Twitter | ട്വിറ്റര്‍ പരിഷ്‌ക്കാരം; കോലിയും ധോണിയും റൊണാള്‍ഡോയും അടക്കം പ്രമുഖ കായിക താരങ്ങള്‍ക്ക് നീല ടിക് നഷ്ടമായി; നിലനിര്‍ത്താന്‍ പ്രതിമാസം നല്‍കേണ്ടത് 8 ഡോളര്‍

 


മുംബൈ: (www.kvartha.com) ട്വിറ്ററില്‍ പ്രമുഖ കായിക താരങ്ങള്‍ക്ക് നീല ടിക് നഷ്ടമായി. ഫുട്‌ബോള്‍ താരങ്ങള്‍ക്കും വനിതാ- പുരുഷ ക്രികറ്റ് താരങ്ങള്‍ക്കും നീല ടിക് മാഞ്ഞിട്ടുണ്ട്. 

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി, ഇന്‍ഡ്യന്‍ ക്രികറ്റ് ടീം നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, കെ എല്‍ രാഹുല്‍, മുന്‍ താരങ്ങളായ എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍കര്‍, പാക് ക്രികറ്റ് ടീം നായകന്‍ ബാബര്‍ അസം, മുന്‍ പാക് നായകനും പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാന്‍ എന്നിവരെല്ലാം ബ്ലൂ ടിക് നഷ്ടമായവരില്‍ ഉള്‍പെടുന്നു.

വനിതാ ക്രികറ്റ് താരങ്ങളില്‍ സ്മൃതി മന്ദാന, മിതാലി രാജ്, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെയും ട്വിറ്റര്‍ പ്രൊഫൈലുകളിലെ നീല ടിക് നഷ്ടമായിട്ടുണ്ട്.

ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് യുഗത്തിലെ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി പ്രൊഫൈലുകള്‍ ആധികാരികമെന്ന് ഉറപ്പിക്കുന്ന നീല ടികിന് പണം നല്‍കണം. അകൗണ്ടുകള്‍ ആധികാരികമെന്ന് ഉറപ്പിക്കുന്ന ബ്ലൂ ടിക് നിലനിര്‍ത്തണമെങ്കില്‍ മാസടിസ്ഥാനത്തിലോ വാര്‍ഷിക അടിസ്ഥാനത്തിലോ പണം നല്‍കണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമയായ ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ വ്യക്തമാക്കിയിരുന്നു. 

നീല ടിക് നിലനിര്‍ത്താന്‍ വ്യക്തികള്‍ക്ക് പ്രതിമാസം 8 ഡോളറാണ് നല്‍കേണ്ടത്. സ്ഥാപനങ്ങള്‍ക്ക് ഇത് 1000 ഡോളര്‍ വരെയാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട വെരിഫൈഡ് പ്രൊഫൈലുകള്‍ക്ക് 50 ഡോളര്‍ വീതം അധികവും നല്‍കണം. 

ഇന്‍ഡ്യയില്‍ ഐഒഎസ് ആപില്‍ ട്വിറ്ററിന്റെ ബ്ലൂ ടികിനുള്ള പ്രതിമാസ വരിസംഖ്യ 900 രൂപയാണ്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഇതു തന്നെ നിരക്ക്. അതേസമയം, വെബില്‍ ഇത് പ്രതിമാസം 650 രൂപയാണ്.

നീല ടിക് നല്‍കുന്നതിന് മുമ്പ് പ്രൊഫൈലുകള്‍ ആധികാരികത ഉറപ്പാക്കുന്ന തീരുമാനവും ട്വിറ്റര്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. നീല ടികിന് അപേക്ഷിച്ച് പണമടക്കുന്നവര്‍ക്കെല്ലാം നല്‍കുമെന്നതിനാല്‍ പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും വര്‍ധിച്ചിരുന്നു.

നീല ടിക് കൂടാതെ ബിസിനസ് അകൗണ്ടുകള്‍ക്ക് സ്വര്‍ണ നിറമുള്ള ടിക് മാര്‍കും സര്‍കാര്‍ സംഘടനകള്‍ക്ക് ചാര നിറത്തിലുള്ള ടിക് മാര്‍കും ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു.

Twitter | ട്വിറ്റര്‍ പരിഷ്‌ക്കാരം; കോലിയും ധോണിയും റൊണാള്‍ഡോയും അടക്കം പ്രമുഖ കായിക താരങ്ങള്‍ക്ക് നീല ടിക് നഷ്ടമായി; നിലനിര്‍ത്താന്‍ പ്രതിമാസം നല്‍കേണ്ടത് 8 ഡോളര്‍


അതിനിടെ പണമടച്ച് സബ്‌സ്‌ക്രൈബ് ചെയ്യാത്ത നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അകൗണ്ടുകളില്‍നിന്ന് ട്വിറ്റര്‍ ബ്ലൂ ടിക് നീക്കുന്നതിനിടെ, പണമടയ്ക്കാത്ത ചിലര്‍ക്കായി താന്‍ തന്നെ പണമടയ്ക്കുന്നതായി ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. 

ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജയിംസ്, എഴുത്തുകാരന്‍ സ്റ്റീഫന്‍ കിങ് തുടങ്ങിയവര്‍ ബ്ലൂ ടികിനായി വരിസംഖ്യ അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കായി താന്‍ തന്നെ പണമടയ്ക്കുമെന്ന് മസ്‌ക് അറിയിച്ചു. ഇവരെ കൂടാതെ പുറമെ സ്റ്റാര്‍ ട്രെക് ടെലിവിഷന്‍ സീരീസ് ഫ്രാഞ്ചൈസിയിലെ താരമായ വില്യം ഷാറ്റ്നറുടെ ബ്ലൂ ടികിനുള്ള പ്രതിമാസ വരിസംഖ്യയും താന്‍ അടയ്ക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. 



Keywords:  News, National, National-News, Mumbai-News, Elon Musk, Twitter, Social Media, Cricket, Sports, Players, Football, Kohli, Tendulkar, Rohit, MS Dhoni and other Indian cricketers lost their Twitter ‘blue tick’. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia