Faizabad Election | രാമക്ഷേത്രത്തിന്റെ നാട്ടിലെ എംപി ആരാകും? 2024ൽ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലം; ഫൈസാബാദിന്റെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ! ഒപ്പം മുൻ ഫലങ്ങളും

 


അയോധ്യ: (KVARTHA) 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അയോധ്യയിലെ രാമക്ഷത്രത്തെ ചുറ്റിപ്പറ്റിയായിരിക്കുമെന്ന് വ്യക്തമാണ്. രാമക്ഷേത്രത്തിന് അടിത്തറപാകിയത് 1990ല്‍ എൽ കെ അദ്വാനി സംഘടിപ്പിച്ച രഥയാത്രയായിരുന്നു. ഈ യാത്രയിലൂടെയാണ് രാമക്ഷേത്ര വിഷയം വലിയ രാഷ്ട്രീയ പ്രശ്നമായി വളര്‍ന്നത്. കർസേവകർ ബാബറി മസ്ജിദ് തകർത്തതോടെ ബിജെപിയുടെ രാഷ്ട്രീയ തേരോട്ടത്തിനും തുടക്കമായി. 2024ൽ, ബിജെപി മുന്നോട്ട് വെച്ച ക്ഷേത്രം എന്ന വാഗ്ദാനത്തിൻ്റെ പൂർത്തീകരണം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ പ്രധാന അജണ്ടയായിരിക്കുമെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ രാമക്ഷത്രം ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലവും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്.
 
Faizabad Election | രാമക്ഷേത്രത്തിന്റെ നാട്ടിലെ എംപി ആരാകും? 2024ൽ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലം; ഫൈസാബാദിന്റെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ! ഒപ്പം മുൻ ഫലങ്ങളും



നിലവിലെ എംപി

ഇതുവരെ കോൺഗ്രസ് ഏഴ് തവണയും ബിജെപി അഞ്ച് തവണയും ഇവിടെ നിന്ന് പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. ബിജെപിയിൽ നിന്നുള്ള ലല്ലു സിംഗ് ആണ് നിലവിലെ എംപി. 2014ൽ എസ്പിയെ പരാജയപ്പെടുത്തി മണ്ഡലം സ്വന്തമാക്കിയ അദ്ദേഹം 2019ലും വിജയക്കുതിപ്പ് നിലനിർത്തി.


അസംബ്ലി സീറ്റുകളുടെ സ്ഥിതി


അയോധ്യയും ഫൈസാബാദും സംയോജിപ്പിച്ചാണ് ഫൈസാബാദ് ലോക്സഭാ മണ്ഡലം രൂപീകരിക്കുന്നത്. 2018 നവംബർ ആറ് വരെ ഈ ജില്ല ഫൈസാബാദ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഫൈസാബാദ് ജില്ലയെ അയോധ്യ എന്ന് പുനർനാമകരണം ചെയ്തു. ദരിയാബാദ്, ബികാപൂർ, റുദൗലി, അയോധ്യ, മിൽകിപൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് പാർലമെൻ്റ് മണ്ഡലത്തിൽ വരുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിൽ മൂന്ന് സീറ്റുകൾ ബിജെപിക്കും രണ്ടെണ്ണം എസ്പി സഖ്യത്തിനും ലഭിച്ചു.


ജാതി സമവാക്യം


കണക്ക് പ്രകാരം അയോധ്യയിലെ ജനസംഖ്യയുടെ 84 ശതമാനം ഹിന്ദുക്കളും 14 ശതമാനം മുസ്ലീങ്ങളുമാണ്. ഒബിസി വോട്ടർമാർ ഏകദേശം 26 ശതമാനമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, അതിൽ യാദവ വോട്ടർമാരുടെ എണ്ണം ഏകദേശം 13 ശതമാനമാണ്. ദളിതരുടെ എണ്ണം നാല് ശതമാനമാണ്, ഉയർന്ന ജാതി വോട്ടർമാരുടെ എണ്ണം ഏകദേശം 29 ശതമാനത്തോളം വരും.


ജനവിധി


2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ് 5,29,021 വോട്ടുകൾ നേടി. 65,477 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. എസ്പി സ്ഥാനാർത്ഥി ആനന്ദ്സെൻ യാദവ് (മുൻ എംപി മിത്രസെൻ യാദവിൻ്റെ മകൻ) 4,63,544 വോട്ടുകൾ കരസ്ഥമാക്കി. കോൺഗ്രസ് സ്ഥാനാർത്ഥി നിർമ്മൽ ഖത്രി 53,383 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 49 ശതമാനം വോട്ടും എസ്പിക്ക് 43 ശതമാനവും കോൺഗ്രസിന് അഞ്ച് ശതമാനവും മറ്റുള്ളവർക്ക് അഞ്ച് ശതമാനവും വോട്ട് ലഭിച്ചു.


2014ലെ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ് വിജയിച്ചു. അദ്ദേഹത്തിന് ആകെ 4,91,761 (49%) വോട്ടുകൾ ലഭിച്ചു. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി മിത്രസെൻ യാദവിനെ 2,82,775 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ പരാജയപ്പെടുത്തിയത്. മിത്രസെൻ യാദവിന് ആകെ 2,08,986 (21%) വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബിഎസ്പി സ്ഥാനാർത്ഥി ജിതേന്ദ്ര കുമാർ സിംഗ് (ബബ്ലു ഭയ്യ) 1,41,827 (13.87%) വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി നിർമ്മൽ ഖത്രിക്ക് 1,29,917 (12.7%) വോട്ടുകളും ലഭിച്ചു.


പ്രതിപക്ഷ ഐക്യം വ്യത്യാസമുണ്ടാക്കുമോ?


2014ൽ എസ്പിയും ബിഎസ്പിയും വെവ്വേറെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എസ്പിക്ക് 21 ശതമാനവും ബിഎസ്പിക്ക് 13.87 ശതമാനവും കോൺഗ്രസിന് 12.7 ശതമാനവും വോട്ടുകൾ ലഭിച്ചു. അതേസമയം 2019ൽ എസ്പി-ബിഎസ്പി ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സഖ്യ സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് 43% വോട്ടുകൾ ആണ്. 2024ലെ പോരാട്ടത്തിനായി ചെറുതും വലുതുമായ എല്ലാ പാർട്ടികളെയും കോൺഗ്രസുമായി യോജിപ്പിച്ച് പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സംസാരിക്കുന്നു.


നിലവിൽ ബിഎസ്പി ഇതിൽ നിന്ന് മാറിനിൽക്കുകയാണ്. കോൺഗ്രസുമായും മറ്റ് പാർട്ടികളുമായും സഖ്യമുണ്ടാക്കിയാൽ എസ്പിയുടെ ശക്തി 2014നെക്കാൾ മെച്ചമാകുമെന്നും ബിഎസ്പിയും ഈ സഖ്യത്തിലെത്തിയാൽ ബിജെപിക്ക് മുന്നിൽ വലിയ വെല്ലുവിളി ഉയരുമെന്നും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, 2019-ൽ ഒറ്റയ്ക്ക് 49 ശതമാനം വോട്ട് നേടിയ ബിജെപി, രാമക്ഷേത്രവും ദേശീയതയുമുള്ള പുതിയ തിരഞ്ഞെടുപ്പ് തന്ത്രവുമായാണ് ഇത്തവണയും കളത്തിലിറങ്ങാൻ പോകുന്നത്.


ഇതുവരെയുള്ള എംപിമാർ


ഫൈസാബാദ് പാർലമെൻ്റ് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യമായി നടന്നത് 1957ലാണ്. ഇവിടെ നിന്ന് ഇതുവരെ കോൺഗ്രസ് ഏഴ് തവണയും ബിജെപി നാല് തവണയും എസ്പി, ബിഎസ്പി, സിപിഐ, ഭാരതീയ ലോക്ദൾ എന്നിവ ഓരോ തവണയും വിജയിച്ചു. 1957ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാജാറാം മിശ്ര എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം 1971 വരെ നാലു തവണ കോൺഗ്രസ് വിജയിച്ചു. 1977ൽ ഭാരതീയ ലോക്ദളിൻ്റെ അനന്തറാം ജയ്‌സ്വാൾ വിജയിച്ചു. 1980ലും 1984ലും കോൺഗ്രസ് വീണ്ടും തിരിച്ചുവരവ് നടത്തി.


1989ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മിത്രസെൻ യാദവ് എംപിയായി. 1990-ലെ രാമക്ഷേത്ര പ്രസ്ഥാനം ബിജെപിക്ക് അന്തരീക്ഷം സൃഷ്ടിച്ചു. അയോധ്യ മുഴുവൻ കാവിനിറമായി. അങ്ങനെ 1991ൽ ബിജെപിയുടെ തീപ്പൊരി നേതാവ് വിനയ് കത്യാർ വിജയിച്ചു. 1996ലും 1998ലും വിനയ് കത്യാർ ഈ സീറ്റിൽ വിജയം നിലനിർത്തി. എന്നാൽ, 1998ൽ എസ്പി സ്ഥാനാർഥി അദ്ദേഹത്തെ പരാജയപ്പെടുത്തി. സമാജ്‌വാദി പാർട്ടിയുടെ മിത്രസെൻ യാദവ് തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2004ൽ ബിഎസ്പിക്കൊപ്പമായിരുന്നു മണ്ഡലം.


2009ൽ കോൺഗ്രസിലെ നിർമൽ ഖത്രി വിജയിച്ചു. ഇതിന് ശേഷം ബിജെപിയുടെ ലല്ലു സിംഗ് 2014ലും 2019ലും തുടർച്ചയായി രണ്ട് തവണ വിജയിച്ചു. എംപിയാകുന്നതിന് മുമ്പ് ലല്ലു എംഎൽഎയായിരുന്നു. 1991ൽ അയോധ്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം ആദ്യമായി യുപി നിയമസഭയിലെത്തിയത്. 1993, 1996, 2002, 2007 വർഷങ്ങളിൽ എംഎൽഎയായി തുടർന്നു. 2014ൽ പാർട്ടി അദ്ദേഹത്തിന് ലോക്‌സഭാ ടിക്കറ്റ് നൽകി.

Keywords: News,Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Lok Sabha Election, Congress, BJP, Politics, Lok Sabha polls: All about Faizabad Lok Sabha constituency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia