ഭര്‍ത്താവിന്റെ പീഡനം മൂലമാണ് മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതെന്ന് 30കാരി; വിവാഹമോചനം നടത്താതെ മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നത് ശരിയല്ല, നിയമവിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈകോടതി
Aug 18, 2021, 15:51 IST
ജയ്പൂര്‍: (www.kvartha.com 18.08.2021) ഭര്‍ത്താവിന്റെ പീഡനം മൂലമാണ് മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതെന്നും പ്രായപൂര്‍ത്തിയായതിനാല്‍ കൂടെയുള്ള ആളോടൊപ്പം ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയുമായി 30കാരി. എന്നാല്‍ വിവാഹിതയായ സ്ത്രീ മറ്റൊരാള്‍ക്കൊപ്പം ഒരുമിച്ച് താമസിക്കുന്നത് നിയമ വിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈകോടതി വ്യക്തമാക്കി.
ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള 30കാരിയാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് താന്‍ വീട് വിട്ടതെന്നും പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു യുവതി അവശ്യപ്പെട്ടത്. ഒരുമിച്ച് താമസിക്കുന്ന 30കാരിയും 27കാരനായ പങ്കാളിയും പ്രായപൂര്‍ത്തിയായവരാണെന്നും അതിന് അനുവാദം നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. സ്ത്രീ വിവാഹിതയാണെങ്കിലും ഭര്‍ത്താവിന്റെ പീഡനം മൂലമാണ് പിരിഞ്ഞ് താമസിക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ആഗസ്റ്റ് 12ന് ജസ്റ്റിസ് സതീഷ് കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഹര്‍ജിക്കാരിക്ക് ഭര്‍ത്താവില്‍ നിന്ന് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി. മറ്റൊരു ബന്ധം നിയമവിരുദ്ധമാണെന്നാണ് കോടതി നിരീക്ഷണം.
'രേഖകള്‍ പരിശോധിക്കുമ്പോള്‍ ഹര്‍ജിക്കാരി വിവാഹിതയാണെന്ന് വ്യക്തമാണ്. വിവാഹമോചനം നേടിയിട്ടില്ലാത്ത പരാതിക്കാരി 27കാരന്റെ കൂടെ ഒരുമിച്ച് താമസിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം നിയമവിരുദ്ധമാണ്' -കോടതി നിരീക്ഷിച്ചു.
വിധി പ്രസ്താവിക്കവെ സമാനമായ കേസില്‍ അലഹബാദ് ഹൈകോടതി പൊലീസ് സംരക്ഷണം നിഷേധിച്ച സംഭവം കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.