വീഡിയോ കോണ്‍ഫറന്‍സിനിടെ യുവതിയെ വാരിപ്പുണര്‍ന്ന് അഭിഭാഷകന്‍; ദൃശ്യങ്ങള്‍ വൈറലായതോടെ കടുത്ത നടപടിയുമായി കോടതി
Dec 23, 2021, 12:24 IST
ചെന്നൈ: (www.kvartha.com 23.12.2021) വിര്‍ച്വല്‍ കോടതി നടപടികള്‍ക്കിടെ യുവതിയെ വാരിപ്പുണര്‍ന്ന നിലയിലെത്തിയ അഭിഭാഷകന് സസ്‌പെന്‍ഷന്‍. അശ്ലീലകരമായ രീതിയില്‍ കോടതിയിലെത്തിയ ആര്‍ ഡി സന്താന കൃഷ്ണന്‍ എന്ന അഭിഭാഷകനെ മദ്രാസ് ഹൈകോടതി ചൊവ്വാഴ്ചയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിംഗിള്‍ ജഡ്ജിന് മുന്‍പാകെ ഒരു കേസിന്റെ വിര്‍ച്വല്‍ ഹിയറിംഗ് നടക്കുന്നതിനിടയായിരുന്നു അഭിഭാഷകന്റെ അനുചിതമായ നടപടി.
കോടതി അലക്ഷ്യമടക്കമുള്ള കുറ്റങ്ങളാണ് അഭിഭാഷകനെതിരെ ചുമത്തിയിട്ടുള്ളത്. തിങ്കളാഴ്ച കേസിലെ വാദം ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കുന്ന സമയത്തായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് ഹൈകോടതി കടുത്ത നടപടികളിലേക്ക് കടന്നത്.
ജഡ്ജുമാരായ പി എന്‍ പ്രകാശ്, ആര്‍ ഹേമലത എന്നിവര്‍ അഭിഭാഷകനെതിരെ സ്വയം അച്ചടക്ക നടപടികളുമായി മുന്നോട്ട് വരികയായിരുന്നു. അഭിഭാഷകനെതിരെ സിബിസിഐഡി തലത്തില്‍ അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളില്‍ റിപോര്‍ട് സമര്‍പിക്കാനും കോടതി ആവശ്യപ്പെട്ടു. റിപോര്‍ട് വരുന്ന മുറയ്ക്ക് അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ ഒരു കോടതിയിലും ട്രൈബ്യൂണലുകളിലും മറ്റ് ഇടങ്ങളിലും അഭിഭാഷകനെന്ന നിലയില്‍ ആര്‍ ഡി സന്താന കൃഷ്ണന്‍ ഹാജരാവുന്നതിന് കോടതി വിലക്കും പ്രഖ്യാപിച്ചു. അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ ഈ വിലക്ക് ബാധകമായിരിക്കും. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് തമിഴ്‌നാട്, പുതുച്ചേരി ബാര്‍ കൗണ്‍സില്‍ പുറത്തുവിട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.