രക്ഷിതാക്കള്‍ക്ക് മതം തടസ്സമായി ; താജ്മഹലിനരികില്‍ പരസ്പരം കഴുത്തറുത്ത് കമിതാക്കളുടെ ആത്മഹത്യാശ്രമം

 


ഡെല്‍ഹി: (www.kvartha.com 16/07/2015) അനശ്വര പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിനരികെ വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട പ്രണയിനികളുടെ ആത്മഹത്യാശ്രമം. ഹിന്ദു, മുസ്ലിം മതത്തില്‍ പെട്ട കമിതാക്കളാണ് പരസ്പരം കഴുത്തറുത്ത് ആത്മഹത്യാ ശ്രമം നടത്തിയത്. ഇരു കുടുംബങ്ങളും പ്രണയത്തെ എതിര്‍ത്തതാണ് കമിതാക്കളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇരുവരും ഇപ്പോള്‍ എസ്.എന്‍ എമര്‍ജന്‍സി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

രാജ് വീര്‍ സിംഗ്, ഷബാന (യഥാര്‍ത്ഥ പേരല്ല) എന്നിവരാണ് താജ്മഹലിന് അരികെയുള്ള നേച്ചര്‍ പാര്‍ക്കില്‍ വെച്ച് പരസ്പരം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് മുതിര്‍ന്നത്. ചോരയില്‍ കുളിച്ച നിലയില്‍ കണ്ട ഇരുവരേയും പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരാണ്   എസ്.എന്‍ എമര്‍ജന്‍സി ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും അപകട നില തരണം ചെയ്തിട്ടില്ല.

ആഗ്രയില്‍ അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്ന ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പിന്നീട്, രാജ് വീറിന്റെ കുടുംബം ഡെറാഡൂണിലേക്ക് താമസം മാറ്റിയെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം തുടര്‍ന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറി. ഷബാനയുടെ കുടുംബം ഇരുവരുടേയും പ്രണയത്തെ എതിര്‍ക്കുകയും പ്രണയത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതേതുടര്‍ന്ന് ഷബാനയുടെ കുടുംബം വീടു മാറിയെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയബന്ധം രഹസ്യമായി  തുടര്‍ന്നു. ഇതിനിടെയാണ് ബുധനാഴ്ച  രാജ് വീര്‍ ആഗ്രയിലെത്തി ഷബാനയെ വിളിക്കുന്നത്. നൃത്ത വിദ്യാലയത്തില്‍ അധ്യാപികയായി ജോലി നോക്കുകയാണ് ഷബാന. കാമുകനെ കാണാന്‍ താജ് മഹലിന്റെ അടുത്തെത്തിയ ഇരുവരും പാര്‍ക്കില്‍ വെച്ച് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തെ കുറിച്ച് ഇരുവീടുകളിലും അറിയിച്ചെങ്കിലും രാജ് വീറിന്റെ കുടുംബം പ്രതികരിക്കാന്‍ തയ്യാറായില്ല.  എന്നാല്‍, വിവരമറിഞ്ഞ് യുവതിയുടെ കുടുംബം ആശുപത്രിയില്‍ എത്തി.

തങ്ങളുടെ പ്രണയത്തിന്റെ തീവ്രത വീട്ടുകാരെ ധരിപ്പിച്ചെങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബോധം തെളിഞ്ഞപ്പോള്‍ രാജ്ദീപ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 'വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും മതത്തിന്റെ പേരു പറഞ്ഞ് അവര്‍ എതിര്‍ക്കുകയായിരുന്നു. മതം ഞങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയാണ്.

എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ഞങ്ങള്‍ ഈ കടുംകൈ ചെയ്തത്' എന്നാണ് രാജ് വീര്‍ പറഞ്ഞതെന്നാണ് പത്രം റിപോര്‍ട്ട് ചെയ്തത്. ഷബാനയുടെ ബോധം ഇനിയും തെളിഞ്ഞിട്ടില്ല. അതേസമയം രാജ് വീറിന് ജോലിയൊന്നുമില്ലാത്തതിനാലാണ് വിവാഹത്തിന് അനുവദിക്കാതിരുന്നതെന്നാണ്  യുവതിയുടെ രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് കള്ളമാണെന്ന് രാജ് വീര്‍ പറഞ്ഞു.

കേസില്‍ മതപരമായ സ്വഭാവമുള്ളതിനാല്‍, അതീവ ജാഗ്രതതോടെയാണ് പോലീസ്  വിഷയം കൈകാര്യം ചെയ്യുന്നത്. ഷബാനക്ക് ബോധം തെളിഞ്ഞാല്‍, അവരുടെ മൊഴി എടുക്കും. ഇതിനുശേഷമായിരിക്കും ഇരുവരുടെയും ഭാവിയെ കുറിച്ചുള്ള തീരുമാനത്തിലെത്തൂവെന്നും പോലീസ് പറഞ്ഞു.

രക്ഷിതാക്കള്‍ക്ക് മതം തടസ്സമായി ; താജ്മഹലിനരികില്‍ പരസ്പരം കഴുത്തറുത്ത് കമിതാക്കളുടെ ആത്മഹത്യാശ്രമം

Also Read:

ഫഹദ് വധക്കേസില്‍ പ്രതിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു; സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പോലീസ്, മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

Keywords:  Lovers Slit Each Other's Throats Near Taj Mahal in Alleged Suicide Pact,  New Delhi, Family, hospital, Treatment, Dance, Teacher, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia