ ഇവ്വിധം തുടരാനനുവദിക്കുന്നത് നീതിന്യായ നിര്‍വഹണ രംഗത്ത് തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്ക് ഇടയാക്കും. അത് ആത്യന്തികമായി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.
മഅ്ദനിയുടെ കാര്യത്തില്‍ കൃത്യവും കണിശവുമായ നടപടികളാണ് ആവശ്യം. ചികിത്സ തേടിയുള്ള ജാമ്യ ഹരജികള്‍ ആഴ്ചകളോളം മാറ്റിവെക്കുന്നതിന്റെ അര്‍ഥമെന്താണ്? മഅ്ദനിയുടെ ജയില്‍വാസം രാജ്യത്തിന് അപമാനമാണ്. ഒരു മലയാളി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ കേരള നിയമസഭക്ക് ധാര്‍മിക ബാധ്യതയുണ്ട്. മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും വൈകിയ വേളയിലെങ്കിലും എടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. ആ നിലപാടുകളെ നടപടികളിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള തുടര്‍ശ്രമങ്ങള്‍ ഉണ്ടാകണം. ഞാന്‍ മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചു. ദയനീയമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി. കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. മൂക്കിലെ പഴുപ്പ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തില്‍ അങ്ങിങ്ങായി സംഭവിച്ച മുറിവുകള്‍ ഉണങ്ങാതെ കിടക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ ആ മനുഷ്യന് പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയാണ്. ഒരാള്‍ അങ്ങനെ തളരേണ്ടി വരുന്നത് ജനാധിപത്യ വ്യവസ്ഥക്ക് തീരാക്കളങ്കമായി അവശേഷിക്കും.
രാവിലെ കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദര്‍ശിച്ച കാന്തപുരം ഇതുസംബന്ധിച്ച് നിവേദനം നല്‍കി. ആശാവഹമായ പ്രതികരണങ്ങളാണ് മന്ത്രിമാരില്‍ നിന്ന് ഉണ്ടായതെന്ന് കാന്തപുരം പറഞ്ഞു. കോടതി നടപടിക്രമങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മഅ്ദനിയുടെ കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കിക്കൊണ്ടുള്ള നിലപാടെടുക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയതായി കാന്തപുരം പറഞ്ഞു. മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി സൂചിപ്പിച്ചത്. നമ്മുടെ ജനാധിപത്യ മതേതര നിതീന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും കടപ്പാടും ഊട്ടിയുറപ്പിക്കുന്ന നടപടി ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കാന്തപുരം പറഞ്ഞു.
എസ് വൈ എസ് കേരള സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, രിസാല പത്രാധിപര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, കര്‍ണാടക വഖ്ഫ് ബോര്‍ഡ് ഡയറക്ടര്‍ ശാഫി സഅദി , എസ് എസ് എഫ് അഖിലേന്ത്യാ കണ്‍വീനര്‍ റഊഫ് ബംഗളൂരു എന്നിവര്‍ കാന്തപുരത്തോടൊപ്പമുണ്ടായിരുന്നു.
Also Read:
മഅ്ദനി പലവട്ടം പറഞ്ഞു, എനിക്ക് എ പി ഉസ്താദിനെയൊന്നു കാണണം
Keywords: Bangalore, Abdul Nasar Madani, Kanthapuram A.P.Aboobaker Musliyar, National, Jail, Karnataka, Kerala, Kerala Chief Minster, Karnataka Chief Minister, Kerala vartha, Malayalam Vartha, National News, Kerala News.
Player created by Inbound Now - Social Media Tools.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.