Gandhi | കസ്തൂർബാ ഗാന്ധി വിടവാങ്ങിയിട്ട് 81 വർഷം; സഹനക്കടൽ നീന്തി കടന്ന ഭാരതത്തിൻ്റെ അമ്മ


● ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു.
● സഹനശക്തിയുടെയും പോരാട്ടത്തിന്റെയും പ്രതീകമായിരുന്നു.
● ഗാന്ധിജിക്ക് താങ്ങും തണലുമായിരുന്നു കസ്തൂർബാ.
(KVARTHA) പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്ന കസ്തൂർബാ ഗാന്ധി ഈ ലോകത്തോട് വിടവാങ്ങിയിട്ട് 81 വർഷം. ഇന്ത്യ സ്വതന്ത്രയായി കാണണമെന്ന ആഗ്രഹം ബാക്കിവെച്ച് കസ്തൂർബാ ഗാന്ധി എന്ന സമര സൂര്യൻ ഭർത്താവിന്റെ മടിയിൽ തല വെച്ച് തന്റെ 75-ാമത് വയസ്സിൽ മരണത്തെ സ്വീകരിച്ച ദിവസമാണ് ഫെബ്രുവരി 22.
1944 ഫെബ്രുവരി 22ന് പൂനയിലെ ആഗാഖാൻ കൊട്ടാര വളപ്പിൽ കസ്തുബാർ ഗാന്ധിയുടെ ചിത എരിയുന്നതിന് തന്റെ അനാരോഗ്യം അവഗണിച്ച് ഗാന്ധിജി അവിടെ ഇരുന്നതിനെ ഗാന്ധിജിയുടെ പ്രിയപ്പെട്ടവർ സ്നേഹപൂർവ്വം വിലക്കിയപ്പോൾ 'ഞാനിവിടെ ഇരിക്കട്ടെ. 62 വർഷം പങ്കുവെച്ച ജീവിതത്തിന്റെ അവസാന വിട ചൊല്ലൽ അല്ലേ? കല്ലും മുള്ളും മാത്രമാണ് എനിക്ക് ജീവിതത്തിൽ നൽകാൻ കഴിഞ്ഞത്. യാതൊരു പരിഭവം ഇല്ലാതെ അതൊക്കെ ഏറ്റുവാങ്ങിയ അവർ എന്നെക്കാൾ എത്രയോ ഉയരത്തിൽ പറന്ന വ്യക്തിയാണ്', എന്ന മറുപടിയിൽ തന്നെ കസ്തൂർബാ ഗാന്ധിയുടെ വ്യക്തിത്വം സംബന്ധിച്ച ചിത്രം വളരെ വ്യക്തമാണ്.
പോരാട്ടവീഥിയിൽ ഗാന്ധിജിക്ക് കരുത്തായി നിന്ന അവരെ സ്നേഹപൂർവ്വം ബാ എന്ന് ചേർത്ത് രാജ്യം വിളിച്ചു. ബാ എന്നാൽ ഗുജറാത്തി ഭാഷയിൽ അമ്മ. ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച കസ്തൂർ കപാടിയ അങ്ങിനെ കസ്തൂർബ രാജ്യത്തിന്റെ അമ്മയായി. പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായ കസ്തൂർബായുടെ ഏഴാം വയസ്സിൽത്തന്നെ ഉറപ്പിച്ചിരുന്ന മോഹൻദാസ് കരം ചന്ദ് മായുള്ള വിവാഹം ഇരുവരുടേയും പതിമൂന്നാമത്തെ വയസ്സിലാണ് നടന്നത്. ഗാന്ധിജിയെക്കാൾ അഞ്ചു മാസം കൂടുതലുണ്ട് കസ്തൂർബായ്ക്ക്.
ദക്ഷിണാഫ്രിക്കയിൽ കഴിയുന്ന വേളയിലാണ് ഗാന്ധിജി കസ്തൂർബയിലെ പോരാട്ട വീര്യം തിരിച്ചറിയുന്നത്. ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തി. ക്രിസ്തീയ രീതിയിലല്ലാത്ത എല്ലാ വിവാഹവും നിരോധിച്ച ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി വിധിക്കെതിരെ ഗാന്ധിജി സമരം പ്രഖ്യാപിച്ചപ്പോൾ കസ്തൂർബയെ അറിയിച്ചിരുന്നില്ല. എങ്ങനെയോ അറിയാനിടായ അവർ പോരാട്ടത്തിന് മുൻപന്തിയിൽ ഇറങ്ങി.
സമരത്തിൽ നിന്ന് മാറിനിൽക്കാൻ എന്ത് കുറവാണ് എനിക്ക് ഉള്ളത് എന്ന് ചോദിച്ച അവരോട് ജയിലിൽ പോകേണ്ടിവരും എന്ന് ഗാന്ധിജി മറുപടി പറഞ്ഞപ്പോൾ പോരാട്ടത്തിൽ പങ്കാളിയാകേണ്ടത് എന്റെ കടമയാണ്, താങ്കൾക്ക് കഷ്ടപ്പാട് അനുഭവിക്കാമെങ്കിൽ എനിക്കും അനുഭവിക്കാം എന്ന് ഉറച്ച ശബ്ദത്തിൽ ഉള്ള മറുപടി ഗാന്ധിജി പ്രതീക്ഷിച്ചതിലും ഏറെ അപ്പുറമായിരുന്നു. സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് മൂന്നുമാസം തടവ് ശിക്ഷ ലഭിച്ചു. ആഗഖാൻ കൊട്ടാരത്തിലെ തടവറയിൽ വെച്ച് ജീവൻ പൊലിയുന്നതുവരെയുള്ള ജയിൽ വാസത്തിന്റെ തുടക്കം.
1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന് ഗാന്ധിജി ജയിലിലായപ്പോൾ ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് കസ്തൂർബ ഊർജം പകർന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകൾ മറന്ന് സമരത്തിൽ അവർ സജീവമായി. കസ്തൂർബാ ഗാന്ധിയുടെ ജന്മദിനമായ ഏപ്രിൽ 11 ഇന്ത്യയിൽ മാതൃ സുരക്ഷാ ദിനമായാണ് ആചരിക്കുന്നത്. സ്ത്രീകൾക്ക് ഗർഭാവസ്ഥയിലും പ്രസവനന്തരവും ആവശ്യമായ പരിഗണനയും ശുശ്രൂഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് ഇന്ത്യയുടെ അമ്മയുടെ ജന്മദിനാചരണം കൊണ്ട് രാഷ്ട്രം ലക്ഷ്യമിടുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasturba Gandhi passed away 81 years ago. As a key supporter in India’s freedom movement, she stood alongside Gandhi, inspiring others with her resilience and sacrifice.
#KasturbaGandhi #IndianHistory #FreedomFighter #Gandhi #MotherOfIndia #WomenInHistory