Allegation | തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെതിരെ 10,000 കോടി രൂപയുടെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്
● സിഎജിക്കും മാധ്യമങ്ങള്‍ക്കും കോടതികള്‍ക്കും വോട്ടര്‍മാര്‍ക്കും ഇത് ഉണര്‍ന്നെണീക്കാനുള്ള ആഹ്വാനം
● ഒരു സര്‍ക്കാറിന് ജനങ്ങളെ കൊള്ളയടിക്കാന്‍ കഴിയുന്ന ഇത്തരമൊരു ധിക്കാരം കഴിഞ്ഞ 75-76 വര്‍ഷങ്ങളില്‍ കണ്ടിട്ടില്ല
മുംബൈ: (KVARTHA) തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെതിരെ 10,000 കോടി രൂപയുടെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. റോഡ് വികസന പദ്ധതികളില്‍ 10,000 കോടി രൂപയുടെ വന്‍ അഴിമതി നടത്തിയെന്നും ഇതിന് ഇലക്ടറല്‍ ബോണ്ടുമായി ബന്ധമുണ്ടെന്നുമാണ് ബിജെപിയുടെ 'മഹായുതി' സര്‍ക്കാരിനെതിരെയുള്ള ആരോപണം. ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുംബൈ അധോലോകം ഭരിച്ചിരുന്ന ഡി- കമ്പനിയുമായി അദ്ദേഹം ബിജെപിയെ താരതമ്യം ചെയ്യുകയും ചെയ്തു. കുട്ടി ക്കാലത്ത് ഡി-കമ്പനിയെ കുറിച്ച് കേള്‍ക്കുമായിരുന്നു. അത് തട്ടിക്കൊണ്ടുപോകുന്നു. ഭീഷണിപ്പെടുത്തുന്നു എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. ഇപ്പോഴിതാ പുതിയൊരു കമ്പനി, ബി-കമ്പനി. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിലുള്ള ബിജെപി മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണ്.
ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പനയിലൂടെ ലഭിക്കുന്ന മൊത്തം ഫണ്ടിന്റെ 13 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. നികുതിദായകരുടെ പണമായ 10,0000 കോടി രൂപ തിരഞ്ഞെടുത്ത കമ്പനികള്‍ക്ക് ഒരു കൈകൊണ്ട് നല്‍കുകയും മറ്റേ കൈകൊണ്ട് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി തിരിച്ചെടുക്കുകയും ചെയ്യുന്നുവെന്നും ഖേര ആരോപിച്ചു.
ഒരു സര്‍ക്കാറിന് ജനങ്ങളെ കൊള്ളയടിക്കാന്‍ കഴിയുന്ന ഇങ്ങനെയൊരു ധിക്കാരം കഴിഞ്ഞ 75-76 വര്‍ഷങ്ങളില്‍ കണ്ടിട്ടില്ല. സിഎജി, മാധ്യമങ്ങള്‍, ജനങ്ങള്‍ എല്ലാവരും ഇതിന്റെ ഉത്തരവാദികളാണ്. നാണക്കേടും ഭയവുമില്ല. പരിശോധനയുമില്ല. സിഎജിക്കും മാധ്യമങ്ങള്‍ക്കും കോടതികള്‍ക്കും മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്കും ഉണര്‍ന്നെണീക്കാനുള്ള ആഹ്വാനമാണിതെന്നും ഖേര പറഞ്ഞു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ ഡെല്‍ഹിയിലോ മുംബൈയിലെ മന്ത്രാലയത്തിലോ ഇരിക്കുന്ന അഴിമതിയില്‍ ഉള്‍പ്പെട്ട ആരും രക്ഷപ്പെടില്ലെന്നും ഖേര പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളെ ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനോ നിതിന്‍ ഗഡ്കരിയോ ഉത്തരവാദിത്തമേറ്റെടുക്കുമോ എന്നും ഖേര ചാദിച്ചു.
ഖേരയുടെ ആരോപണങ്ങള്‍:
മഹായുതി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അഴിമതി നിറഞ്ഞ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ്. അധികാരത്തിലേറിയിട്ടും അവര്‍ അഴിമതിയില്‍ മുഴുകുന്നത് തുടര്‍ന്നു. മോഷ്ടാക്കള്‍ തുരങ്കങ്ങള്‍ തുരന്ന് ബാങ്കുകള്‍ കൊള്ളയടിക്കുന്നു. പലപ്പോഴും കാവല്‍ക്കാരുടെ സഹായത്തോടെ. മഹായുതി സര്‍ക്കാറിന്റെ കീഴില്‍ ചിലത് സംഭവിച്ചു. അതില്‍ ഒന്നാണ് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത 10,000 കോടി രൂപയുടെ വമ്പന്‍ അഴിമതി
പുണെ റിങ് റോഡ് ഇ-1, പുണെ റിങ് റോഡ് ഇ-3, പുണെ റിങ് റോഡ് ഡബ്ല്യു-1, പുണെ റിങ് റോഡ് ഡബ്ല്യു-2, പുണെ റിങ് റോഡ് ഡബ്ല്യു-3, പുണെ റിങ് റോഡ് ഡബ്ല്യു-4, എം.എം.സി-1, എം.എം.സി-9 എന്നിവയാണ് തെറ്റായ രീതിയിലൂടെ നിര്‍മാണം നടത്തിയ പദ്ധതികള്‍.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോര്‍പറേഷന്‍ അടിസ്ഥാന സൗകര്യ പദ്ധതികളുടെ യോഗ്യതാ മാനദണ്ഡം മാറ്റി. എം എസ് ആര്‍ ഡി സിയുടെ തന്നെ മാര്‍ഗരേഖയില്‍ പറയുന്നത് ഒരു കമ്പനിക്ക് രണ്ടില്‍ കൂടുതല്‍ പദ്ധതികള്‍ അനുവദിക്കാനാവില്ലെന്നാണ്. ഇവിടെ രണ്ട് കമ്പനികള്‍ക്കായി എട്ട് പ്രോജക്ടുകള്‍ നല്‍കി. ഒരു കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണച്ചെലവ് ഇരട്ടിയാക്കി. നിര്‍മാണത്തിന്റെ 10 ശതമാനം മാത്രമാണ് തുരങ്കങ്ങള്‍ ഉള്ളത്. എന്നാല്‍, ചില കമ്പനികള്‍ക്ക് അനുകൂലമായി പദ്ധതികള്‍ക്ക് 'ടണല്‍ പ്രോജക്ടുകള്‍' എന്ന് പേരിട്ടു- എന്നും ഖേര ആരോപിച്ചു.
സംസ്ഥാനം തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് നീങ്ങുന്ന സമയത്താണ് അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ കടന്നാക്രമണം. ഏപ്രിലില്‍ സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശിക്കുകയും ദാതാക്കള്‍, സ്വീകര്‍ത്താക്കള്‍, അടച്ച തുക എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
#MaharashtraElections, #BJPCorruption, #CongressAllegations, #RoadProjectsScam, #ElectoralBonds, #10KCrScandal