Transfer | സമൂഹമാധ്യമത്തിലെ പോര് അതിര് കടന്നു; ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; പുതിയ പദവികള്‍ നല്‍കാതെ സ്ഥലം മാറ്റി

 




ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ പരസ്യമായി ചെളിവാരിയെറിഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോരടിച്ച ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡി രൂപ ഐപിഎസിനെയും രോഹിണി സിന്ദൂരി ഐഎഎസിനെയും പുതിയ പദവികളൊന്നും നല്‍കാതെ സ്ഥലം മാറ്റി. ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്ന് തിങ്കളാഴ്ച ചീഫ് സെക്രടറി വിലക്കിയിരുന്നു. 

ഡി രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനിഷ് മൗദ്ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. മുനിഷ് മൗദ്ഗിലിനെ കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയില്‍ നിന്ന് ഡിപിഎആര്‍ വിഭാഗത്തിലേക്കാണ് മാറ്റിയത്. മന്ത്രിസഭായോഗത്തില്‍ ചര്‍ച ചെയ്ത ശേഷമാണ് നടപടി.

മൈസൂറു കെ ആര്‍ നഗര്‍ എംഎല്‍എ സാ. ര. മഹേഷുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമീഷണറായ രോഹിണി സിന്ദൂരിക്കെതിരെ നടപടിയെടുത്തത്. രോഹിണി സിന്ദൂരിയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനാണ് ഡി രൂപയ്‌ക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. 

കരകൗശല ബോര്‍ഡ് എംഡിയാണ് ഡി രൂപ ഐപിഎസ്. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോടിസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇരുവര്‍ക്കും നിലവില്‍ മറ്റു ചുമതലകള്‍ ഒന്നും നല്‍കിയിട്ടില്ല. 

നേരത്തേ സാ. ര. മഹേഷിന്റെ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ കയ്യേറ്റഭൂമിയിലാണെന്ന് കാട്ടി രോഹിണി റിപോര്‍ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ മൈസൂറു കമീഷനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദമായിരുന്നു. സാ. ര. മഹേഷ് ഇവര്‍ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും നല്‍കി. ഇപ്പോള്‍ ഇതേ എംഎല്‍എയുമായി രോഹിണി കൂടിക്കാഴ്ച നടത്തിയത് ഒത്തുതീര്‍പ്പിനാണെന്ന് ആരോപിച്ചാണ് ഡി രൂപ രംഗത്തെത്തിയത്. 

കോവിഡ് കാലത്ത് ചാമരാജനഗറിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലാതെ കുട്ടികളടക്കം മരിക്കാന്‍ കാരണമായത് രോഹിണിയുടെ അലംഭാവമാണെന്നടക്കം 20 ആരോപണങ്ങളുമായിട്ടായിരുന്നു രൂപയുടെ രണ്ടാമത്തെ ഫേസ്ബുക് പോസ്റ്റ്. മൂന്നാമത്തെ പോസ്റ്റിലാണ് രോഹിണിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ രൂപ പുറത്തുവിട്ടത്. 

Transfer | സമൂഹമാധ്യമത്തിലെ പോര് അതിര് കടന്നു; ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; പുതിയ പദവികള്‍ നല്‍കാതെ സ്ഥലം മാറ്റി


ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നല്‍കിയിട്ടും ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ പോര് തിങ്കളാഴ്ചും തുടര്‍ന്നു. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്സ് ആപില്‍ പങ്കുവച്ച സ്വന്തം ചിത്രങ്ങള്‍ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട് രൂപ വീണ്ടും പങ്കുവച്ചു. രൂപയുമായി തൊഴില്‍പരമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മാന്യത കാട്ടേണ്ടതുണ്ടെന്നും രോഹിണി തിരിച്ചടിച്ചു.

മേലുദ്യോഗസ്ഥര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളെന്നായിരുന്നു ആരോപണം. രൂപയ്ക്ക് ഭ്രാന്താണെന്നും, തന്റെ വാട്‌സ് ആപ് സ്റ്റാറ്റസിലെ സ്‌ക്രീന്‍ഷോടുകള്‍ ഉപയോഗിച്ചതിന് നിയമനടപടിയെടുക്കുമെന്നും രോഹിണി പ്രതികരിച്ചു. പോര് അതിരുവിട്ടതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിഷയത്തില്‍ ഇടപെട്ട് ഇരുവരെയും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിലക്കിയിരുന്നു.

Keywords:  News,National,India,Bangalore,IPS Officer,IAS Officer,Transfer,Top-Headlines,Social-Media,Trending,Latest-News,Karnataka, Karnataka women officers' catfight: IPS D Roopa and IAS Rohini Sundari transferred without posting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia