George Kurian | കേരളത്തിന് 2 കേന്ദ്രമന്ത്രിമാര്‍; സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും
മന്ത്രിസഭയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്റെ പദവി.
നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു.
പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.
ന്യൂഡെല്‍ഹി: (KVARTHA) മൂന്നാം മോദി സര്‍കാരില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേര്‍ കൂടി കേന്ദ്രമന്ത്രിസഭയിലേക്ക്. തൃശ്ശൂരിലെ നിയുക്ത എംപി സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി ജോര്‍ജ് കുര്യനും എന്‍ഡിഎ സര്‍കാരില്‍ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
ബിജെപിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് കുര്യന്‍. മന്ത്രിസഭയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്റെ പദവി. ദേശീയ തലത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ടിയിലേക്ക് ആക്കാന്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണിദ്ദേഹം. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒഎസ്ഡിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. ഒന്നാം മോദി സര്‍കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു.
അതേസമയം, സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളില്‍ ഏതെങ്കിലുമൊന്ന് ലഭിക്കാനാണ് സാധ്യത. കാബിനറ്റ് റാങ്കോ അല്ലെങ്കില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നും റിപോര്‍ടുണ്ട്. ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകള്‍ ബിജെപി തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത. സത്യപ്രതിജ്ഞക്കായി സുരേഷ് ഗോപിയും കുടുംബവും ഡെല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞച്ചടങ്ങ് കണക്കിലെടുത്ത് ഡെല്‍ഹി കനത്ത സുരക്ഷാവലയത്തിലാണ്. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് 7.15ന് നടക്കുന്ന ചടങ്ങില്‍ 7 വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേര്‍ പങ്കെടുക്കും. വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പിക്കും.