Criticism | മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിന് നേരെ വിമര്‍ശനവുമായി ദേവേന്ദ്ര ഫഡ് നവിസ്
● രാഹുലിന്റെ ഗ്യാരന്റി കാര്‍ഡ് രാജസ്ഥാനിലും ഛത്തീസ് ഗഢിലും പരാജയപ്പെട്ടു
● മഹാരാഷ്ട്രയിലും ഇത് പരാജയപ്പെടും
● തിരഞ്ഞെടുപ്പില്‍ മഹായുതി നേരിടുന്ന വിമതശല്യം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു
● നവംബര്‍ നാലിന് വിമതര്‍ പത്രിക പിന്‍വലിക്കും
മുംബൈ: (KVARTHA) മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ ആറിന് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കാനിരിക്കെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ്. രാഹുലിന്റെ ഗ്യാരന്റി കാര്‍ഡ് രാജസ്ഥാനിലും ഛത്തീസ് ഗഢിലും പരാജയപ്പെട്ടതാണെന്ന് പരിഹസിച്ച ഫഡ്നവിസ് മഹാരാഷ്ട്രയിലും ഇത് പരാജയപ്പെടുമെന്ന് വ്യക്തമാക്കി. എന്നാല്‍ ഭരണം ലഭിച്ച തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലും എന്തുകൊണ്ടാണ് വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതെന്ന കാര്യത്തില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ മഹായുതി നേരിടുന്ന വിമതശല്യം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഫഡ് നാവിസ് അറിയിച്ചു. നവംബര്‍ നാലിന് വിമതര്‍ പത്രിക പിന്‍വലിക്കുമെന്നും തുടര്‍ന്ന് നവംബര്‍ അഞ്ചിന് പൂര്‍ണതോതില്‍ പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹായുതിയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ബോറിവ് ലിയില്‍ വിമതനായി പത്രിക നല്‍കിയ ഗോപാല്‍ ഷെട്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഫഡ് നാവിസ് പറഞ്ഞു.
മന്‍ഖുര്‍ദ് ശിവാജി നഗറില്‍ മത്സരിക്കുന്ന നവാബ് മാലിക്കിനെ മന്ത്രിയാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. നവാബ് മാലിക്കിനുവേണ്ടി ഞങ്ങളുടെ പാര്‍ട്ടി പ്രചാരണത്തിന് പോലും ഇറങ്ങില്ല. അതിനാല്‍ ഭരണം ലഭിച്ചാല്‍ അദ്ദേഹത്തെ മന്ത്രിയാക്കുമോയെന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ലെന്ന് പറഞ്ഞ ഫഡ് നാവിസ് നവാബ് മാലിക്കിനെതിരെ മത്സരിക്കുന്ന ശിവസേന സ്ഥാനാര്‍ഥിക്കുവേണ്ടിയാണ് ഞങ്ങള്‍ വോട്ടുചോദിക്കുക എന്നും വ്യക്തമാക്കി.
അതിനിടെ മഹാവികാസ് അഘാഡിയുടെ (എംവിഎ) മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് റാലി നവംബര്‍ ആറിന് മുംബൈയില്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി, എന്‍സിപി (എസ് പി) നേതാവ് ശരദ് പവാര്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ (ബികെസി) നടക്കുന്ന പരിപാടിയില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെ പറഞ്ഞു.
288 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20-നാണ്. നവംബര്‍ ആറിന് രാഹുല്‍ ഗാന്ധി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നത്. രാവിലെ നാഗ് പുരില്‍ നടക്കുന്ന 'സംവിധാന്‍ ബച്ചാവോ' യോഗത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് പട്ടോളെ പറഞ്ഞു.
#MaharashtraElections #Fadnavis #Congress #RahulGandhi #Election2024 #BJP