Suspended | 'മഴയത്ത് കുടചൂടി കെഎസ്ആർടിസി ബസിൽ റീൽ വീഡിയോ ചിത്രീകരണം'; വൈറലായതിന് പിന്നാലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പണിതെറിച്ചു
* വകുപ്പിനെ മോശമായി ചിത്രീകരിച്ചതിനാണ് സസ്‌പെൻഷൻ
ബെംഗ്ളുറു: (KVARTHA) മഴയത്ത് കുടചൂടി കർണാടക ആർടിസി ബസ് ഓടിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഡ്രൈവര്‍ക്കും വനിതാ കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍. ഡ്യൂട്ടിയിലിരിക്കെ ഇൻസ്റ്റാഗ്രാം റീൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു ഇരുവരുമെന്ന് അധികൃതർ പറഞ്ഞു. നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (NWKRTC) ജീവനക്കാരായ ഡ്രൈവര്‍ ഹനുമന്തപ്പയെയും കണ്ടക്ടര്‍ അനിതയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാര്‍വാഡ് റൂട്ടിലോടുന്ന ബസില്‍ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റില്‍ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. ഇതേ ബസിലുണ്ടായിരുന്ന കണ്ടക്ടർ ഇത് പകർത്തുകയായിരുന്നു. കർണാടക ആർടിസിയെ മോശമായി ചിത്രീകരിക്കുന്ന വിധത്തിലാണ് ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. നിരവധി ഉപയോക്താക്കൾ യാത്രക്കാരുടെ സുരക്ഷയെയും കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്നസിനെയും ചോദ്യം ചെയ്തു.
A video of a #NWKRTC bus driver driving with an umbrella had gone viral with the claim that the roof was leaking. It turns out the driver and conductor were recording a reel. There is not a drop of water on the umbrella and it was foolish of people to believe the roof was… pic.twitter.com/skLcSVCkPp
— Hate Detector 🔍 (@HateDetectors) May 25, 2024
റീൽ ഉണ്ടാക്കി വകുപ്പിനെ മോശമായി ചിത്രീകരിച്ചതിനാണ് സസ്‌പെൻഷൻ എന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അറിയിച്ചു. ബസ് ചോരുന്നതാണെന്ന പ്രചാരണം തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി. 'സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്, ബസ് പരിശോധിച്ചു. എന്നാൽ ബസിൽ ചോർച്ചയില്ലെന്നും ഡ്രൈവറും കണ്ടക്ടറും വിനോദത്തിനായി റീൽ ഉണ്ടാക്കിയതായും കണ്ടെത്തി', എൻഡബ്ല്യുകെആർടിസി മാനേജിംഗ് ഡയറക്ടർ പ്രിയങ്ക പറഞ്ഞു. ജീവനക്കാർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.