Obituary | പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
ന്യൂഡെല്‍ഹി: (KVARTHA) പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ഡെല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കല്‍ ശൈലികള്‍ക്ക് രാജ്യാന്തര നൃത്തവേദികളില്‍ അംഗീകാരം നേടിക്കൊടുത്തതില്‍ യാമിനിയുടെ പങ്ക് വളരെ വലുതാണ്.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്ഥാന നര്‍ത്തകി എന്ന ബഹുമതി ലഭിച്ച യാമിനി കൃഷ്ണമൂര്‍ത്തിയെ പത്മശ്രീ (1968), പത്മഭൂഷണ്‍ (2001), പത്മവിഭൂഷണ്‍ (2016) ബഹുമതികള്‍ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മടനപ്പള്ളിയില്‍ 1940 ഡിസംബര്‍ 20 നാണ് ജനനം. പൗര്‍ണമി രാത്രിയില്‍ ജനിച്ചതിനാല്‍ മുത്തച്ഛനാണ് യാമിനി പൂര്‍ണതിലക എന്ന് പേരിട്ടത്. സംസ്‌കൃത പണ്ഡിതനും കവിയുമാണ് പിതാവ് എം കൃഷ്ണമൂര്‍ത്തി.
തമിഴ്നാട്ടിലെ ചിദംബരത്താണ് പിന്നീടുള്ള യാമിനിയുടെ വളര്‍ച. അഞ്ചു വയസ്സുള്ളപ്പോള്‍ തന്നെ ചെന്നൈയില്‍ വിഖ്യാത നര്‍ത്തകി രുക്മിണീദേവി അരുണ്ഡേലിന്റെ കലാക്ഷേത്ര നൃത്തവിദ്യാലയത്തില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്നു. പിന്നീട് തഞ്ചാവൂര്‍ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി പിള്ള, മൈലാപ്പുര്‍ ഗൗരിയമ്മ തുടങ്ങിയ നര്‍ത്തകരുടെ കീഴില്‍ കൂടുതല്‍ പരിശീലനം നേടി.
വേദാന്തം ലക്ഷ്മിനാരായണ ശാസ്ത്രി, ചിന്താ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ശിഷ്യയായി കുച്ചിപ്പുടിയും പങ്കജ് ചരണ്‍ ദാസിന്റെയും കേളുചരണ്‍ മഹാപത്രയുടെയും കീഴില്‍ ഒഡീസിയും പഠിച്ചു. എംഡി രാമനാഥനില്‍നിന്നു കര്‍ണാടക സംഗീതവും കല്‍പകം സ്വാമിനാഥനില്‍ നിന്നു വീണയും പഠിച്ചിട്ടുണ്ട്.
1957 ല്‍ ചെന്നെയിലായിരുന്നു അരങ്ങേറ്റം. പിന്നീടിങ്ങോട്ട് അനുപമമായ പ്രതിഭ കൊണ്ട് ഓരോ വേദികളും കീഴടക്കി രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ നര്‍ത്തകരിലൊരാളായി മാറി. 'എ പാഷന്‍ ഫോര്‍ ഡാന്‍സ്' എന്ന പേരില്‍ ആത്മകഥയെഴുതിയിട്ടുണ്ട്. ഡെല്‍ഹിയില്‍ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തിയിരുന്നു.