Lok Sabha | ലോക് സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി; 195 സീറ്റുകളില്‍ 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും 28 വനിതാ സ്ഥാനാര്‍ഥികളും ഇടംനേടി

 


ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പുതന്നെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ 20 ലോക്സഭാ സീറ്റുകളില്‍ 12 മണ്ഡലളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. എന്നാല്‍ തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ്, പാര്‍ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇന്‍ഡ്യാ സഖ്യത്തിനുമേല്‍ സമ്മര്‍ദം ചെലുത്താനാണ് ബിജെപിയുടെ ശ്രമം.

Lok Sabha | ലോക് സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി; 195 സീറ്റുകളില്‍ 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും 28 വനിതാ സ്ഥാനാര്‍ഥികളും ഇടംനേടി
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാര്‍ഥികളുമുണ്ട്. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള 18 പേരും മത്സരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇത്തവണയും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നുതന്നെ ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെനിന്ന് മത്സരിക്കുന്നത്.

സ്ഥാനാര്‍ഥിപ്പട്ടിക നേരത്തേ പ്രഖ്യാപിക്കുന്നത് സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിയായ സമയം കണ്ടെത്താന്‍ സഹായിക്കും എന്നു കണ്ടാണ് മാര്‍ച് ആദ്യം തന്നെ ഒന്നാം ഘട്ട പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ തവണ സമാനമായ തന്ത്രം സ്വീകരിച്ച മധ്യപ്രദേശില്‍ അത് വിജയകരമായെന്നു വിലയിരുത്തിയാണ് ഇത്തവണ രാജ്യവ്യാപകമായി ഇതേ തന്ത്രം സ്വീകരിക്കുന്നത്. മാര്‍ച് 10നു മുമ്പായി 50% സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 164 സ്ഥാനാര്‍ഥികളെയാണ് അന്നു പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്താന്‍, ഗുജറാത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ബിജെപിയെ സംബന്ധിച്ചു നിര്‍ണായകമാണ്. ദക്ഷിണേന്‍ഡ്യയില്‍ പാര്‍ടി ഇതുവരെ അകൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാര്‍ഥികളെ അണിനിരത്തി മുന്‍തൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദ്യ ഘട്ട പട്ടികയില്‍ എട്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ എന്‍ഡിഎ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. അതില്‍ 370 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ച പ്രമുഖ നേതാക്കളും മത്സരിക്കുന്ന മണ്ഡലവും

* നരേന്ദ്ര മോദി - വാരണാസി

* അമിത് ഷാ - ഗാന്ധിനഗര്‍

* കിരണ്‍ റിജിജു - അരുണാചല്‍ വെസ്റ്റ്

* മനോജ് തിവാരി - നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി

* സര്‍ബാനന്ദ സോനോബള്‍-  ഡിബ്രുഗഡ്

* ബാന്‍സുരി സ്വരാജ് - ന്യൂഡല്‍ഹി

കേരളത്തില്‍നിന്ന് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍

* കാസര്‍കോട് - എം എല്‍ അശ്വിനി

* കണ്ണൂര്‍ - സി രഘുനാഥ്

* പൊന്നാനി - നിവേദിത സുബ്രഹമണ്യന്‍

* വടകര - പ്രഫുല്‍ കൃഷ്ണന്‍

* മലപ്പുറം - ഡോ. അബ്ദുല്‍ സലാം

*പാലക്കാട് - സി കൃഷ്ണകുമാര്‍

* തൃശൂര്‍ - സുരേഷ് ഗോപി

* ആലപ്പുഴ - ശോഭാ സുരേന്ദ്രന്‍

* കോഴിക്കോട് - എം.ടി.രമേശ്

* പത്തനംതിട്ട - അനില്‍ ആന്റണി

*ആറ്റിങ്ങല്‍ - വി മുരളീധരന്‍

* തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍

Keywords: Lok Sabha elections 2024: BJP releases 1st list of 195 candidates, PM Modi to contest from Varanasi, New Delhi, News, Lok Sabha Elections, Candidates, Announced, Politics, BJP, Meeting, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia